തൃശ്ശൂര്‍: കോടതികളില്‍ ഇ-ഫയലിങ് സംവിധാനം നിര്‍ബന്ധമാക്കിയതിനെതിരെ അഭിഭാഷകര്‍ രംഗത്ത്. കോടതികളില്‍ ഹര്‍ജികളും അപ്പീലുകളുമെല്ലാം ഓണ്‍ലൈനിലൂടെയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കിയ ഇ-ഫയലിങ് കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. അഭിഭാഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവിദ്യാപരവുമായ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന സംവിധാനം ജനങ്ങളെ തന്നെയാണ് കൂടുതലായും ബാധിക്കുന്നത്.
പെറ്റിക്കേസടക്കം ഇ-ഫയലിങ് നടത്തേണ്ടി വരുന്നത് അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇ-ഫയലിങ് വന്നപ്പോള്‍ അഭിഭാഷകര്‍ ഫയല്‍ ചെയ്യുന്നതിനുള്ള തങ്ങളുടെ ഓരോ വക്കാലത്ത് അന്യായം, പത്രിക, ഹര്‍ജി, എതിര് സത്യവാങ്മൂലം, അസല്‍ ഹര്‍ജി തുടങ്ങിയവയും ഓരോ പ്രമാണങ്ങളും പ്രത്യേകമായി സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇതിനുവേണ്ടി വരുന്ന സാങ്കേതികമായ പ്രശ്നങ്ങളും അതു നിമിത്തം വേണ്ടി വരുന്ന അനാവശ്യമായ അധിക സമയവും കോടതികളിലെ സെര്‍വറുകളുടെ ശേഷിക്കുറവും ഇ-ഫയലിങിന്റെ പ്രധാന പ്രശ്നങ്ങളാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ട് മണിക്കൂറുകളെടുത്താണ് ഇ-ഫയലിങ് നടത്താനാകുന്നതെന്ന് കോടതി ജീവനക്കാര്‍ പറയുന്നു. വൈദ്യുതി തടസം, നെറ്റ് പ്രശ്നം എന്നിവയും ഇ-ഫയലിങിനെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവിഭാഗത്തിലുള്ള അഭിഭാഷകരും സാങ്കേതികവിദ്യാ ശേഷിയില്‍ പിന്നോക്കം നില്ക്കുന്ന പ്രായം കൂടിയവരും അല്ലാത്തവരുമായ അഭിഭാഷകരും ഇ-ഫയലിങ് സംവിധാനത്തില്‍ പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
ഇ-ഫയലിങ് നടത്തുവാന്‍ വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇത് കാരണമാകുന്നുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. ഇപ്പോഴത്തെ ഇ-ഫയലിങ് സംവിധാനം അഭിഭാഷകരുടെ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവര്‍ അവരുടെ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ അത് ജനങ്ങളുടെ ചുമലിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കേസിലെ ഇ-ഫയലിങ് ഉണ്ടാക്കുന്ന അഭിഭാഷകരുടെ അധിക ചെലവ് ജനങ്ങളുടെ തലയില്‍ തന്നെ വരുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.
ഇ-ഫയലിങ്ങ് കൂടുതല്‍ അഭിഭാഷക സൗഹൃദമാവേണ്ടതുണ്ട്. കോടതിയില്‍ നേരില്‍ കൊണ്ടു പോയി കേസ് ഫയല്‍ ചെയ്യുമ്പോഴുണ്ടാവുന്ന നേട്ടങ്ങള്‍ കൂടി ലഭിക്കുന്ന രീതിയില്‍ ഇ-ഫയലിങ് രീതി പരിഷ്കരിക്കണം. ഇ-ഫയലിങ് നടത്താന്‍ ശേഷിയും സാഹചര്യവുമുള്ള അഭിഭാഷകര്‍ക്ക് അപ്രകാരം ചെയ്യുന്നതിനും അതിനുള്ള ശേഷിയും സാഹചര്യവും ഇല്ലാത്ത അഭിഭാഷകര്‍ക്ക് മുമ്പുള്ളതു പോലെ കടലാസുകളില്‍ തങ്ങളുടെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും അവസരം നല്‍കുകയാണ് ചെയ്യേണ്ടതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇ-ഫയലിങ് നിര്‍ബന്ധമാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീല്‍ ഗുമസ്തന്മാര്ക്കാണ് തൊഴില്‍ നഷ്ടമാവുകയെന്ന് കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്സ് അസോസിയേഷന് പറയുന്നു.
ന്യൂനതകള്‍ പരിഹരിക്കുന്നത് വരെ ഇ-ഫയലിങ്ങ് പിന്‍വലിക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഇ-ഫയലിങ്ങില്‍ മതിയായ അവബോധം ലഭിച്ചിട്ടില്ല. പരിജ്ഞാനം ഉണ്ടാകുന്നതു വരെ കീഴ്ക്കോടതികളില്‍ ഇ-ഫയലിങ്ങ് നിര്‍ബ്ബന്ധമാക്കരുത്. ഇ-ഫയലിങ്ങ് പല പ്രാവശ്യം നടത്തിയിട്ടും കേസുകള്‍ കോടതി സെര്‍വറുകളില്‍ എത്തുന്നില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നടക്കുന്നില്ല. അഫിഡവിറ്റുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ നേരത്തെ ഫയല്‍ ചെയ്ത കേസുകള്‍ നിരസിക്കാത്തതിനാലാണ് പോരായ്മകള്‍ പരിഹരിക്കാനാവാത്തത്. ദിവസങ്ങളോളം പലവിധത്തില്‍ ശ്രമിച്ചിട്ടും ഇ-ഫയലിങ്ങ് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: