തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. പേരാവൂർ എം എൽ എ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി തടയാനുള്ള സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും നിയമങ്ങളും സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ വന്നത് കൊണ്ടാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. നാല് കേസുകള്‍ ലോകായുക്തക്ക് മുമ്പില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി പേടിച്ചു. എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും ഒരു മലയാളിയെ കണ്ടാല്‍ നിങ്ങളുടെ നാടിനെ ഇപ്പോള്‍ ഭയമല്ലേ ഭരിക്കുന്നതെന്ന ചോദ്യമാണ് ചോദിക്കുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയം സി.പി.ഐയെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും നിങ്ങള്‍ ആദ്യം കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തൂവെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കാലഹരണപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ നിയമസഭക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി. രാജീവ് സഭയെ അറിയിച്ചു. ലോകായുക്ത നിയമത്തിലെ വിചിത്രമായ വകുപ്പാണ് 14ാം വകുപ്പ്. ഒരു പൊതുപ്രവര്‍ത്തകന്‍ അഴിമതി കാണിച്ചെന്ന് ലോകായുക്തയുടെ വിധി വന്നാല്‍ അപ്പീല്‍ നല്‍കാന്‍ പോലും അവസരമില്ല. രാജ്യത്തൊരിടത്തും ഇല്ലാത്ത ഈ വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്ത ഭേദഗതി ബില്‍ വരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ അടിയന്തര പ്രമേയത്തിന് പകരം നിരാകരണ പ്രമേയം കൊണ്ടു വരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: