വാക്കുകളുടെ അര്‍ത്ഥമറിഞ്ഞ് പ്രയോഗിക്കുകയെന്നത് സിദ്ധിതന്നെ. അനാവശ്യവാക്കുകള്‍ ഉപയോഗിക്കാതിരിക്കുന്നതും വൈഭവമാണ്. അസ്ഥാനത്ത് ഉപയോഗിക്കുന്ന വാക്കുകളാണ് ചീത്ത വാക്കാകുന്നത്. വാക്കുകള്‍ യഥാസമയം ഉചിതമായി ഉപയോഗിക്കാന്‍ തോന്നിക്കുകയെന്നത് വലിയ വിജയമാണ്.
രാമായണത്തില്‍ ഒരു കഥാപാത്രമുണ്ടല്ലോ കുംഭകര്ണന്. ഉറക്ക ഭ്രമികളെ കുംഭകര്‍ണനെന്നു വിളിക്കാറുണ്ടെങ്കിലും കുംഭകര്ണന് ഒരു വാക്കുതെറ്റിയതാണ് ഉറക്കം ബാധയാകാന്‍ കാരണമായതെന്ന് എല്ലാവര്ക്കും അറിയാമായിരിക്കില്ല. തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. മഹാവരം ചോദിക്കാന്‍ പോവുകയാണ് രാക്ഷസവീരന്‍. ആഗ്രഹം ദേവേന്ദ്രന്റെ സിംഹാസനമാണ്. അതിലിരിക്കണം, ഭരിക്കണം. അതിന് ‘ഇന്ദ്രാസനം’ വേണമെന്നാണ് ചോദിക്കാന്‍ പോകുന്നത്. ത്രികാലജ്ഞാനംകൊണ്ട് ദേവന്മാര് അറിഞ്ഞു. അപകടമാണ്. തപസുചെയ്ത് പ്രത്യക്ഷപ്പെട്ടാല്‍ വരം കൊടുക്കുകയെന്നത് വാക്കാണ്. വാക്ക് പാലിച്ചേ പറ്റൂ. അപ്പോള്‍ ഇന്ദ്രാസനം ചോദിച്ചാല്‍! അത് തടയണം. സരസ്വതീദേവിയാണ് വാക്കിന്റെ അധിപ. നാവില്‍ ‘സരസ്വതീ വിളയാട്ടം’ എന്നു പറയാറുണ്ടല്ലോ. സരസ്വതി ഇടപെട്ടു. ‘ഇന്ദ്രാസനം’ എന്നത് ചോദിച്ചപ്പോള്‍ കുംഭകര്ണന് നാവുപിഴയില്‍ അത് ‘നിദ്രാസനം’ ആയി. (‘നിര്‍ദേവത്വം’ ചോദിക്കാനാഗ്രഹിച്ചു, പക്ഷേ, ‘നിദ്രാവത്വം’ ആയിപ്പോയി എന്നും പാഠഭേദമുണ്ട്.) അസാധാരണ ബലശാലി, ബുദ്ധിശാലി, പക്ഷേ വിദ്യ കുറവായതിനാല്‍ നാവുപിഴച്ചുവെന്നര്ത്ഥം. ആ പിഴവുണ്ടാകാതിരിക്കാനാണ്, എഴുത്തച്ഛന്,
”നാവിന്മേല് നടനം ചെയ്കേണാങ്കാനനേ
യഥാ കാനനേ ദിഗംബരന്” എന്നും
”വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നേണം കാലേകാലേ
പാരാതെ സലക്ഷണം മേന്മേല് മംഗലശീലേ”
എന്നും എഴുതിത്തുടങ്ങിയപ്പോള്‍ പ്രാര്‍ത്ഥിച്ചത്.
മലയാളഭാഷയുടെ ലിപി പഴയകാല ലിപി സമ്പ്രദായത്തിലേക്ക് മാറണമെന്ന് ഭാഷാ മാര്‍ഗനിര്‍ദേശകസമിതി സര്‍ക്കാരിന് കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിട്ടുണ്ട്. 1971 ലായിരുന്നു അവസാന ലിപി പരിഷ്കരണം. കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് അച്ചടിയും ലിപി തയാറാക്കലും മാറിയകാലത്തെ പരിഷ്കാരം. കൂട്ടക്ഷരങ്ങളാണ് പഴയ ലിപിയിലേക്ക് മടങ്ങുക. ഇനി അവ ചേര്‍ത്തെഴുതണം. 26 കൂട്ടക്ഷരങ്ങളൊഴികെ ബാക്കി ചന്ദ്രക്കലയിട്ട് യോജിപ്പിച്ച് ലിപിയാക്കണമെന്നായിരുന്നു മുന്‍ചട്ടം. അത് മാറണം. ഏകീകൃതമാകണം. കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ മലയാള കൂട്ടക്ഷരങ്ങളും ലഭ്യമായിത്തുടങ്ങിയതിനാലാണിത്. മറ്റ് അക്ഷരങ്ങള്ക്കൊടുവില് ‘ഉ’, ‘ഊ’ എന്നിവ വരാന്‍ പുതിയ ലിപിയായ ‘ു’ ‘ൂ’ തന്നെ തുടരണം. പക്ഷേ, 1971 ല്‍ എടുത്ത തീരുമാനത്തില്‍ പുതിയ ലിപി പഠിക്കാന്‍, പഴയത് ഉപേക്ഷിക്കാന്‍ വേണ്ടിവന്ന അധ്വാനം ഏറെയായിരുന്നു. കളരിക്കാലത്ത് മണ്ണില്‍ തുടക്കം മുതല്‍ ഒടുക്കംവരെ വിരലെടുക്കാതെ ‘ശ്രീ’ എന്നെഴുതിയതും ‘കുറൂരമ്മ’ എന്ന് എഴുതാന്‍ ‘ക’ കഴിഞ്ഞ് ‘കമ്മലിടിച്ചതും’ അതെഴുതുമ്പോള്‍ തെറ്റിയതിന് തല്ലു വാങ്ങിയതും ഓര്‍ത്തിരിക്കുന്ന തലമുറയുടെ കാലത്തുതന്നെ മാറിയ ലിപിയെ മാറ്റുന്നതും പഴമയിലേക്ക് ലിപി മടങ്ങുന്നതും കൗതുകമെന്നേ പറയേണ്ടൂ. ‘അറ്റകുറ്റപ്പണി’ അറ്റകുറ്റപ്പണിയാകും. നല്ലത്. അക്ഷരങ്ങളുടെ ആദികാല ആഢ്യത്വം തിരികെ വരുന്നത് അലങ്കാരം കൂടിയാണ്.
ഏകീകരിക്കല്‍ ലിപിയിലും വരട്ടെ. ഒരേ തിരിച്ചറിയല്‍ കാര്‍ഡ്, ഒരേ വേഷം, ഒറ്റ തെരഞ്ഞെടുപ്പ്, ഏക സിവില്‍ നിയമം… അങ്ങനെ അനാവശ്യ ബഹുസ്വരതകളുടെ അളവില്ലാത്ത അവകാശങ്ങള്‍ മൗലികമാകാതിരിക്കട്ടെ, തോന്ന്യവാസങ്ങള്‍ക്കുള്ള വഴിയടയട്ടെ.
എഴുത്തിനൊപ്പം ഉച്ചാരണവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും മാത്രമല്ല നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ഒരു കാലമാണ് മോഹിക്കുന്നത് എന്ന് പറഞ്ഞാല്‍ വേഷം അടിച്ചേല്‍പ്പിക്കുകയും ഇഷ്ടവേഷം ധരിക്കാനുള്ള അവകാശം നിഷേധിക്കുകയുമാണെന്ന ആക്ഷേപം വരാം. പക്ഷേ, ഭാഷാ മൗലികവാദമല്ല, ഭാഷയില്‍ മൗലികവാദം വേണമെന്നാണ് എന്റെ പക്ഷം.
പോരാ, ഭാഷ, അക്ഷരവും ലിപിയും ഉച്ചാരണവും വാക്കും വാക്യവും ചിഹ്നനങ്ങളും രൂപഘടനയും ചേര്‍ന്നതാണെന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാക്കിക്കൊടുക്കണമെന്നാണ് അഭിപ്രായം. അത് ചിട്ടപ്രകാരം ചട്ടപ്രകാരം പാലിക്കുകതന്നെ വേണം. അല്ലെങ്കില്‍, അതിശയിപ്പിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ‘ഭയങ്കര’ സൗന്ദര്യമെന്ന് പറയും. കഠിനമായ തലവേദനക്കു പകരം ‘നല്ല’ തലവേദനയെന്നാവും പറയുക. (‘നല്ല’ തലവേദന മാറ്റാന്‍ ആരെങ്കിലും മരുന്നു കഴിക്കുമോ!) ‘യഥാസമയം’ കഴിക്കേണ്ട മരുന്ന് ‘സമയാസമയ’ങ്ങളില്‍ കഴിക്കും. ‘സമയം’ ഡോക്ടര്‍ നിശ്ചയിക്കുന്നതും ‘അസമയം’ രോഗി തോന്നുമ്പോള്‍ കഴിക്കുന്നതുമാകും, രോഗി മരിക്കും. ‘അതത്’ എന്തിനാണെന്നറിയില്ല, ‘അതാത്’ എന്നാക്കും. ‘അടിച്ചുപൊളിച്ചുകളയു’ന്നതുപോലെ നിര്‍മ്മിച്ച് ഉയര്‍ത്തിയ ശില്പം ‘അടിപൊളി’യാണെന്ന് പറയും. ‘കലക്കരുതാത്ത’ യോഗം ‘കലക്കി’യെന്ന് വിളിച്ചുപറയും. കെട്ടിപ്പൊക്കിയത് കണ്ട്, ‘പൊളിച്ചു’ എന്ന് അഭിപ്രായപ്പെടും. അല്ലെങ്കില്‍ ‘തകര്‍ത്തു’ എന്നാകും. ‘അസാമാന്യ’മായതിനെ ‘അസാധ്യ’മായിപ്പാടിയെന്ന് പുകഴ്ത്തും. ‘ഒരു രക്ഷയുമില്ല’ എന്ന പരാതി പ്രയോഗം പ്രശംസിക്കാനായി പ്രയോഗിക്കും. ‘ഭീകരത’യെ പറഞ്ഞുപറഞ്ഞ് ലഘൂകരിക്കാനോ എന്നറിയില്ല ‘ഭീകരമായ’ വായന, ‘ഭീകരമായ’ വര്‍ത്തമാനം, ‘ഭീകരമായ’ തിരക്ക് എന്നെല്ലാം പ്രയോഗിക്കും. എന്തിനാണെന്നറിയില്ല, ‘അതിനിടെ’, ‘അതേസമയം’, ‘എന്തായാലും’ എന്നിങ്ങനെ വാക്യങ്ങള്‍ക്കിടയില്‍ കുത്തിക്കയറ്റും. എന്തിനേറെ, വാക്യത്തെ വാചകമാറ്റി മാറ്റും. അങ്ങനെ വാക്കു മുതല്‍ വാക്യം വരെ, അതിലൂടെ ഭാഷ മുതല്‍ സംസ്കാരം വരെ കളങ്കിതമാക്കും. ഭക്ഷണം, വേഷം, ഭാഷ തുടങ്ങിയ കാര്യങ്ങളില്‍ മൗലികാവകാശത്തിന്റെ അധികാരത്തില്‍ മൗലികവാദം ശക്തമാണെങ്കിലും ശരിയായ മലയാളഭാഷയ്ക്കുള്ള മൗലികവാദികള്‍ ഉണ്ടാകാത്തത് അതിശയമാണ്.
പിന്കുറിപ്പ്:
ലളിതാസഹസ്രനാമം, ശ്രീവിദ്യാ ഭഗവതിയുടെ ആയിരം നാമ വിശേഷണങ്ങള്‍ ചേര്‍ത്ത സ്തോത്രമാണ്. ഹയഗ്രീവ മുനിയും അഗസ്ത്യമഹര്‍ഷിയും തമ്മിലുള്ള സംവാദമായാണിത് പറയപ്പെട്ടിട്ടുള്ളത്. അതില്‍ 678-ാമത്തെ മന്ത്രം ‘ഓം ഭാഷാരൂപായൈ നമഃ’ എന്നാണ്. വാഗ്ദേവത എന്ന സങ്കല്പം, ഭാഷാരൂപം, അക്ഷരം, ഗ്രന്ഥപൂജ, വിദ്യാരംഭം വാക്ക് വിശുദ്ധമാണ്, ആകണം, ആക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: