ആറു പതിറ്റാണ്ടുകള്‍ക്കും അപ്പുറം മുതല്‍ സഹപ്രവര്‍ത്തകരായിരുന്ന രണ്ടുമൂന്നു സംഘ പ്രവര്‍ത്തകര്‍ രണ്ടാഴ്ചകള്ക്കകത്ത് നമ്മെ വിട്ടുപിരിഞ്ഞത് മനസ്സില്‍ നൊമ്പരങ്ങളായി കുത്തുകയാണ്. ഒരാള്‍ കണ്ണൂരിനടുത്തും മറ്റൊരാള്‍ കോട്ടയത്തും മൂന്നാമന് തൊടുപുഴയിലുമുള്ളവരായിരുന്നു. സംഘപ്രവര്‍ത്തനത്തില്‍ ഇത്രയും കാലദൈര്‍ഘ്യം പുലര്‍ത്തിയവരുടെ വിയോഗം തീര്‍ച്ചയായും ആരെയും ദുഃഖിപ്പിക്കും. അവരെ അനുസ്മരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. ഓരോ ആള്‍ക്കും താന്താങ്ങളുടെ തനിമയുണ്ടാവുമല്ലൊ.
സംഘപ്രചാരകനായി ഞാന്‍ കണ്ണൂരിലെത്തിയത് 1958 ലാണെന്ന് ഈ പംക്തികളില്‍ പലയിടങ്ങളിലും ആവര്‍ത്തിച്ചിട്ടുള്ളതാണ്. അന്ന് തുടക്കത്തില്‍ കണ്ണൂര്‍ തലശ്ശേരി എന്നീ നഗരങ്ങളുടെ ചുമതലയാണ് ഭാരമേല്പ്പിക്കപ്പെട്ടിരുന്നത്. ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനാര്ദ്ദനന് തന്നെ ഓരോ ശാഖയിലും പരിചയപ്പെടുത്തിത്തരുമായിരുന്നു. പൊതുവായ പ്രവര്‍ത്തക ബൈഠക്കുകളില്‍ അവരെ കൂടുതല്‍ അടുത്തറിയാനും അവസരമുണ്ടാക്കി. അവരില്‍ പലരും എന്നേക്കാള്‍ തഴക്കം സംഘപ്രവര്‍ത്തനത്തില്‍ നേടിയവര്‍ തന്നെയായിരുന്നു. അങ്ങനത്തെ കാര്യകര്‍ത്താവാണ് രണ്ടാഴ്ചയ്ക്കു മുന്‍പ് അന്തരിച്ച കൃഷ്ണന്. അന്നു മുതല്‍ അടുത്തയിടെ അവശനിലയിലാകുന്നതുവരെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 86-ാം വയസ്സിലെ ജീവിതാവസാനം അസ്വാഭാവികമല്ലാതാനും.
ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ താലൂക്കിലെ മറ്റു ശാഖകളിലേക്കും ഞാന്‍ നിയുക്തനായി. ജനേട്ടന് തന്നെയാണ് ആദ്യം കൊണ്ടുപോയി പരിചയപ്പെടുത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ റോഡിലെ ഒരു പ്രധാന സ്ഥലം കൂടാളിയാണ്. തൊട്ടു മുന്‍പത്തെ വര്‍ഷം അവിടന്നു മൂന്നുനാലു പേര് സംഘ ശിക്ഷാവര്ഗിനു പോയിരുന്നു. പോകുംവഴിക്കു ഒരു പ്രധാന സ്ഥലമാണ് കുടുക്കിമൊട്ട. അവിടത്തെ കാഞ്ഞിരോട്ട നെയ്ത്തുകാരുടെ സഹകരണ സംഘത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു കെ.പി. കൃഷ്ണന്. അക്കാലം കൈത്തറി നെയ്ത്തിന്റെ സുവര്‍ണകാലമായിരുന്നു. മലബാറിലെ കൈത്തറി വസ്ത്രങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല ശ്രീലങ്കയിലും യൂറോപ്പിലും വരെ വളരെ പ്രചാരത്തിലായിരുന്നു. ഓരോ നെയ്ത്തു തെരുവിലും തിരക്കിട്ട പണിയുമുണ്ടായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ നെയ്ത്തിന്റെ ഓരോ ഘട്ടത്തിലും പങ്കെടുത്തുവന്നു. അവരുടെ തൊഴില്‍ സംബന്ധമായ നാള്‍വഴിക്കണക്കുകള്‍ സൂക്ഷിച്ചു, അവരെ കൈകാര്യം ചെയ്യുക എന്ന ശ്രമകരമായ പണിയാണ് കൃഷ്ണന് ചെയ്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി തൊഴിലാളികളുടെ ക്യൂ നീണ്ടുകിടന്നിരുന്നു. രാത്രി ശാഖയുടെ സമയത്തിന് താന്‍ കൂടാളിയിലേക്കു നടന്നു. അവിടത്തെ രാത്രി ശാഖ ഏറെ ഊര്‍ജസ്വലമായിരുന്നു. അവരില്‍ പലരെയും വീടുകളില്‍ പോയി കണ്ട ശേഷമാണ് സംഘസ്ഥാനത്തെത്തിയത്. കെ.എം. ഗോവിന്ദന് നമ്പ്യാര്‍ ആയിരുന്നു മുഖ്യശിക്ഷക്. അദ്ദേഹത്തിന്റെ അനുജന്മാരെല്ലാം ജോലിയായി പോയി സ്ഥലങ്ങളിലെ നല്ല കാര്യകര്ത്താക്കന്മാരായി. നാരായണന് എന്ന അനുജന് പഞ്ചാബില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചു. ലുധിയാനയില്‍ സംഘചാലകായിരുന്നുവെന്നറിഞ്ഞു. കെ.ജി. മാരാര്‍ ആണ് കൂടാളിയില് ആദ്യം വിസ്താരകനായിരുന്നത്. 46 മുതല്‍ തന്നെ കമ്യൂണിസ്റ്റുകാരനായിരുന്ന കെ.കെ. കൃഷ്ണന് മാസ്റ്റര്‍ സംഘത്താല്‍ ആകൃഷ്ടനായി. മുന്‍പ് കെ.പി.ആര്. ഗോപാലനോടൊപ്പം മൊറാഴ കേസില്‍ പ്രതി ചേര്ക്കപ്പെട്ടയാളായിരുന്നു മാസ്റ്റര്‍. അവരും, ഒട്ടേറെ കൈത്തറി നെയ്ത്തുകാരും പങ്കെടുത്ത കരുത്തുറ്റ ശാഖയായിരുന്നു കൂടാളിയിലേത്. ജനേട്ടനു ശേഷം ജില്ലാ പ്രചാരകനായി വന്ന മാധവജിയും അവിടത്തെ സ്വയംസേവകരുടെ മനസ്സില്‍ ഇടംപിടിച്ചു. അക്കാലം മുതല്‍ കെ.പി. കൃഷ്ണന് അവിടത്തെ പ്രമുഖനായി. താലൂക്ക് സംഘചാലകനുമായി. അറുപത് വര്‍ഷത്തിലേറെക്കാലം വ്യതിചലനമില്ലാത്ത നിഷ്ഠയോടെ പ്രവര്ത്തിച്ചതാണദ്ദേഹത്തിന്റെ പ്രത്യേകത.
മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ തേര്‍വാഴ്ച നടന്നുവന്ന പ്രദേശവും തൊഴില്മേഖലയുമായിട്ടും അവരുടെയെല്ലാം, ആദരവും സമ്മതവും നേടാന്‍ കഴിഞ്ഞുവെന്നതായിരുന്നു കൃഷ്ണന്റെ ശ്രേഷ്ഠത്വം. ജനസംഘത്തില്‍ പ്രവര്‍ത്തിച്ച കാലത്തും, പിന്നീട് ജന്മഭൂമിയിലായിരുന്നപ്പോള് കൂടാളിയിലും കുടുക്കിമൊട്ടയിലും പോകാന്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞുവന്നു. മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കുടുംബസംഗമം നടന്നപ്പോള്‍ കൂടാളിയില് പോകാന്‍ എനിക്ക് അവസരമുണ്ടായി. അന്ന് അവിടെ കൃഷ്ണനെ കാണാന്‍ കഴിഞ്ഞു. ആ കൂടിക്കാഴ്ച ഒരനര്ഘാവസരമായി ഞാന്‍ കരുതുന്നു. അദ്ദേഹം രോഗബാധിതനും ക്ഷീണിതനുമായിരുന്നു. എന്നാലും നേരില്‍ കണ്ടപ്പോഴത്തെ ആത്മീയതയും നിര്വൃതീഭാവവും മറക്കാനാവില്ല.
86 വയസ്സ് എന്നു ഓര്‍ക്കുമ്പോള്‍ ഞങ്ങളിരുവരും കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സ്വയംസേവകരായതാണെങ്കിലും, ഒരേ കാലഘട്ടത്തില്‍ സംഘത്തിലൂടെ കടന്നുപോകാന്‍ കഴിഞ്ഞവരാണെന്ന തോന്നല്‍ വരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ആളുകള്‍ നനച്ചു വളര്ത്തിയതാണല്ലൊ സംഘപ്രവര്‍ത്തനത്തെ.
ടി.എം. ശിവശങ്കരന് നായര്‍
തൊടുപുഴയിലെ ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍നിന്നു വന്ന ശിവന് സാര്‍ മരിച്ച വിവരവും പത്രങ്ങളില്‍ വായിച്ചിരിക്കും. അദ്ദേഹം പ്രഗത്ഭനായ അധ്യാപകനും കവിത്വസിദ്ധിക്കുടമയുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ യുവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹിത്യ സാംസ്കാരിക ബോധം വളര്‍ത്താനുള്ള സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരനുജനും, ഭാഗിനേയനുമാണ് ഞങ്ങളുടെ മണക്കാട്ടുനിന്നും തുടക്കത്തില്‍ സംഘത്തിലെത്തിയത്. അനുജന് എം.എ സാര്‍ തൊടുപുഴയില്‍ പ്രചാരകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കേസരിയിലെ ബാലഗോകുലത്തില്‍ സജീവമായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന ദാമോദരന്‍ നായര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദം നേടി പലയിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവില്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതമാണെന്നു തോന്നുന്നു.
അവരുടെ കുടുംബത്തിലെ പുതിയ തലമുറയില്പെട്ടയാളാണ് ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും മറ്റും സജീവ പ്രവര്ത്തകന് പത്മഭൂഷണ്‍. പത്മഭൂഷന്റെ ജ്യേഷ്ഠന്റെ പത്നി തൊടുപുഴ നഗരസഭാംഗമാണ്. സംഘപരിവാറിന്റെ എല്ലാ ഘടകങ്ങളിലും സാന്നിദ്ധ്യമറിയിച്ച കുടുംബമാണ് ശിവന്സാറിന്റെത്. അതിന്റെ മറ്റു താവഴികളും അതുപോലെ തന്നെ.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശിവന് സാര്‍ അദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ സമാഹരിച്ച് അച്ചടിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു എന്നതിന് എന്റെ സഹകരണം തേടി. തന്റെ കൃതികളെല്ലാം ഡിടിപി എടുത്തുകൊണ്ടുവന്നു. നൂറുകണക്കിനുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നു വായിച്ചു. അവയെ ബാലസാഹിത്യമെന്നും, കവിതകളെന്നും, ഭക്തി സാഹിത്യമെന്നും വേര്‍തിരിച്ച് പ്രസിദ്ധീകരിക്കുകയാവും നന്നായിരിക്കുക എന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഓരോ കടലാസിലും തിരുത്തല്‍ വരുത്തിയപോലെ മറ്റുള്ളവയും അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാല്‍ കൊവിഡ് കാലഘട്ടം വന്നതു മൂലമാവാം ഞങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ സാധിച്ചില്ല. തീരെ അവശനാണ് പുറത്തേയ്ക്കിറങ്ങാറില്ല എന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചത്. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചുവെന്ന ഫേസ്ബുക്കിലൂടെയും പലരുടെയും സന്ദേശങ്ങളിലൂടെയും അറിയാന്‍ കഴിഞ്ഞു. സംഘപരിവാറില്‍ പെട്ട വിവിധ മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ സാറിന്റെ തോപ്പില്‍ കുടുംബങ്ങളിലുള്ളവര്‍ സജീവമായ പങ്കുവഹിക്കുന്നുണ്ട്.
ഒരു തീപ്പൊരി അണഞ്ഞു
കോട്ടയത്ത് അഞ്ചു പതിറ്റാണ്ടു മുന്‍പ് ചെല്ലുമ്പോഴൊക്കെ ആദ്യം കാണുകയും അവിടത്തെ വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്തുവന്ന തീപ്പൊരിയായിരുന്നു കഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ ജി. വിജയനാഥ്. 1963-67 ല്‍ അവിടെ ജില്ലാ പ്രചാരകനായിരുന്ന കാലത്തും നഗരത്തില്‍ പ്രചാരകന് മാധവനുണ്ണിയായിരുന്നു. അദ്ദേഹംഅവിടെ വിപുലമായ സമ്പര്‍ക്കത്തിലൂടെ ധാരാളം ചൊറുചൊറുക്കുള്ള കോളജ്, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ സംഘമാര്ഗത്തില്കൊണ്ടുവന്നു. അവരില്‍ ഒരാളായിരുന്നു വിജയനാഥ്. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കനകരാജ്, പന്തല്പണിക്കാരായിരുന്ന ശിവരാമന് ചേട്ടന്റെ മക്കള്‍, പിന്നീട് പ്രാന്തീയ സേവാ പ്രമുഖനായ കെ.എന്‍. മേനോന് എന്നിങ്ങനെ വളരെ നീണ്ട ഒരു പട്ടിക തയാറാക്കാന്‍ കഴിയും. കുമ്മനം രാജശേഖരന് എന്നു ഇന്നു നാമകരണം അറിയുന്ന ബഹുമുഖ പ്രതിഭയെയും, വിശ്വന് പാപ്പയെയും ആദ്യമായി ഞാന്‍ പരിചയപ്പെടുന്നതു ഉണ്ണിയിലൂടെയാണ്. കോട്ടയത്തെ സായാഹ്നങ്ങളില്‍ ശാഖകഴിഞ്ഞു തിരുനക്കര ക്ഷേത്രത്തിനു മുന്നിലെ ഗ്യാലറിയില്‍ നടന്നുവന്ന സമാഗമങ്ങളും അവിസ്മരണീയങ്ങളും വിജ്ഞാനപ്രദങ്ങളുമായിരുന്നു.
പിന്നീട് ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്കു കോട്ടയത്തു വന്നപ്പോള്‍ അതു സംബന്ധമായ കാര്യങ്ങള്‍ക്കുള്ള സമ്പര്ക്കസ്ഥാനമായതു വിജയനാഥിന്റെ ഡ്രൈക്ലീനിങ് കടയായിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ മണിയുടെ മുറുക്കാന്‍ കടയായിരുന്നു തുടക്കംമുതല്‍ അവിടത്തെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍. വിജയനാഥിന്റെ ഒരെക്സ്ട്രാ സ്ഥാനം കൂടിയായി എന്നു മാത്രം. കോട്ടയത്തെ പ്രസിദ്ധമായ കമ്യൂണിസ്റ്റ് കുടുംബമാണ് വിജയനാഥിന്റെത്. ശാഖയില്‍ വരികയും ‘സംഘഭൂതം’ ബാധിക്കുകയും ചെയ്തതിന്റെ ഫലം അവസാനം വരെ നിലനിന്നിരുന്നു. ആവേശം കൂടി ചിലപ്പോള്‍ എടുത്തു ചാട്ടവും കാണിച്ചിരിക്കാം.
ജന്മഭൂമിയുടെ ആരംഭകാലത്തു അതിനു വേണ്ടിയും ഏറെ പരിശ്രമിച്ചിരുന്നു. സ്വന്തം നിലയ്ക്കും നല്ലൊരു വിഹിതം ഓഹരികള്‍ എടുത്തും സുഹൃത്തുക്കളെകൊണ്ടെടുപ്പിച്ചും. അടിയന്തരാവസ്ഥയിലും അദ്ദേഹത്തിന് വളരെ കഷ്ടനഷ്ടങ്ങളുണ്ടായി. സത്യഗ്രഹ സമരത്തിന് കോട്ടയത്ത് അദ്ദേഹം നേതൃത്വം നല്കിയ ദിവസം വമ്പിച്ച ആവേശത്തിരയിളക്കം തന്നെയുണ്ടായി. വിജയനാഥ് (ജനസംഘം യുവജനവിഭാഗം കണ്‍വീനര്‍) നഗരത്തില്‍ അറിയപ്പെടുന്ന വ്യക്തിയായതിനാല്‍ ധാരാളം പേര് സത്യഗ്രഹം കാണാന്‍ എത്തിയിരുന്നു. പോലീസുകാര്‍ സ്റ്റേഷനില്‍ കയറ്റുന്നതിനിടയില്‍ സത്യഗ്രഹികളെ മര്‍ദ്ദിച്ചു. പ്രകടനത്തില്‍ 2000 ഓളം പേര് പങ്കെടുത്തത് സകലരെയും വിസ്മയിപ്പിച്ചു. നാലഞ്ചുതരത്തിലുള്ള നോട്ടീസുകളും വിതരണം ചെയ്യപ്പെട്ടു. ഇത്ര കഠിനമായ അടിച്ചമര്‍ത്തല്‍ ഉണ്ടായിട്ടും ഇത്രയേറെപ്പേര്‍ എങ്ങനെ വന്നുവെന്നതാണ് ജനങ്ങളെ വിസ്മയിപ്പിച്ചത്. ഹരിയേട്ടന് സമ്പാദനം ചെയ്ത അടിയന്തരാവസ്ഥയിലെ ഒളിവു രേഖകള്‍ (2)ല്‍ അതിനെ വിവരിക്കുന്നതിങ്ങനെയാണ്.
ജന്മഭൂമിയുടെ ചുമതലയേറ്റെടുക്കാന്‍ നിയുക്തനായതിനാല് ഞാന്‍ അടിയന്തരാവസ്ഥക്കുശേഷമുണ്ടായ രാജനൈതിക ഇടപെടലുകളില്‍ നിന്നകന്നു നിന്നത് വിജയനാഥിനു ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തവര്‍ വേറെയുമുണ്ടായിരുന്നു. അവര്‍ അതെപ്പോഴും പറയുകയുമുണ്ടായി. അടിയന്തരാവസ്ഥയിലും അതിനുശേഷം കുറച്ചുകാലവും കോട്ടയത്ത് ബന്ധുക്കള്‍ക്ക് ഒരുമിച്ച് അനൗപചാരികമായി സംവദിക്കാന്‍ നേവ്ഗി എന്ന സ്വയംസേവകന്റെ കോഫിഷോപ്പ് ഉണ്ടായിരുന്നു. അവിടെ സ്വകാര്യ സൗഹൃദസംഭാഷണത്തിനു പറ്റിയ വിധത്തില്‍ ഇരിപ്പിട സജ്ജീകരണവും സാധ്യമായിരുന്നു. ജന്മഭൂമി ഇന്ന് എറണാകുളത്തെ എളമക്കരയില്‍ സ്ഥിതിചെയ്യുന്ന സ്ഥലം ലഭ്യമാക്കിയതു നേവ്ഗിയുടെ സൗമനസ്യം മൂലമായിരുന്നു.
ജന്മഭൂമിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്ന രാധാകൃഷ്ണന് വിജയനാഥിന്റെ ചരമവൃത്താന്തം അറിയിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധപ്പെട്ടില്ലോ എന്ന കുറ്റബോധം മനസ്സിലുയര്‍ന്നു. 70 കഴിഞ്ഞാണ് അന്ത്യമെങ്കിലും മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന വിജയനാഥ് കടുക് പൊട്ടുന്നതുപോലത്തെ 25 കാരനാണ്. സംഘപഥത്തിലെ ഈ മൂന്ന് സഹയാത്രികരും ബ്രഹ്മലീനരാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: