ന്യൂദല്‍ഹി: ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ വീണ്ടും നിര്‍ദ്ദേശം. കീവിലെ ഇന്ത്യന്‍ എംബസിയാണ് ഇന്നലെ വീണ്ടും ഈ നിര്‍ദ്ദേശം നല്‍കിയത്. ഉക്രൈനിലെ യുദ്ധസാഹചര്യം കൂടുതല്‍ വഷളായതിനാലാണിത്. ഉക്രൈനിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനാല്‍, അവിടെ തങ്ങേണ്ടത് അത്യാവശ്യമല്ലാത്തവരെല്ലാം താത്കാലികമായി മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും യാത്രയ്ക്ക് പ്രയോജനപ്പെടുത്താം. ചാര്‍ട്ടര്‍ ഫ്ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരാറുകാരുമായി ബന്ധപ്പെടണമെന്നും എംബസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങള്‍ക്കായി എംബസിയുടെ ഫെയ്സ്ബുക്ക്, വെബ്സൈറ്റ്, ട്വിറ്റര്‍ എന്നിവ പിന്തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉക്രൈന് വിടാന്‍ ഫെബ്രുവരി 15നും ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഉക്രൈനിലുള്ളവരുടെ വിശദവിവരങ്ങള്‍ കൈമാറാനും എംബസി നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിനായി എംബസിയില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ദല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തില്‍ കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍വ്വീസ് നടത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാനങ്ങളുടെ എണ്ണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കിയിരുന്നു.
22, 24, 26 തീയതികളില്‍ ഇന്ത്യക്കും ഉക്രൈനും ഇടയില്‍ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ബോറിസ്പില് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക. എയര്‍ ഇന്ത്യ ബുക്കിങ് ഓഫീസുകള്‍, വെബ്സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ബുക്കിങ് ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
റഷ്യന്‍ ആക്രമണം ഏത് നിമിഷവുമെന്ന് അമേരിക്ക
ഉക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഏത് നിമിഷവും സംഭവിക്കാമെന്ന് അമേരിക്ക. റഷ്യയുടെ അറുപത് ശതമാനം സൈനികശേഷി അതിര്ത്തികളിലെത്തിയാല് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് റഷ്യ അവരുടെ കരസേനയുടെ അറുപത് ശതമാനം സൈനികരെയും അതിര്ത്തികളിലെത്തിച്ചിട്ടുണ്ട്. ഇതോടെയാണ് റഷ്യന്‍ ആക്രമണം ഏത് നിമിഷവുമെന്ന നിലപാടിലേക്ക് അമേരിക്കയെത്തിയത്. സ്ഥിതി ഗുരുതരമായതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗവും വിളിച്ചുച്ചേര്‍ത്തു.
ഉക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കിയുമായി നിരന്തരം ചര്‍ച്ച നടത്തുകയാണ് ബൈഡന്. ജി 7 ഉച്ചകോടിയിലും റഷ്യന്‍ നീക്കത്തെ അമേരിക്ക അപലപിച്ചു. പിന്നോട്ടു പോകുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നില്ലെന്നും അതിര്‍ത്തികളില്‍ ആശങ്കയുയര്‍ത്തുകയാണ് റഷ്യയെന്നും ഉച്ചകോടിയില്‍ വിദേശമന്ത്രിമാര്‍ പ്രതികരിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഫ്രാന്‍സും ജര്‍മ്മനിയും പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കര്‍ശനമായും നാട്ടിലെത്തണമെന്ന് അറിയിച്ചിരുന്നില്ല. പിന്നോട്ടുപോകുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നില്ലെന്നും അതിര്‍ത്തികളിലേക്ക് യുദ്ധോപകരണങ്ങള്‍ കൂടുതലായി എത്തിക്കുകയാണ് റഷ്യയെന്നും ബ്രിട്ടനും പ്രതികരിച്ചു. ഇതിനിടെ ഉക്രൈന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇന്നലെയും പലായനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: