ന്യൂദല്‍ഹി: ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. ട്വിറ്ററില്‍ കുറിച്ച നീണ്ട പോസ്റ്റിലാണ് സൈറ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പരമ്പരാഗത സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് ദംഗല്‍ നായിക കുറിപ്പില്‍ വ്യക്തമാക്കി.
ഇസ്ലാമില്‍ ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്പിച്ച ഒരു കടമ നിറവേറ്റുന്നു സൈറ വസീം കുറിപ്പില്‍ എഴുതി. നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതില്‍ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നതായും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ അനീതി ശരിയല്ല. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണോ ഹിജാബ് വേണോ എന്നത് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അനീതിയാണെന്നും സൈറ പറഞ്ഞു. ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് സങ്കടകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മോശമാണെന്നും സൈറ വസീം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
2016 ല്‍ ആമിര്‍ഖാനോടൊപ്പം അഭിനയിച്ച ‘ദംഗല്‍’ ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. 2017 ല്‍ ആമിറിനൊപ്പം തന്നെ അഭിനയിച്ച ‘സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍’ എന്ന ചിത്രവും വന്‍ വിജയമായി. എന്നാല്‍ തനിക്ക് സിനിമ മേഖലയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് 2019ല്‍ സൈറ പറഞ്ഞിരുന്നു. തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു ഇവര്‍ കാരണമായി പറഞ്ഞത്. ഒപ്പം തന്റെ പഴയ ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: