പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ തലക്കെട്ട് ‘സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്’ എന്നതായിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ ഭാവി കണക്കിലെടുത്തുള്ള പങ്കാളിത്തത്തിനായുള്ള രൂപരേഖയായിരുന്നു ആ പ്രസ്താവന. അതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ഉറപ്പിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും ചേര്‍ന്ന് ഒപ്പിട്ട കരാര്‍, 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ വ്യാപാര ഇടപാടാണ്. സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം, കാലാവസ്ഥാ പ്രവര്‍ത്തനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാര നിക്ഷേപ നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് സമുദ്ര സഹകരണം വര്‍ധിപ്പിക്കാനുള്ള തീരുമാനം ചൈനയ്ക്കുള്ള മറുപടി കൂടിയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ളവയ്ക്കെതിരെ എല്ലാ രൂപത്തിലും പ്രാദേശിക തലത്തിലും അന്തര്‍ദേശീയ തലത്തിലും പോരാടാനുള്ള സംയുക്ത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുമ്പോള്‍ ഭീകരതയുടെ കാര്യത്തില്‍ പാകിസ്ഥാനൊപ്പമല്ല തങ്ങളെന്ന് യുഎഇ ആവര്‍ത്തിക്കുന്നു.
ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. അതായത് 7.5 ലക്ഷം കോടിയുടെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകും. അത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ചലനം കുറച്ചൊന്നുമല്ല. ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പ്രാധാന്യം ഏറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഭക്ഷ്യ ഇടനാഴി സ്ഥാപിക്കുന്നതിനും ജബല്‍ അലി ഫ്രീ സോണില്‍ ഇന്ത്യാ മാര്‍ട്ട് സ്ഥാപിക്കുന്നതിനും യുഎഇ കമ്പനികളും സംയുക്ത സംരംഭകരും നിക്ഷേപ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നത് ഇന്ത്യന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് തുറന്നു കൊടുക്കും. കാര്‍ഷിക മേഖലയുടെ കുതിപ്പിന് ഇത് വഴിയൊരുക്കും. ലോജിസ്റ്റിക്സ്, സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കൃഷി, അഗ്രിടെക്, സ്റ്റീല്‍, അലുമിനിയം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അബുദാബിയില്‍ പ്രത്യേക വ്യാവസായിക നൂതന സാങ്കേതിക മേഖലകള്‍ സ്ഥാപിക്കും. ഇത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
പുതിയ ഊര്‍ജ്ജം ഉള്‍പ്പെടെ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഉടമ്പടി ഉറപ്പു നല്കുന്നു. ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊര്‍ജ്ജ വിതരണം ഉറപ്പാക്കാന്‍ വഴിതെളിക്കുന്ന നീക്കമാണിത്. ഊര്‍ജ്ജ സംക്രമണത്തില്‍ പരസ്പര പിന്തുണയും ഭാവിയില്‍ കുറഞ്ഞ കാര്‍ബണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും കരാര്‍ മുന്നോട്ടുവയ്ക്കുന്നു. ഗ്രീന്‍ ഹൈഡ്രജന്റെ ഉത്പാദനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന്, പരസ്പരം ശുദ്ധമായ ഊര്‍ജ്ജ ദൗത്യങ്ങളെ പിന്തുണയ്ക്കാനും സംയുക്ത ഹൈഡ്രജന്‍ ടാസ്ക് ഫോഴ്സ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ പിന്‍പറ്റിയുള്ളതാണ് ഈ കരാര്‍. യുഎഇയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കുന്ന് വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗമാണെങ്കില്‍ ഇന്ത്യ-യുഎഇ കള്‍ച്ചറല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത് സാംസ്കാരിക സഹകരണത്തിന് വേണ്ടിയാണ്. ക്രോസ് കള്‍ച്ചറല്‍ എക്സ്ചേഞ്ചുകള്‍, സാംസ്കാരിക പദ്ധതികള്‍, പ്രദര്‍ശനങ്ങള്‍, ഇരു രാജ്യങ്ങളിലെയും ബൗദ്ധിക വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സംഭാഷണം എന്നിവ സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കള്‍ച്ചറല്‍ കൗണ്‍സില്‍ സഹായകമാകും.
നിര്‍ണായക സാങ്കേതികവിദ്യകളില്‍ സഹകരിക്കാനും ഇ-ബിസിനസ്സുകളും ഇ-പേയ്മെന്റ് സൊല്യൂഷനുകളും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ധാരണയായി. വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഭാവിയില്‍ തൊഴിലിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും നൈപുണ്യ വികസനത്തില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും ഇന്ത്യയിലെ തൊഴില്‍ പ്രശ്നത്തിനുള്ള പരിഹാരമാണ്. അതീവ നൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യാക്കാര്‍ക്ക് ഏഴ് വര്‍ഷത്തിനകം തൊഴില്‍ വിസ അനുവദിക്കും അത്യാധുനിക സാങ്കേതികവിദ്യ മേഖലയില്‍ നിക്ഷേപത്തിന് അവസരമുണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശുഭവാര്‍ത്തയാണിത്.
ഭക്ഷ്യ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. മെച്ചപ്പെടുത്തിയ ഉഭയകക്ഷി ഭക്ഷ്യകാര്‍ഷിക വ്യാപാരത്തിലൂടെ സഹകരണം വിപുലീകരിക്കാനും, യുഎഇയിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫാമുകളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സമര്‍പ്പിത ലോജിസ്റ്റിക് സേവനങ്ങളും പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും സമ്മതിച്ചതിലൂടെ ഗള്‍ഫിലേക്ക് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി കൂടും ആരോഗ്യ മേഖലയിലെ സഹകരണവും ഇക്കാര്യത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ഇന്ത്യയക്ക് ഗുണം ചെയ്യും. വാക്സിനുകള്‍ക്കായുള്ള വിശ്വസനീയമായ വിതരണ ശൃംഖലകളുടെ ഗവേഷണം, ഉത്പാദനം, വികസനം എന്നിവയില്‍ സഹകരിക്കാനും ഇന്ത്യയില്‍ അതിവേഗം വളരുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ യുഎഇ സ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ധാരണയായി. ഒപ്പം പിന്നാക്ക രാജ്യങ്ങളില്‍ ആരോഗ്യ പരിരക്ഷ നല്കുന്നതില് സഹകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ദൃഢമായത്. ഇരുരാജ്യങ്ങളും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചത് ഇക്കാലയളവിലാണ്. പ്രധാനമന്ത്രി 2015, 2018, 2019 വര്‍ഷങ്ങളില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അബുദാബി കിരീടാവകാശി 2016, 2017 വര്‍ഷങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചു. 2021ല്‍ വിദേശകാര്യ മന്ത്രിയുടെ മൂന്ന് യുഎഇ സന്ദര്‍ശനങ്ങളും വാണിജ്യ, വ്യവസായ മന്ത്രിയുടെ സന്ദര്‍ശനവും ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള മന്ത്രിതല സന്ദര്‍ശനങ്ങളും തുടര്‍ന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 35ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന് യുഎഇ ആതിഥേയത്വം വഹിക്കുന്നു. യുഎഇയുടെ വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ യുഎഇ നേതൃത്വം എക്കാലത്തും അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യ സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും അടുത്ത് സഹകരിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ ബന്ധം എന്നിവ ശക്തമായി നിലകൊള്ളുന്നു. പുനരുപയോഗ ഊര്‍ജ്ജം, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക് തുടങ്ങിയ പുതിയ മേഖലകളില്‍ ഇരു കക്ഷികളും തങ്ങളുടെ സഹകരണം ശക്തിപ്പെടുത്തി. ദുബായ് എക്സ്പോയില്‍ ഏറ്റവും വലിയ പവലിയനുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിലെ പ്രധാന സംരംഭമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി. കരാറിന്റെ ചര്‍ച്ചകള്‍ 2021 സപ്തംബറില്‍ ആരംഭിച്ചു. നാലുമാസം കൊണ്ട് ഉടമ്പടിയായി എന്നത് നിസാരകാര്യമല്ല. കരാര്‍ ഇന്ത്യ-യുഎഇ സാമ്പത്തിക വാണിജ്യ ഇടപെടലുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ കാര്യമായ പുരോഗതിക്ക് വഴിതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: