തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ പൂര്‍ണമായി തുറക്കും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മുഴുവന്‍ ക്ലാസ്സുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സംസ്ഥാനത്തെ 50 ശതമാനത്തോളം സ്കൂളുകളും കുട്ടികളെ ക്ലാസ്സുകളിലെത്തിക്കാന് പൂര്‍ണ സജ്ജമല്ല. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്കൂളുകള്‍ നിരവധി. സ്കൂള്‍ ബസുകളും അമ്പത് ശതമാനത്തോളം കട്ടപ്പുറത്ത്. ഒപ്പം കുട്ടികള്‍ക്ക് ആവശ്യമായ ബഞ്ചും ഡസ്കും ഇല്ലാത്ത സ്കൂളുകളും.
47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തുന്നത്. സ്കൂള്‍ ബസുകള്‍ അധികവും കട്ടപ്പുറത്താണ്. രണ്ടു വര്‍ഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് അരലക്ഷം രൂപയില്ലാതെ നിരത്തിലിറക്കാനാകില്ല. പിടിഎ സജീവമായ സ്ഥലങ്ങളില്‍ മാത്രമാണ് ബസ് ചലഞ്ചിലൂടെയൊക്കെ സ്കൂള്‍ വാഹനങ്ങള്‍ നന്നാക്കി നിരത്തിലിറക്കിയത്. നാലും അഞ്ചും വാഹനങ്ങള്‍ ഉള്ളിടത്ത് പകുതി മാത്രമാണ് പലയിടത്തും പ്രവര്‍ത്തന സജ്ജമാക്കിയത്. കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഗ്രാമീണ മേഖലയില്‍ മാത്രമല്ല നഗരപ്രദേശങ്ങളില്‍ പോലും അത് ഫലവത്താകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനാകില്ലെന്ന നിലപാടെടുത്ത രക്ഷിതാക്കളും ഉണ്ട്.
സ്വകാര്യ സ്കൂളുകളിലും സ്കൂള്‍ ബസ് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സ്കൂള്‍ അടയ്ക്കാന്‍ 30 ദിവസം മാത്രമാണ് ഉള്ളത്. അതിനുമാത്രമായി ലക്ഷങ്ങള്‍ മുടക്കി സ്കൂള്‍ വാഹനങ്ങള്‍ നന്നാക്കിയാലും അവധികഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ വീണ്ടും വര്‍ക്ക്ഷോപ്പുകളില്‍ എത്തിക്കേണ്ടി വരും. അതിനാല്‍ അധികം സ്വകാര്യ സ്കൂളുകളും വാഹനങ്ങള്‍ ഉണ്ടാകില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടുകിലോമീറ്റര്‍ ദൂരത്തിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസിന് 20 ദിവസത്തേക്ക് ഒരുകുട്ടിക്ക് നല്‍കിയിരിക്കുന്ന നിരക്ക് 6000 രൂപയാണ്. 20 വിദ്യാര്‍ഥികളുള്ള ഒരു ബസിന്റെ നിരക്കാണിത്. പല സ്വകാര്യസ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളും അവസാനിപ്പിക്കുകയാണ്. ഇതോടെ ജോലിയുള്ള രക്ഷിതാക്കള്‍ മക്കളെ എങ്ങനെ സ്കൂളിലെത്തിക്കുമെന്ന ആശങ്കയിലാണ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങള്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകളും നിരവധിയാണ്. പുതുതായി കൂടുതല്‍ കുട്ടികള്‍ എത്തിയതോടെ മതിയായ ക്ലാസ്സുമുറികള്‍ ഇല്ല എന്ന വിവരം രേഖാമൂലം വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിച്ചിട്ടുണ്ട്. താത്കാലിക ഫിറ്റ്നസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങള്‍ ഉള്ള സ്കൂളുകളും നിരവധിയുണ്ട്. തലസ്ഥാനത്തെ നഗരാതിര്‍ത്തിയില്‍ ഉള്ള സ്കൂളില്‍ രണ്ട് വര്‍ഷത്തെ പ്രവേശനം നേടിയവര്‍ അടക്കം 1062 കുട്ടികളാണ് ഉള്ളത്. എന്നാല്‍ 750 പേര്‍ക്ക് ഇരിക്കാനുള്ള ബഞ്ചും ഡസ്കും മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പകുതി കുട്ടികളെ എത്തിച്ച് ക്ലാസ്സ് നടത്താനുമാകില്ല. പ്രീെ്രെപമറി ക്ലാസ്സുകളിലെത്തുന്ന കുട്ടികള്‍ക്ക് ഇരിക്കാന്‍ മതിയായ കസേരകള്‍ പോലും പല സ്കൂളുകളിലും ഇല്ല. അക്കാര്യം വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചപ്പോള്‍ പരമ്പ് വാങ്ങി തറയില്‍ ഇരുത്താനാണ് നിര്‍ദേശം നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: