കീവ്: ഉക്രൈന് അതിര്‍ത്തിയില്‍ കൂടുതല്‍ പോര്വിമാനങ്ങളെത്തിച്ച റഷ്യ സൂപ്പര്‍സോണിക് മിസൈലുകള്‍ കൂടി പരീക്ഷിച്ചതോടെ ആയിരങ്ങള്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നു. അതിര്‍ത്തി നഗരങ്ങളായ ലുഹാന്‍സ്ക്, ഡൊണസ്ക് പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ ഒഴിഞ്ഞുപോകുന്നത്. ലുഹാന്‍സ്കില്‍ ഇന്നലെ രണ്ട് തവണ ബോംബാക്രമണമുണ്ടായി, ഡൊണസ്കില്‍ ഷെല്ലാക്രമണവും. ഇതില്‍ റഷ്യയുടെ സൈനിക വാഹനവും കത്തി നശിച്ചു. ആക്രമണം ഉക്രൈന് നടത്തിയതാണെന്ന് റഷ്യ അറിയിച്ചു. എന്നാല്‍, റഷ്യയുടെ തന്ത്രമാണിതെന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും ആരോപിച്ചു.
റഷ്യ ഉടന്‍ ആക്രമണം നടത്തിയേക്കുമെന്നും ഇതിന് തെളിവ് ലഭിച്ചെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി താമസിക്കാമെന്നും സഹായമായി ആദ്യഘട്ടത്തില്‍ പണം നല്‍കുമെന്നും പലായനം ചെയ്യുന്നവരെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് അറിയിച്ചു. വലിയ ബസ്സുകള്‍ അയച്ച് അഭയാര്‍ഥികളെ റഷ്യയിലെത്തിക്കുന്ന നടപടികള്‍ ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യ ഘട്ടത്തില്‍ റഷ്യയിലെത്തിക്കുന്നത്.
കള്ള പ്രചാരണമാണ് നടക്കുന്നതെന്നും പലായനം നടത്തരുതെന്നും ഡൊണസ്ക് റിപ്പബ്ലിക്കിന്റെ മേധാവി ഡെന്നിസ് പുഷ്ലിന്‍ പറഞ്ഞു. റഷ്യയുടെ ആക്രമണം തടയാന്‍ സൈനികര്‍ സജ്ജരാകണമെന്ന് നിര്‍ദേശവും നല്കി. വിരമിച്ചവരും സൈന്യത്തില്‍ ചേരാന്‍ താത്പര്യമുള്ളവരും ഉടന്‍ ഡൊണസ്കിലെ സൈനിക ക്യാമ്പിലെത്തണമെന്ന് നിര്‍ദേശമുണ്ട്. ഇതിനിടെ അതിര്‍ത്തികളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണ് റഷ്യ. ഉക്രൈന് തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ക്കായി ബോറിസ് ജോണ്സണ് അടുത്ത ദിവസം മോസ്കോയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: