മണി ആശാന് പാവം. പൊതുവെ കേള്‍ക്കുന്ന ശബ്ദമാണത്. ആശാന്റെ ശബ്ദവും ശകാരവും കൈ തിരുമ്മലും ആസ്വദിക്കാത്തവരുണ്ടാവില്ല. ‘ഞാനൊരു പാവമാണെ’ന്ന് ആശാന് തന്നെ സമ്മതിക്കുന്നു. മണിയോട് ഉയരുന്ന ചോദ്യങ്ങളോട് ‘നിങ്ങള്‍ ചോദിക്കാനുള്ളതെല്ലാം ഇപ്പോഴത്തെ മന്ത്രി കൃഷ്ണന്‍കുട്ടിയോട് ചോദിക്ക്. എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ചെയര്മാന് എന്നെ വിളിച്ച് പറഞ്ഞത്. അയാള്‍ തുടരണോ എന്നും മന്ത്രിയോട് ചോദിക്ക്. ആര്യാടന് മുഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് നടന്നത്കൂടി സതീശന് ചോദിക്കണം. ആര്യാടനും മകനും കൂടി വ്യക്തികള്‍ക്ക് വരെ കൊടുത്തു. ഉമ്മന്‍ചാണ്ടിയും ഇതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് എന്റെ അഭിപ്രായം.’ ഇപ്പറഞ്ഞ മണിക്ക് ആര് മണികെട്ടും…!
രാജാക്കാട് സൊസൈറ്റിക്ക് 21 ഏക്കര്‍ ഭൂമി കൈമാറിയ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മണിയുടെ ന്യായീകരണം. വൈദ്യുതി ബോര്‍ഡിന്റെ തീരുമാനമാണിത്. ഏറ്റവും കൂടുതല്‍ തുക ക്വാട്ട് ചെയ്തവര്‍ക്കാണ് ഭൂമി നല്‍കിയത്. അത് തികച്ചും വ്യവസ്ഥാപിതമാണെന്നതില്‍ മണിക്കൊട്ടും സംശയമില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുമെന്ന് പറയുമ്പോള്‍ തന്നെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വരുമാനം പങ്കിടുമെന്ന വ്യവസ്ഥ വച്ചിട്ടുണ്ട്. 80 ശതമാനം സഹകരണ സ്ഥാപനത്തിനും 20 ശതമാനം ഹൈഡല്‍ ടൂറിസത്തിനും വീതം. ടൂറിസം വികസനത്തിനായി സൊസൈറ്റിക്ക് സ്ഥലം നല്‍കില്ലെന്ന ബോര്‍ഡ് ചെയര്മാന് ബി. അശോകിന്റെ ആരോപണത്തെ നേരിടാനായിരുന്നു മണിയുടെ മലക്കംമറിച്ചില്‍. ഇവിടെയും ഉയരുന്ന ചോദ്യം ഈ പൂച്ചക്കാര് മണികെട്ടും…!
വ്യാഴാഴ്ച തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നല്ലോ നയപ്രഖ്യാപന പ്രസംഗ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായ ഉടക്ക്. ഇത് ബിജെപിയും സര്‍ക്കാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ എന്നായിരുന്നു പ്രതിപക്ഷ വാദം. കൊടുത്തും വാങ്ങിയും ശീലമായിരുന്നല്ലോ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ളത്. സിപിഎം സെക്രട്ടേറിയറ്റ് കഴിഞ്ഞ് പുറത്തിറങ്ങുന്ന നേതാക്കളെ ഓരോരുത്തരേയും കണ്ട് അഭിപ്രായമറിയാന്‍ മാധ്യമങ്ങള്‍ വളഞ്ഞു. ഒട്ടുമിക്ക പേരും വിവാദത്തില്‍ തലവച്ചില്ല. മണിയുടെ മുന്നിലെത്തിയപ്പോള്‍ കുശാലായി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നാലാംതരത്തിലെ അഞ്ചാം തരം കളി എന്നാണ് മണിയുടെ അഭിപ്രായം. ‘ഒപ്പിടുന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അഞ്ചുതവണ കൂറുമാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്. ബിജെപിയുടെ കൂടെക്കൂടിയാണ് ഇപ്പോള്‍ ഗവര്‍ണറായത്. അങ്ങനെയാണ് ഈ വിഡ്ഢിത്തം പറയുന്നത്. മന്ത്രിമാരുടെ സ്റ്റാഫിന്റെ പെന്‍ഷനാണ് വിഷയം. പെന്ഷന് നല്‍കുന്നത് ഇയാളുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്നല്ല. ഗവര്‍ണര്‍ വാങ്ങുന്നതും സര്‍ക്കാര്‍ ഖജനാവിലെ പണമാണ്! ഈ മണിക്ക് ആര് മണികെട്ടും!
ഇന്നലെ നിയമസഭയിലാകെ കണ്ടത് കൊടുക്കല്‍ വാങ്ങല്‍ ശൈലിയാണ്. ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക് വിളികളോടെയാണ് ഗവര്‍ണറെ പ്രതിപക്ഷം സ്വാഗതം ചെയ്തത്. ഇത് കടുത്തപ്പോള്‍ ഗവര്‍ണര്‍ സ്വരം കടുപ്പിച്ചു. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രതിപക്ഷം മുഖംതിരിക്കുന്നത് ആദ്യ സംഭവമല്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ക്കുവേണ്ടി സ്വരം ഉയര്‍ത്താന്‍ ഭരണപക്ഷവും തയ്യാറാകും. എന്നാലിന്നലെ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ ഭരണപക്ഷം പ്രോത്സാഹിപ്പിക്കുന്നതാണ് കണ്ടത്. പക്ഷേ ഗവര്‍ണര്‍ക്കത് കേട്ടിരിക്കാനായില്ല. ‘നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള സന്ദര്‍ഭമല്ല ഇത്. നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ എത്രയോ സന്ദര്‍ഭങ്ങളുണ്ട്.’ പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിപക്ഷ നേതാവിന്റെയും മറ്റ് നേതാക്കളുടെയും അഭിപ്രായപ്രകടനമായി പുറത്ത്. ‘കൊടുക്കല്‍ വാങ്ങല്‍ ചടങ്ങിന്റെ നാടകമാണ് അകത്തെന്ന ആക്ഷേപവും’ ഉയര്‍ന്നു.
പ്രതിപക്ഷത്തിന്റെ വികാരപ്രകടനങ്ങളെ ആസ്വദിച്ചിരിക്കുന്ന ഭരണപക്ഷം ഗവര്‍ണറുടെ പ്രസംഗം നടക്കുന്നതായി ഭാവിച്ചതേയില്ല. സാധാരണ നിലയില്‍ കേന്ദ്രനയങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഒരു സ്വരമുണ്ട്. സംസ്ഥാനത്തിന്റെ നയങ്ങളെ പറയുമ്പോഴും ആളനക്കമുണ്ടാകും. ഇത് ഒന്നും നടന്നില്ല. ശ്മശാന മൂകതയായിരുന്നു സഭാതലം ആകെ. ഒരു മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പ്രസംഗം പൂര്‍ത്തിയായപ്പോഴും ആരും ഒന്നും മിണ്ടിയതേയില്ല. പറയാനുള്ളതെല്ലാം നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു. പ്രതിപക്ഷത്തിന്റെ വാചകം കടമെടുത്താല്‍ ‘എല്ലാം ഒരു കൊടുക്കല്‍ വാങ്ങല്‍ ചടങ്ങ്.’
ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചതാണല്ലോ കോപത്തിനും കലഹത്തിനും കാരണമായി പറയുന്നത്. ആ നിയമന ഉത്തരവില്‍ സര്‍ക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്തിയത് പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ആണല്ലോ. ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ഒപ്പിടുന്നത് ജ്യോതിലാലിനെതിരെ നടപടി സ്വീകരിച്ചതിനുശേഷമാണ്. ആ ജ്യോതിലാല്‍ ഇന്നലെ സഭയയില്‍ എല്ലാം കണ്ടും കേട്ടും ഇരുപ്പുമുണ്ടായി. ഹരി എസ്. കര്ത്തയെക്കുറിച്ചുള്ള അഭിപ്രായം നേരിട്ട് സംസാരിക്കുന്നതിന് പകരം അത് ഉത്തരവിന്റെ ഭാഗമാക്കി മാറ്റിയതും പരസ്യപ്പെടുത്തിയതുമാണ് വിഷയമായത്. ആ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്ത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം ചോദ്യമായിത്തന്നെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: