തൃശൂർ : മണ്ണുത്തി വെറ്ററിനറി കോളേജിന്റെ നേതൃത്വത്തിൽ താറാവുകളിൽ കണ്ടുവരുന്ന രോഗബാധക്കായി വികസിപ്പിച്ചെടുത്ത പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വാക്സിൻ കുത്തിവച്ച താറാവുകളെ പരീക്ഷണാടിസ്ഥാനത്തിൽ അരിമ്പൂർ പഞ്ചായത്തിൽ വിതരണം ചെയ്തു. താറാവുകളിൽ കണ്ടു വരുന്ന റെയ്‌മറെല്ല രോഗത്തിനുള്ള മൂന്ന് വാക്സിനുകളാണ് വെറ്ററിനറി കോളേജിലെ അസി. പ്രൊഫ. ഡോ. പ്രിയ പി.എം. പന്ത്രണ്ട് വർഷത്തെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. താറാവുകൾ കഴുത്ത് തൂങ്ങി തീറ്റ കഴിക്കാതെ കാലുകൾ പിണഞ്ഞ് ശേഷി കുറഞ്ഞ് വീണ് ചാകുന്ന രോഗമാണ് റെയ്‌മറെല്ല .
Inactivated vaccine, Montanide adjuvant inactivated vaccine, subunit vaccine എന്നിവയാണ് താറാവുകളിൽ കുത്തി വച്ച് പരീക്ഷിക്കുന്നതിനായി കർഷകർക്ക് പ്രോത്സാഹനമായി നൽകിയത്. ഇതിനായി രണ്ടായിരം താറാവുകളെ മൂന്ന് ഗ്രൂപ്പായി തരം തിരിച്ച് ഓരോ ഗ്രൂപ്പിലും ഓരോ വാക്സിനാണ് താറാവുകളുടെ പ്രതിരോധ ശേഷി പരിശോധിക്കാനായി പ്രയോഗിച്ചിട്ടുള്ളത്.
ഒരു മാസം പ്രായമായ താറാവുകളെയാണ് കർഷകർക്ക് നൽകിയത്. അഞ്ചു മാസക്കാലം ഇവയുടെ വളർച്ചയും പ്രതിരോധ ശേഷിയും വെറ്ററിനറി കോളേജിലെ സംഘം പരിശോധിക്കും. അരിമ്പൂർ പഞ്ചായത്തിലെ എൻ.ഐ.ഡി റോഡ്, കപ്പൽ പള്ളി, തേമാലിപ്പുറം പ്രദേശങ്ങളിലാണ് താറാവുകളെ വിതരണം ചെയ്തത്. വെറ്ററിനറി കോളേജ് അസി. പ്രൊഫ. ഡോ. പ്രിയ പി.എം. നേതൃത്വം നൽകി. വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥ്, ഡോ.എം. മിനി, ഡോ.ബിനു കെ.മാണി, ഡോ. സൂര്യ ശങ്കർ, അരിമ്പൂർ പഞ്ചായത്തംഗം സി.പി. പോൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷത്തേക്ക് പ്രൊജക്റ്റിനായി വേണ്ടി വരുന്ന 18.5 ലക്ഷം നബാർഡാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: