സൗരാഷ്ട്ര: രഞ്ജിട്രോഫി എലൈറ്റ് ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് വിജയം. മേഘാലയയെ ഒരു ഇന്നിങ്സിനും 166 റണ്‍സിനുമാണ് പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്സില്‍ 357 റണ്‍സ് ലീഡ് വഴങ്ങിയ മേഘാലയ മൂന്നാം ദിനത്തില്‍ 191 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: മേഘാലയ: 148, 191, കേരളം: ഒമ്പത് വിക്കറ്റിന് 505.
രണ്ട് ഇന്നിങ്സുകളിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ഏദന്‍ അപ്പിള് ടോമാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ കേരളത്തിന് ഏഴു പോയിന്റ് ലഭിച്ചു.
എട്ടിന് 454 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച കേരളം ഒമ്പത് വിക്കറ്റിന് 505 റണ്‍സ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു. ഇതോടെയാണ് കേരളത്തിന് 357 റണ്‍സ് ലീഡ് കിട്ടിയത്. 76 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന വി.ഗോവിന്ദ് സെഞ്ച്വറി കുറിച്ചു. 106 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഈ മത്സരത്തില്‍ നൂറ് കടക്കുന്ന മൂന്നാമെത്ത താരമാണ് ഗോവിന്ദ്്. ഓപ്പണര്‍മാരായ പി. രാഹുലും (147) റോഹന്‍ കുന്നുമ്മലും (107) നേരത്തെ സെഞ്ച്വറി നേടിയിരുന്നു.
കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ മേഘാലയ്ക്ക് കേരളത്തിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 191 റണ്‍സിന് ബാറ്റ് താഴ്ത്തി. 16 ഓവറില്‍ 43 റണ്‍സിന് നാലു വിക്കറ്റ് എടുത്ത ബേസില്‍ തമ്പിയാണ് മേഘാലയയെ തകര്‍ത്തത്. ജലജ് സക്സേന 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏദന്‍ അപ്പിള് ടോം മുപ്പത് റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ആദ്യ ഇന്നിങ്സില്‍ ഏദന്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. മേഘാലയയ്ക്കായി ചിരാഗ് ഖുറാന 75 റണ്‍സ് എടുത്തു. ദീപു സാംങ്മ 55 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: