ഹൈന്ദവ സമൂഹത്തില്‍ എത്രത്തോളം സാമൂഹിക ദുരാചാരങ്ങള്‍ ഉണ്ടായിരുന്നോ അത്രത്തോളം തന്നെ മുസ്ലിം സമുദായത്തിലും ഉണ്ടായിരുന്നുവെന്ന് നിസംശയം പറയാം. വാസ്തവത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതലായിരുന്നു അത്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദാ ധാരണം നിര്‍ബന്ധിത സമ്പ്രദായം ആയതാണ് കൂടുതല്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പര്‍ദ്ദ സമ്പ്രദായം മുസ്ലിം സ്ത്രീകളെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തി എന്നതാണ് അതിന്റെ അനന്തരഫലം. വരാന്തയിലോ പൂന്തോട്ടത്തിലോ പുറമെയുള്ള മുറികളിലോ ഒന്നും തന്നെ അവര്‍ക്ക് സന്ദര്‍ശനം സാധ്യമായിരുന്നില്ല. വീടിന്റെ പിന്നാമ്പുറങ്ങളിലായിരുന്നു അവരുടെ സ്ഥാനം. യുവതിയാവട്ടെ, വൃദ്ധയാവട്ടെ അവരുടെയെല്ലാം സ്ഥാനം ഒരേ മുറിയിലായി പരിമിതപ്പെടുത്തി. അവരുടെ സാന്നിധ്യത്തില്‍ പുരുഷ ജോലിക്കാര്‍ പണിയെടുക്കാന്‍ പാടില്ല. ആണ് മക്കള്‍, സഹോദരങ്ങള്‍, അച്ഛന്, അമ്മാവന്മാര്, ഭര്‍ത്താവ് അത്തരത്തില്‍ വിശ്വാസയോഗ്യരായ ഏതെങ്കിലും അടുത്ത ബന്ധുവിനെ കാണാന്‍ മാത്രമേ ഒരു മുസ്ലിം സ്ത്രീക്ക് അനുവാദമുള്ളൂ.
അവള്‍ക്ക് മോസ്കുകളില്‍ പോയി പ്രാര്‍ത്ഥന നടത്താന്‍ സാധിക്കില്ല. എവിടെ പോകണമെങ്കിലും ബുര്‍ഖ നിര്‍ബന്ധമായും ധരിക്കണം. ഇങ്ങനെ പര്‍ദ്ദ ധരിച്ച് തെരുവിലൂടെ നടക്കുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ കാണുന്ന ഏറ്റവും അരോചകമായ കാഴ്ചകളില്‍ ഒന്നാണ്. ഇപ്രകാരമുള്ള ഏകാന്ത ജീവിതം മുസ്ലിം സ്ത്രീകളുടെ ശരീരപ്രകൃതിയെ പോലും ക്ഷയിപ്പിച്ചു. വിളര്‍ച്ച, ക്ഷയം, മോണപഴുപ്പ് പോലുള്ള രോഗങ്ങള്‍ക്ക് അവര്‍ ഇരകളായി. പുറം വളഞ്ഞ്, എല്ലുന്തി, കൈകാലുകള്‍ വളഞ്ഞ് അവരുടെ ശരീരം കോലം കെട്ടു. വാരിയെല്ലുകളും സന്ധികളും ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ എല്ലാം വേദന പടരുന്നു. അനിയന്ത്രിതമായ ഹൃദയമിടിപ്പ് ഇവരില്‍ സാധാരണമാണ്. വസ്തിപ്രദേശത്തെ തകരാറുകള്‍ പ്രസവ സമയത്തെ മരണത്തിനും കാരണമാകുന്നു.
പര്‍ദ്ദ മുസ്ലിം സ്ത്രീകളുടെ മാനസികവും ധാര്‍മ്മികവുമായ പരിപോഷണം ഇല്ലാതാക്കുന്നു. ആരോഗ്യകരമായ സാമൂഹിക ജീവിതം നിഷേധിക്കുന്നതിനാല്‍, അവരില്‍ ധാര്‍മ്മികാധഃപതനം അനിവാര്യമാകുന്നു. ബാഹ്യലോകത്തുനിന്നും അകറ്റിനിര്ത്തപ്പെടുന്നതിനാല്, അവരുടെ മനസ്സ് നിസാര കുടുംബ പ്രശ്നങ്ങളില്‍ പെട്ടുഴറുന്നു. ഫലമോ, അവരുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ സങ്കുചിതവും പരിമിതവുമാകുന്നു. മറ്റ് സമുദായത്തിലുള്ള സഹോദരിമാരെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകള്‍ ഏറെ പിന്നിലാണ്. പുറംലോകവുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് പങ്കാളികളാവാന്‍ സാധിക്കില്ല. അടിമത്ത മനോഭാവവും അപകര്‍ഷതാ ബോധവും കൊണ്ട് കനപ്പെട്ടവരാണവര്. വീടിന്റെ നാല് ചുവരുകള്‍ക്കപ്പുറമുള്ള ഒന്നിലും തല്പ്പരരാകാതിരിക്കാനുള്ള പരിശീലനം നല്കപ്പെടുന്നതിനാല് അറിവ് നേടണമെന്ന ആഗ്രഹം അവര്‍ക്കില്ല. ജീവിത സാഹചര്യങ്ങളോട് പോരാടുന്നതില്‍ പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ ഭീരുക്കളും നിസ്സഹായരുമാണ്. ജീവിതത്തില്‍ എന്തിനെങ്കിലും വേണ്ടി പോരാടാന്‍ അശക്തരുമാണവര്‍. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പര്‍ദ ധരിക്കുന്നവര്‍ അനേകം ഉണ്ടെന്നത് ഓര്‍ത്താല്‍, പര്‍ദ്ദ സൃഷ്ടിക്കുന്ന പ്രശ്നത്തിന്റെ വ്യാപ്തിയും ഗൗരവവും മനസ്സിലാക്കാന്‍ സാധിക്കും.
പര്‍ദ്ദ ശാരീരികമായും ധിഷണാപരമായും ഉളവാക്കുന്ന ഫലങ്ങള്‍, സദാചാരപരമായ ഫലങ്ങളെ അപേക്ഷിച്ച് നിസ്സാരമാണ്. ആണ് പെണ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള അഭിലാഷങ്ങളെ സംബന്ധിച്ച ആഴമേറിയ സംശയത്തില്‍ നിന്നാണ് പര്‍ദ്ദാ സമ്പ്രദായം ഉത്ഭവിച്ചത്. ഇരുവിഭാഗങ്ങളെ തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തി നിയന്ത്രിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അത് നിറവേറ്റുന്നതിന് പകരം മുസ്ലിം പുരുഷന്റെ സദാചാര ബോധത്തെ പര്‍ദ്ദ പ്രതികൂലമായി ബാധിച്ചു. വീട്ടിലുള്ള സ്ത്രീകളുമായിട്ടല്ലാതെ, പുറത്തുള്ള സ്ത്രീകളുമായി മുസ്ലീം പുരുഷന് സമ്പര്‍ക്കമില്ല. വല്ലപ്പോഴുമുള്ള സംഭാഷങ്ങള്‍ക്ക് അപ്പുറം അവിടെയുള്ള സ്ത്രീകളുമായി അവര്‍ ഇടകലരുകയോ ചങ്ങാത്തം ഉണ്ടാക്കുകയോ ചെയ്യുന്നില്ല. സ്ത്രീകളെ ഇപ്രകാരം അകറ്റി നിര്‍ത്തുക വഴി പുരുഷന്റെ സന്മാര്ഗികതയെയും അത് ദോഷകരമായി സ്വാധീനിക്കും.
സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്ന സാമൂഹികാചാരം, ലൈംഗിക അതിക്രമങ്ങള്‍, പ്രകൃതി വിരുദ്ധമായതും മറ്റു തരത്തിലുള്ള വൈകൃതങ്ങളും പോലെ അനാരോഗ്യ പ്രവണതകള്‍ ഉളവാക്കുമെന്ന് പറയാന്‍ ഒരു മാനസികാപഗ്രഥന വിദഗ്ധന്റെയും ആവശ്യമില്ല. പര്‍ദ്ദയുടെ ദൂഷ്യഫലം മുസ്ലിം സമുദായത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മുസ്ലിങ്ങളില്‍ നിന്നും ഹിന്ദുക്കളെ സാമൂഹികമായി വേര്‍തിരിക്കും. ഇന്ത്യയുടെ പൊതുജീവിതത്തിന്റെ ശാപമാണിത്. ഈ വാദം അതിശയോക്തിയായി തോന്നാം. ഈ വേര്‍തിരിവിന് കാരണം ഹിന്ദുക്കളുടെ സഹവാസശീലമില്ലായ്മയാണെന്ന് പര്‍ദ്ദയെ അനുകൂലിക്കുന്ന ഒരാള്‍ ആരോപിച്ചേക്കാം. അത്തരം സാമൂഹിക സമ്പര്‍ക്കം അസാധ്യമാണെന്ന് ഹിന്ദുക്കള്‍ പറയുന്നത് ശരിയാണ്.
പര്‍ദ്ദയും അതുമൂലമുണ്ടാകുന്ന തിന്മകളും ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്നില്ല എന്നല്ല പറഞ്ഞത്. മുസ്ലിങ്ങള്‍ക്കിടയില്‍ പര്‍ദ്ദയ്ക്ക് മതപരത പറയപ്പെന്നുണ്ടെങ്കിലും ഹിന്ദുക്കള്‍ക്കിടയിലെ സ്ഥിതി അതല്ല എന്നൊരു വ്യത്യാസമുണ്ട്. പര്‍ദ്ദയ്ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വേരുകളുണ്ട്. മതപരമായ അനുശാസനങ്ങളും സാമൂഹികമായ ആവശ്യങ്ങളും തമ്മിലുള്ള അനിവാര്യമായ സംഘട്ടനത്തെ നേരിട്ടുകൊണ്ടുമാത്രമേ മുസ്ലിം സമുദായത്തിനിടയിലുള്ള പര്‍ദ്ദ മാറ്റാന്‍ കഴിയൂ. പര്‍ദ്ദയുടെ പ്രശ്നം മുസ്ലിമിനെ സംബന്ധിച്ച് യഥാര്‍ത്ഥ പ്രശ്നമാണ്- അതിന്റെ ഉത്ഭവം മാറ്റിനിര്‍ത്തിയാലും. ഹിന്ദുക്കളുടെ സ്ഥിതി അതല്ല. പര്‍ദ്ദ ഉപേക്ഷിക്കാനുള്ള ഏതെങ്കിലുമൊരു ശ്രമം മുസ്ലീങ്ങള്‍ നടത്തി എന്നതിന് തെളിവുകളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: