യോഗി ആദിത്യനാഥിനെ പച്ചയ്ക്ക് കിട്ടിയാല്‍ രുചിയോടെ കടിച്ചു മുറിച്ചു തിന്നാന്‍ പാകത്തില്‍ ചില ആളുകള്‍ നില്‍ക്കുന്നുണ്ട്. അത് യോഗിയോടുള്ള വ്യക്തിവിദ്വേഷമാവാന് തരമില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തോടും സംസ്കാരത്തോടുമുള്ള എതിര്‍പ്പാണ്. എങ്ങനെ വീണാലും നാലു കാലില്‍ കുത്തി നില്ക്കുന്ന മനോഭാവമുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവിടെ യുക്തിക്കോ വസ്തുതയ്ക്കോ സ്ഥാനമില്ല.
കഷ്ടിച്ച് മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള ഠാ വട്ടമാണ് കേരളം. ആ കേരളത്തില്‍ പിറന്നതില്‍ നാം അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, ഈ കേരളത്തിന്റേതായി എന്തുണ്ട് എന്ന് ചോദിച്ചാല്‍ ‘ദൈവത്തിന്റെ സ്വന്തം രാജ്യ’മാണ് എന്ന പൊങ്ങച്ചമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ എന്ന് നിഷ്പക്ഷമായി ആലോചിക്കുക. ബോംബേറും പീഡനവും ചതിയും വഞ്ചനയും ബജറ്റിലെ വകയിരുത്തല്‍ ചെലവാക്കാതിരിക്കലും മഹാമാരിക്കാലത്ത് കോടികള്‍ മരുന്നായും കൈയുറയായും അടിച്ചു മാറ്റല്‍, ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് ലക്ഷങ്ങള്‍ നല്‍കിയതിന്റെ കണക്ക് ഇല്ലാതിരിക്കല്‍ തുടങ്ങിയവ അല്ലാതെ മറ്റെന്താണ് അഭിമാനാര്‍ഹമായിട്ടുള്ളത്. നേരെ ചൊവ്വെ സമാധാനപൂര്‍വം അവനവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റുന്നുണ്ടോ? ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവിക്കാന്‍ വഴി തേടുമ്പോള്‍ തൊഴിലാളി യൂണിയന് മുഷ്കിനു മുന്നില്‍ ഇടറിവീഴുന്ന എത്രയെത്ര പാവങ്ങളുടെ കണ്ണീരാണ് ഭാരതപ്പുഴയിലൂടെയും വളപട്ടണം പുഴയിലൂടെയും പെരിയാറിലൂടെയും മണിമലയാറ്റിലൂടെയും ഒഴുകുന്നത്. പുറംപൂച്ചിന്റെ വര്ണക്കമ്പളമിട്ട കാന്‍സര്‍ ബാധിച്ച സ്ഥലമായി കേരളം മാറിയെന്ന വസ്തുത വേദനയോടെ തന്നെ നാമോര്‍ക്കണം. നമ്മുടെ അഭിമാനം ഉയരണമെങ്കില്‍ അതിനുതകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും വേണം. അല്ലാതെ വസ്തുത ചൂണ്ടിക്കാണിക്കുന്നവര്‍ക്കു നേരെ കുരച്ചുചാടിയിട്ട് കാര്യമില്ല.
ഇവിടം ഭരിച്ചവര്‍ ആരെന്ന് എല്ലാവര്‍ക്കുമറിയാം. ഇടതും വലതും ഓതിരം കടകംവെട്ടി ഈ നാടിന്റെ സ്വത്തും സ്വത്വവും തകര്‍ത്തെങ്കില്‍ അത് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് സമാഹരിക്കുകയാണ് വേണ്ടത്. അങ്ങനെയാണ് യോഗിക്കും മറ്റുള്ളവര്‍ക്കും മറുപടി കൊടുക്കേണ്ടത്. ഈ കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയും യോഗിയുടെ നാട്ടിലെ അവസ്ഥയും കമ്യൂണിസ്റ്റുകാരനായ പാലാ അച്ചായന് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.ഇതിനകം വൈറലായ ആ മറുപടിയാണ് കേരളരാജ്യം ഭരിക്കുന്നവരോടും പറയാനുള്ളത്.
അതിതാ:
പ്രിയപ്പെട്ട മലയാളീസ്, ഞാന്‍ എബിന് ജോസ്. ആര്‍ക്കും ഒരു ഉപദ്രവവുമില്ലാത്ത പാലാക്കാരന്. യോഗിയുടെ യുപിയാണോ, പിണറായി സഖാവിന്റെ കേരളമാണോ കേമം എന്ന വാദം കത്തിനില്‍ക്കുകയാണല്ലോ? എന്റെ കുടുംബത്തില്‍ പാരമ്പര്യമായി തന്നെ പകുതിയോളം ആളുകള്‍ കേരള കോണ്‍ഗ്രസുകാരാണ്. ഞാനുള്‍പ്പെടുന്ന ബാക്കി പകുതി ഉറച്ച കമ്മ്യൂണിസ്റ്റ്കാരുമാണ്. 13 വര്‍ഷം മുമ്പ്, എന്റെ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയും ഗതികേടും കാരണം അനിയത്തിയുടേയും അളിയന്റേയും കൂടെ യുപിയിലേക്ക് പോകേണ്ടി വന്നു. ആദ്യത്തെ രണ്ട് വര്‍ഷം, എന്റെ കോട്ടയം ഇടയ്ക്ക് കാണാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. വര്‍ഷത്തില്‍ നാലും അഞ്ചും തവണ ഞാന്‍ നാട്ടില്‍ വന്നുപോയി! നട്ടും ബോള്‍ട്ടും നിര്‍മ്മിക്കുന്ന കമ്പനിയിലായിരുന്നു ആദ്യ രണ്ട് വര്‍ഷം; പിന്നീട് അത് പഞ്ചസാര മില്ലിലേക്ക് മാറി. ഹെല്‍പ്പറായി, പ്രധാന ജോലിക്കാരനായി, ഇപ്പോള്‍ ആറ് വര്‍ഷമായി സൂപ്പര്‍ വൈസറാണ്. പാലായുടെ സ്വന്തം മാണിസാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അവസാനമായി നാട്ടില്‍ വന്നത്. മലയാളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു ഹിന്ദിക്കാരി’ യെ കെട്ടി യുപിയില്‍ സ്ഥിരമാക്കി. അവിടെ എനിക്ക് വോട്ടുണ്ടെങ്കിലും ചെയ്യാന്‍ പോകാറില്ല. മറ്റൊന്നും കൊണ്ടല്ല, യുപി എന്ന സ്വര്‍ഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കിയതില്‍ പിന്നെ, കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തിട്ടില്ല. കമ്മ്യൂണിസം രക്തത്തില്‍ അലിഞ്ഞതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. അപ്പോള്‍ പിന്നെ, തല്ക്കാലം വേണ്ടെന്ന് വെച്ചു. മലയാളി പൊളിയാണ് എന്ന് നമ്മള് പറയാറുണ്ട്! അതുപോലെ ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളിയുണ്ട് എന്ന് നമ്മള് അഭിമാനത്തോടെ പറയാറുണ്ട്. പക്ഷെ സുഹൃത്തുക്കളെ, കേരളത്തില്‍ കഞ്ഞിയെങ്കിലും കുടിക്കാനുള്ള വക ഉണ്ടായിരുന്നുവെങ്കില്‍ മലയാളി, സ്വന്തം ഭാര്യയെയും, മക്കളേയും തനിച്ചാക്കി ഇങ്ങനെ പിച്ച തെണ്ടേണ്ടി വരുമായിരുന്നില്ല എന്ന സത്യം നാം
തിരിച്ചറിയണം. മലയാളിക്ക് ബുദ്ധിയുണ്ട്, വിവേകമുണ്ട്, സംസ്കാരമുണ്ട്. പക്ഷെ, ഒരു പണിയുമില്ലാത്ത യുവാക്കളുടെ എണ്ണം പെരുകി വരികയാണ്. കാരണം അവിടെ കേരളത്തില്‍ ഒരു വ്യവസായമില്ല; കൃഷിയില്ല; വിദ്യാഭ്യാസം തേടിപ്പോകുന്ന പോലെ തന്നെ ജോലി തേടിയും ആളുകള്‍ അലയുകയാണ്. ശ്രീവിവേകാനന്ദന്‍ പറഞ്ഞപോലെ ഇത് ഭ്രാന്താലയം തന്നെയാണ്. ഞാന്‍ മാത്രമാണ് ശരിയെന്നും കേരളമല്ലാതെ മറ്റൊരു ലോകമില്ലെന്നും വിശ്വസിച്ച് ജീവിക്കുന്ന മണ്ടന്‍ മലയാളിയുടെ സ്വന്തം ഭ്രാന്താലയം. കേരളത്തെ പോലെ ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങളില്ല. ലൈംഗിക പീഡനങ്ങളില്ല. ഗുണ്ടാവിളയാട്ടമില്ല. കാരണം, യോഗി വന്ന ശേഷം 2500ലധികം ക്രിമിനലുകളാണ് അകത്തായത്. അവരെ പുറത്തിറക്കാന്‍ ഒരു രാഷ്ട്രീയക്കാരനും വക്കാലത്തുമായി ഇതുവരെ വന്നിട്ടില്ല. യോഗി അധികാരത്തിലിരിക്കുന്ന കാലത്തോളം വരികയുമില്ല. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഉള്ളതിനാ
ല്‍ ജോലി തേടി പുറത്ത് പോകേണ്ട ഗതികേട് യുപിക്കാര്ക്കില്ല. കൊടികുത്തി പൂട്ടിക്കാന്‍ ധൈര്യമുള്ള ഒരുത്തനും യുപിയുടെ മണ്ണില്‍, യോഗി ഉള്ള കാലം വരെ കാലു കുത്തില്ല; അതുറപ്പാണ്. ലോട്ടറിയും കള്ളും, ഗള്‍ഫ് പണവും അമ്പലവരുമാനവുമില്ലെങ്കില് പിണറായി സഖാവ് വരെ പിച്ചയെടുക്കേണ്ടി വരും. 25 കോടിയിലധികം ജനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് യുപി. ആരൊക്കെ എന്തൊക്കെ പ്രതിരോധം ഏര്‍പ്പെടുത്തിയാലും സ്വന്തമായി ജീവിച്ചു പോകാന്‍ മാത്രം വരുമാനവും, കൃഷി സമ്പത്തുമുള്ള ഇന്ത്യയിലെ തന്നെ രണ്ടേ രണ്ട് സംസ്ഥാനങ്ങളാണ് യുപിയും ഗുജറാത്തും. നാളെ ഒരു സ്വന്തം രാജ്യമായി വേര്‍തിരിക്കപ്പെട്ടാല്‍ പോലും അവര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. ആന്ധ്രയില്‍ നിന്ന് അരിയും തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയും,യുപിയില്‍ നിന്ന് പഞ്ചസാരയും പഞ്ചാബില്‍ നിന്ന് ഗോതമ്പും വരവ് നിന്നാല്‍ കേരളം പട്ടിണി കിടന്ന് ചാവും! യുപി എന്ന ആനയേക്കാള്‍ വലുതാണ്;കേരളമെന്ന അണ്ണാന്‍കുഞ്ഞ് എന്ന് ഒരു പക്ഷെ, മലയാളികള്‍ക്ക് തോന്നിയേക്കാം. അത് കേരളമെന്ന മതില്കെട്ടില് നിന്ന് പുറത്തുകടക്കാത്തത് കൊണ്ടാണ്. കൂടാതെ, അന്ധമായ രാഷ്ട്രീയ വിരോധവും. വെറും മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞും എണ്‍പത്തി അയ്യായിരം രൂപയ്ക്ക് മുകളില്‍ കടബാധ്യതയുമായാണ് ഭൂമിയിലേക്ക് കടന്നുവരുന്നത് .ഈ ബാധ്യത ഇക്കാലമത്രയും കേരളം ഭരിച്ചവര്‍ ഉണ്ടാക്കിവെച്ചതാണ്. മറ്റാര്‍ക്കും ഇതില്‍ പങ്കില്ല. ഓര്‍ക്കുക കേരളം വട്ടപ്പൂജ്യമാണ്.” നെടുനീളന്‍ തള്ളില്‍ ‘ ഒഴികെ’.
ഇങ്ങനെയാണ് എബിന് പറഞ്ഞവസാനിപ്പിക്കുന്നത്.ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെ പറയും. അതുകൊണ്ടാണ് പതിവില്ലാതെ സോഷ്യല്‍ മീഡിയയെ അങ്ങനെ തന്നെ’ കട്ട് പേസ്റ്റ് ‘ചെയ്തത്.
അപ്പോ കാര്യങ്ങള്‍ ഒരു വഴിയ്ക്കായി എന്ന് കൃത്യമായി മനസ്സിലായല്ലോ. ആയതിനാല്‍ ബഹുമാനിതരേ വെറുതെ വായിട്ടലയ്ക്കാതെ മേലനങ്ങി പണിയെടുക്കിന്‍, പണിയെടുക്കുന്നവരെ തടയാതിരിക്കിന്, വയറ്റുപ്പിഴപ്പിന്റെ രാഷ്ട്രീയം വേമ്പനാട്ടുകായലിലെ പഴുക്കാനി
ലയില്‍ ഉപേക്ഷിക്കിന്. ആഴം കൂടുതലാണ് അവിടെ എന്ന് കേട്ടിട്ടുണ്ട്. അതാണ് അവിടെ ഉപേക്ഷിക്കാന്‍ പറഞ്ഞത്. വേമ്പനാട്ടുകായലിനെ പൊന്നുപോലെ നോക്കുന്നവര്‍ ഉദ്ദേശ്യശുദ്ധിയ്ക്കു മാപ്പുതരണേ.
*നേര്‍മുറി*
വധശിക്ഷ ലഭിച്ച 38 ഭീകരരില്‍ മൂന്നു മലയാളികളും -വാര്‍ത്ത
നമ്പര്‍ വണ്‍ കരളത്തിന് അഭിമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: