കൊട്ടാരക്കര: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ബാപ്പുജി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ എം. മനേഷ് കുമാര്‍ സ്മാരക പ്രഥമ കയ്യൊപ്പ് മലയാളം പുരസ്കാരത്തിന് പാലക്കാട് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ശ്രീവര്‍ഷ ജെ.ആര് അര്‍ഹയായി.
ബാപ്പുജി സ്മാരക വായനശാല രക്ഷാധികാരിയും പ്രശസ്ത മലയാളം സാഹിത്യകാരനുമായ എം. മുകുന്ദന് ആണ് നൂറോളം എന്‍ട്രികളില്‍ നിന്ന് മികച്ച കയ്യൊപ്പ് തെരഞ്ഞെടുത്തത്.
നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ പ്രശസ്ത നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ കാളിദാസ്, പുതുമന സ്കൂളില്‍ നടത്തിയ മലയാളം കയ്യൊപ്പ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനാര്‍ഹ ആയതോടെയാണ് കയ്യൊപ്പ് മലയാളത്തില്‍ മതിയെന്ന് ശ്രീവര്‍ഷ തീരുമാനിച്ചത്. നല്ലേപ്പിള്ളി വിവേകാനന്ദ വായനശാലയാണ് മലയാള ഭാഷയോട് തനിക്കുള്ള പ്രിയം വര്‍ധിപ്പിച്ചതെന്ന് ശ്രീവര്‍ഷ പറഞ്ഞു. ചിത്രം വരയ്ക്കാനും വായിക്കാനും ഏറെ ആഗ്രഹിക്കുന്ന ശ്രീ വര്‍ഷയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. ഫിസിക്സ് അധ്യാപികയാവുക എന്നതാണ് ജീവിതലക്ഷ്യം.
പുരസ്കാരവും സമ്മാനമായ 5000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മാര്‍ച്ച് ആദ്യവാരം ബാപ്പുജി സ്മാരക വായനശാല ഭാരവാഹികള്‍ ഗവ. വിക്ടോറിയ ഹയര്‍സെക്കന്ററി സ്കൂളിലെത്തി സമ്മാനിക്കും. പാലക്കാട് നല്ലേപ്പിള്ളി വടക്കന്തറ വീട്ടില്‍ കെ. ജയപ്രകാശ്-പി.രാജേശ്വരി ദമ്പതികളുടെ മകളാണ് ശ്രീവര്‍ഷ. സഹോദരന് വൈശാഖ് ജെ.ആര് നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുംകുളത്തെ വിവിധ ജനോപകാരപ്രദ സംഘടനകളില്‍ സജീവാംഗമായിരുന്ന പ്ലാത്തറ എം മനേഷ് കുമാറിന്റെ ഓര്‍മയ്ക്കായാണ് മത്സരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: