വെല്ലിങ്ടണ്‍: സമുദ്രത്തിന്റെ ആഴമുള്ള ഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രേത സ്രാവിന്റെ കുഞ്ഞിനെ കണ്ടെത്തി. ന്യൂസീലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് അടുത്ത കാലത്തായി മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞിനെ കണ്ടെത്തിയത്. കടലിന്റെ ആഴമേറിയ ഭാഗങ്ങളിലാണ് ഇവ വസിക്കുന്നത്. ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിന് സമീപത്ത് നിന്നാണ് പ്രേത സ്രാവ് കുഞ്ഞിനെ കണ്ടെത്തിയത്.
ആഴത്തിലുള്ള ജലജീവികളെ, പ്രത്യേകിച്ച് പ്രേത സ്രാവുകളെ കണ്ടെത്താന്‍ പൊതുവെ പ്രയാസമുണ്ടെന്ന് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡോ.ബ്രിറ്റ് ഫനൂച്ചി പറഞ്ഞു. ഈ മത്സ്യങ്ങള്‍ അതിലും വളരെ നിഗൂഢമാണ്, പലപ്പോഴും കാണാനാകില്ല. ഗോസ്റ്റ് ഷാര്‍ക്കുകള്‍ ചിമേര സ്പീഷീസ് എന്നും അറിയപ്പെടുന്നു. ഗോസ്റ്റ് ഷാര്‍ക്കുകളെന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് സ്രാവുകളുമായി യാതൊരു വിധ ബന്ധവുമില്ല. കടലിന്റെ ആഴങ്ങളിലാണ് വാസമുറപ്പിക്കാറുള്ളതെങ്കിലും വളരെ അപൂര്‍വമായി ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
പ്രായപൂര്‍ത്തിയായ ഒരു ഗോസ്റ്റ് സ്രാവിന് രണ്ട് മീറ്റര്‍ നീളമുണ്ട്, സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഒച്ചുകളേയും പ്രാണികളേയും മാത്രമാണ് ഇത് ഭക്ഷിക്കുന്നത്.ശാസ്ത്രജ്ഞര്‍ക്ക് പോലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല എന്നതാണ് കൗതുകകരം . വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ ഇതേക്കുറിച്ച് പഠനം നടത്തുന്നുണ്ട്. പ്രേത സ്രാവ് സമുദ്രത്തിന്റെ അടിത്തട്ടില്‍ മുട്ടയിടുന്നതിനാല്‍ ഈ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ പുറത്തേയ്ക്ക് കാണുന്നതും അപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: