ഇന്ന് ലോക മാതൃഭാഷാദിനം. നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അതിന്റെ പരിപോഷണത്തിനായി പുനരര്‍പ്പണം ചെയ്യാനുള്ള ദിനം.
ആചരണങ്ങളുടെ ഉദ്ദേശ്യം മറക്കുകയും അവയെ ചടങ്ങുകള്‍ മാത്രമാക്കുകയും ചെയ്യുന്നതാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. എല്ലാ കൊല്ലവും നവംബറില്‍ സംസ്ഥാനത്തെങ്ങും മലയാളഭാഷാദിന, വാരാചരണങ്ങള്‍ ഉണ്ടാകും. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം നേരിടുന്ന അവഗണന, ഭരണതലത്തിലും പാഠ്യപദ്ധതിയിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ, മാതൃഭാഷ പുതുതലമുറക്ക് അപരിചിതമായിക്കൊണ്ടിരിക്കുന്ന സ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ അപ്പോള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഭാഷാസ്‌നേഹവും അഭിമാനവും വളരേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന ഒട്ടേറെ രചനകള്‍ ആനുകാലികകളില്‍ വരും. പിന്നെ ആവേശം തണുക്കുന്നു; എല്ലാം പഴയപടി ആകുന്നു. ലോക മാതൃഭാഷാദിനാചരണം ഈ പതിവിന് മാറ്റം വരുത്തുമെന്നും സാര്‍ത്ഥകമായ തുടര്‍നടപടികള്‍ക്ക് പ്രേരകമാകുമെന്നും ആശിക്കാം.
ഭരണഭാഷ എല്ലാ തലങ്ങളിലും മലയാളമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് ദശാബ്ദങ്ങളായെങ്കിലും ഇനിയും ഫലവത്തായിട്ടില്ല. ഉദ്യോഗസ്ഥ സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ അനാസ്ഥയും ഭരണകൂടത്തിന്റെ നിസ്സംഗതയുമാണ് കാരണങ്ങള്‍. ഇത് ജനങ്ങള്‍ക്ക് ക്ലേശം മാത്രമല്ല, മാതൃഭാഷയോട് അവര്‍ക്കുള്ള മനോഭാവത്തില്‍ മാറ്റവുമുണ്ടാക്കുന്നു. ഏത് തലത്തിലായാലും മാതൃഭാഷ നേരിടുന്ന അവഗണന സാമൂഹികാപചയത്തിനിടയാക്കും. ഭാഷാസ്‌നേഹികളുടെ നിരന്തര സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് അടുത്തകാലത്താണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചത്. അവയെല്ലാം പ്രാവര്‍ത്തികമാകുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
അക്ഷരമാല പുറത്ത്
ഭരണരംഗത്തെപോലെ പാഠ്യപദ്ധതിയിലും മലയാളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. സ്‌കൂള്‍ പാഠ്യപദ്ധതിയിലെ പരിഷ്‌കരണംകൊണ്ട് മേലാസകലം അടിയേറ്റത് മലയാളത്തിനാണ്. കുട്ടികളുടെ മലയാളപഠന നിലവാരത്തെ അതു കാര്യമായി ബാധിച്ചു. അക്ഷരമാല, വാക്ക്, വാക്യം എന്ന ക്രമത്തിലുള്ള ഭാഷാപഠനം ഒട്ടും ശാസ്ത്രീയമല്ലെന്ന കണ്ടുപിടിത്തത്തെത്തുടര്‍ന്ന് ആ രീതി സ്‌കൂളുകളില്‍ ഉപേക്ഷിച്ചു. അക്ഷരത്തില്‍നിന്ന് ആശയത്തിലേക്കല്ല, ആശയത്തില്‍നിന്ന് അക്ഷരത്തിലേക്കാണ് പുതുപഠിതാക്കള്‍ പോകേണ്ടതെന്ന് വിദഗ്ധര്‍ നിശ്ചയിച്ചു. അക്ഷരമാല പഠിക്കാതെ വാക്കു വായിക്കാനും അതിന്റെ അര്‍ത്ഥം മനസിലാക്കാനും കഴിയുന്ന ചിത്രലിപിയാണു വേണ്ടതത്രെ. ആവര്‍ത്തിച്ചുള്ള ചൊല്ലലോ എഴുത്തോ ആവശ്യമില്ല. കൈയക്ഷരത്തില്‍ കാര്യമില്ല- ഇവയെല്ലാമായിരുന്നു പുതു പഠനക്രമത്തിന്റെ സവിശേഷതകള്‍. നിസ്സഹായരായ അധ്യാപകര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
2009 ലാണ് സ്‌കൂള്‍ ഭാഷാപഠനത്തില്‍ നിന്ന് അക്ഷരമാലയെ പുറത്താക്കിയത്. താഴ്ന്ന ക്ലാസുകളിലെ മലയാളഭാഷാ പഠനത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന വിവാദം ഈയിടെ മുറുകിയപ്പോഴാണ് അക്ഷരമാല പഠിപ്പിക്കുന്നില്ലെന്ന വിവരം പലരും അറിഞ്ഞത്! ഏതായാലും, അക്ഷരമാല പഠനത്തില്‍ ഉള്‍പ്പെടുത്താന്‍, വൈകിയാണെങ്കിലും, അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അതെന്ന് പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് തെറ്റല്ല. അവ ഗുണപ്രദമാണോ എന്ന് പരിശോധിച്ചറിയേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. അക്ഷരമാല ഒഴിവാക്കിയതുകൊണ്ടുണ്ടായ ദോഷം മനസിലാക്കാന്‍ അധികൃതര്‍ക്ക് 13 വര്‍ഷം വേണ്ടിവന്നു!
മലയാളം ‘രണ്ടാംഭാഷ’ മാത്രമാണ്!
മാതൃഭാഷയെ പല മേഖലകളിലും അവഗണിക്കുന്നതിന് സമൂഹത്തിന്റെ നിലപാടും, വലിയൊരു പരിധിവരെ, കാരണമാകുന്നുണ്ട്. ഭാഷയുടെ കാര്യത്തില്‍ അപഹാസ്യവും ആത്മഹത്യാപരവുമായ കാപട്യമുള്ളവരാണ് മലയാളികളില്‍ പലരും. ചിലര്‍ക്ക് അന്ധമായ ഭാഷാസ്‌നേഹം; വേറെ ചിലര്‍ക്ക് ഭാഷയോട് പുച്ഛം; മറ്റു ചിലര്‍ക്ക് മലയാളം പഠിച്ചിട്ടെന്തു കാര്യം എന്ന ചിന്ത. ഇവര്‍ക്കിടയില്‍നിന്നും വരുന്ന പുതുതലമുറയ്‌ക്ക് ആശയക്കുഴപ്പമുണ്ടാവുക സ്വാഭാവികം. അവരില്‍ പലരുടെയും മനസ്സില്‍ മലയാളം ‘രണ്ടാംഭാഷ’ മാത്രമാണ്!
സ്വത്വം മറക്കുകയും സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. മലയാളത്തെ പുച്ഛിക്കുകയും മലയാളം അറിയില്ലെന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ ഈ വികലധാരണയുടെ സന്തതികളാണ്. ഉദ്യോഗസ്ഥ സമൂഹത്തില്‍ ഇത്തരക്കാര്‍ ഏറെയുണ്ട്. മാതൃഭാഷാസ്‌നേഹികളോടും അതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരോടും ഇക്കൂട്ടര്‍ക്കു പുച്ഛമാണ്.
ഭാഷാസ്‌നേഹവും ഭാഷാപഠനവുമെല്ലാം തര്‍ക്കവിഷയങ്ങളാകുന്നത് കേരളത്തില്‍ മാത്രമായിരിക്കും. മലയാളമണ്ണില്‍, മലയാളത്തിന്റെ രക്ഷയും പ്രചാരണത്തിനുമായി മലയാളികള്‍ക്ക് പോരാടേണ്ടിവരുന്നു! നമ്മുടെ വസ്ത്രധാരണരീതി, ഭക്ഷണസമ്പ്രദായം എന്നിവക്കൊപ്പം ഭാഷയെയും കപടമാന്യതയ്‌ക്കായി തള്ളിപ്പറയുകയും നിരാകരിക്കുകയും ചെയ്യുന്നവര്‍ പുതുതലമുറയെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. മലയാളത്തിന് ‘അയിത്ത’മുള്ള വിദ്യാലയങ്ങളും അവയില്‍ കുട്ടികള്‍ പഠിക്കുന്നത് വലിയ അന്തസ്സായി കരുതുന്ന രക്ഷിതാക്കളും ഏറെ.
മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍
മാതൃഭാഷ നമ്മുടെ പൈതൃകത്തെ, സംസ്‌കാരത്തെ, വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നു. ‘നീ നിന്റെ ഭാഷയാകുന്നു’ എന്ന ചൊല്ലില്‍ അന്തര്‍ലീനമായിരിക്കുന്നതും ഈ സത്യംതന്നെ. മാതൃഭാഷയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ബാധ്യത ഓരോ മലയാളിക്കുമുണ്ട്.
”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍
മാതാവിന്‍ വാത്‌സല്യദുഗ്‌ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണവളര്‍ച്ച നേടൂ”
എന്ന വരികളിലൂടെ മഹാകവി വള്ളത്തോള്‍ മാതൃഭാഷ നമ്മുടെ സ്വത്വത്തോട് എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മാതൃഭാഷയെ മറക്കുന്നത് ‘അമ്മതന്‍ നെഞ്ചില്‍ നിന്നുണ്ട മധുരം’ മറക്കുന്നതുപോലെയാണ്. മാതൃഭാഷയുടെ മഹത്വം അറിയാനും ഉള്‍ക്കൊള്ളാനും കഴിയാതെയുള്ള ‘വളര്‍ച്ച’ നിരര്‍ത്ഥകമായിരിക്കും. വിദ്യാഭ്യാസ, ഭരണരംഗങ്ങളില്‍ അതിന് അര്‍ഹമായ പ്രാധാന്യം നല്‍കുമ്പോഴേ സ്വത്വവും സംസ്‌കാരവും തിരിച്ചറിയുന്ന, ശക്തവും പ്രബുദ്ധവുമായ സമൂഹം ഇവിടെ വളര്‍ന്നുവരൂ.
ലോകമാതൃഭാഷാദിനത്തില്‍ വിദ്യാലയങ്ങളില്‍ മാതൃഭാഷാ പ്രതിജ്ഞയെടുക്കുന്നുണ്ട്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഉള്‍ക്കൊണ്ട് വളരാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രതിജ്ഞ. ഏതു പ്രതിജ്ഞയും സാര്‍ത്ഥകമാകുന്നത് അത് പാലിക്കപ്പെടുമ്പോഴാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആ പ്രതിജ്ഞയുടെ അന്തസ്സത്തയുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ ഭാഷാസ്‌നേഹത്തിലും അഭിമാനത്തിലുമൂന്നിയ ഒരു സാംസ്‌കാരിക വികസനം മലയാളിമനസ്സിലുണ്ടാവാന്‍ മാതൃഭാഷാദിനാചരണം പ്രേരകമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക