കോഴിക്കോട് : ഐഎന്‍എല്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശ്ശന നടപടികള്‍ തന്നെ കൈക്കൊള്ളാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കാരണം കാണിക്കലിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. അതിനുശേഷം പാര്‍ട്ടി ഉന്നതതലയോഗം ചേര്‍ന്ന് തുടര്‍ നടപടി കൈക്കൊള്ളും. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ തികച്ചും സ്വകാര്യാ വിഷയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ആയതെന്നു മന്ത്രി അറിയിച്ചു.
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് അടുത്തിടെ കോഴിക്കോട് നടന്ന യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി എ.പി. അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2018 മുതല്‍ പാര്‍ട്ടിയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ റദ്ദാക്കിയെന്ന് യോഗത്തില്‍ അബ്ദുള്‍ വഹാബ് അറിയിച്ചിരുന്നു.
കോഴിക്കോട് വിളിച്ച യോഗത്തില്‍ നിലവില്‍ ഉണ്ടായിരുന്ന 120 അംഗ സംസ്ഥാന കൗണ്‍സിലെ 77 അംഗങ്ങള്‍ പങ്കെടുത്തെന്നാണ് അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെട്ടത്. ഭൂരിഭാഗം അംഗങ്ങളേയും പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാന്‍ കഴിഞ്ഞെന്ന നിലപാടിലായിരുന്നു എ പി അബ്ദുള്‍ വഹാബ് വിഭാഗം. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വിളിച്ച് ചേര്‍ത്തത് ഐഎന്‍എല്‍ യോഗമല്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ പ്രതികരണം. വിവിധ കാരണങ്ങളാല്‍ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുന്‍ പ്രസിഡന്റ് യോഗം വിളിച്ച് അപഹാസ്യനായെന്നായിരുന്നു ആക്ഷേപം.
മുതിര്‍ന്ന നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചാണ് എ.പി. അബ്ദുള്‍ വഹാബ് പ്രസിഡന്റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. പകരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എ.പി. അബ്ദുള്‍ വഹാബ് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഐഎന്‍എല്‍ പിളര്‍പ്പിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: