കാബൂള്‍: സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്നും അവര്‍ നല്ല വിശ്വാസികളല്ലെന്നും അതിനാല്‍ അവര്‍ക്ക് ജഡ്ജി ആകാന്‍ കഴിയില്ലെന്നും താലിബാന് ജഡ്ജി. വൈസ് ന്യൂസ് പുറത്തിറക്കിയ ഡോക്യുമെന്ററി ചിത്രത്തിലാണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങള്‍.
താലിബാന് ഭരണമേറ്റെടുത്ത ശേഷമുള്ള ആറ് മാസക്കാലമാണ് ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നത്. എങ്ങിനെയാണ് താലിബാന് ഭരണത്തില്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ചവുട്ടിമെതിയ്ക്കുന്നതെന്ന് ഈ ഡോക്യുമെന്ററി തുറന്നുകാട്ടുന്നു. താലിബാന് മുന്‍പുള്ള ഭരണത്തില്‍ സ്ത്രീകളുടെ ജീവിതവും സാഹചര്യങ്ങളും എത്ര മെച്ചപ്പെട്ടതായിരുന്നു എന്ന് ഈ ഡോക്യുമെന്ററി പറഞ്ഞുതരുന്നു.
വൈസ് ന്യൂസിന് വേണ്ടി ഈ ഡോക്യുമെന്ററി പകര്‍ത്തിയത് ഒരു വനിത ജേണലിസ്റ്റാണ്. അഭിമുഖത്തിന് വേണ്ടി ഒരു മൗലാനയെ സന്ദര്‍ശിക്കേണ്ടിവരുമ്പോള്‍ ശരിയത്ത് നിയമപ്രകാരം അടിമുടി ബുര്‍ഖ ധരിച്ചാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.
‘സ്ത്രീകള്‍ക്ക് ബുദ്ധി കുറവായതിനാല്‍ അവര്‍ക്ക് ഒരിയ്ക്കലും ജഡ്ജിയാകാന്‍ കഴിയില്ല’- പാകിസ്ഥാനിലെ മതപഠന സ്കൂളില്‍ പഠിച്ച ഒരു താലിബാന് ജഡ്ജി പറയുന്നത് ഡോക്യുമെന്ററിയില്‍ കാണാം. സ്ത്രീക്കും പുരുഷനും നിയമങ്ങള്‍ വ്യത്യസ്തമാണെന്നും താലിബാന് കരുതുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ ഒരു അനീതിയും ഇല്ലെന്നും സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരപ്രശ്നമാണെന്നുമാണ് താലിബാന് വാദിക്കുന്നത്.
ഡോക്യുമെന്ററിയില്‍ ഇസ്ലാമിക നിയമത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങളൊന്നുമില്ലെന്നും ഡോക്യുമെന്ററി തുറന്നുകാണിക്കുന്നു. 15കാരിയായ പെണ്‍കുട്ടിയെ അല്പം പണത്തിനും ഏതാനും ആടുകള്‍ക്കും വേണ്ടി 80കാരന് വിവാഹം കഴിക്കുന്നതുപോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. നിരന്തരമായി സ്ത്രീകളെ അവരുടെ ഭര്ത്താക്കന്മാര് മര്‍ദ്ദിക്കുന്നതും പതിവാണ്. അങ്ങിനെ കയ്യുടെയും കാലിന്റെയും മുക്കിലെയും എല്ലുപൊട്ടിയ നിരവധി സ്ത്രീകളെ ഡോക്യുമെന്ററി പച്ചായി മുന്നിലെത്തിക്കുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടു സഹിതം വീടിനകത്ത് ഭര്‍ത്താവ് നടത്തുന്ന പീഢനങ്ങളെക്കുറിച്ച് ഒരു സ്ത്രീ കോടിതിയില്‍ വാദിക്കുന്നുണ്ട്. താലിബാന് മുന്‍പുള്ള ഭരണത്തില്‍ കീഴിലെ കോടതിയിലാണ് ഈ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് എത്തുന്നത്. താലിബാന് മുന്‍പുള്ള അഫ്ഗാനിസ്ഥാനില്‍ വനിതാജഡ്ജിയാണ് കേസ് കേള്‍ക്കുന്നത്. വിവാഹമോചനം അനുവദിച്ചാണ് ഇവര്‍ ഉത്തരവിടുന്നത്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിനും മുന്‍പ് താലിബാന്റെ ഭരണമെത്തി. കേസ് വീണ്ടും താലിബാന് കോടതിയില്‍ എത്തുന്നു. എന്നാല്‍ ഭര്‍ത്തൃപീഢനം കൊണ്ട് സഹികെട്ട യുവതിയോട് വീട്ടില്‍ തന്നെ ഭര്‍ത്താവിനൊപ്പം താമസിക്കാനാണ് താലിബാന് വിധിക്കുന്നത്. അന്ന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട വനിതാ ജഡ്ജി വേറൊരിടത്ത് ഒളിച്ച് കഴിയുകയാണ്. താലിബാന്റെ കണ്ണില്‍പ്പെട്ടാല്‍ തന്റെ ജീവിതത്തിനും അന്ത്യമാകുമെന്ന് ഈ വനിതാ ജഡ്ജി ഭയപ്പെടുന്നു. താലിബാന് ഭരണത്തില്‍ പുതിയ വിധി പ്രസ്താവിച്ച ജഡ്ജിയോട് ഡോക്യുമെന്ററിയുടെ സംവിധായിക വിധിയിലെ മാറ്റത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിന് പുതിയ താലിബാന് ജഡ്ജിയുടെ മറുപടി ഇങ്ങിനെ:’ഈ കേസ് സിംപിളാണ്. ഭര്‍ത്താവിനെതിരെയുള്ള കുറ്റങ്ങളാണ് സ്ത്രീ പറഞ്ഞത്. പക്ഷെ അവര്‍ അവകാശപ്പെടുന്നതുപോലെ വീടിനകത്തെ ഭര്‍ത്തൃപീഢനം തെളിയിക്കാന്‍ അവരുടെ പക്കല്‍ സാക്ഷികളില്ല. എന്നാല്‍ ഭര്‍ത്താവാകട്ടെ വിശുദ്ധഗ്രന്ഥത്തില്‍ തൊട്ടാണ് സത്യം ചെയ്യുന്നത്. അതുകൊണ്ട് അയാളെ (ഭര്‍ത്താവിനെ) വിശ്വസിക്കാം.’- താലിബാന് ജഡ്ജി പറയുന്നു.
ജഡ്ജിയുടെ ജോലി സ്ത്രീക്ക് ചെയ്യാന്‍ കഴിയുമോ എന്ന വനിത ജേണലിസ്റ്റിന്റെ ചോദ്യത്തിന് താലിബാന് ജഡ്ജി പറയുന്ന മറുപടി ഇതാണ്: ‘ഇല്ല. കാരണം സ്ത്രീകള്‍ക്ക് കുറഞ്ഞ ബുദ്ധിയേള്ളൂ എന്ന് മാത്രമല്ല അവര്‍ നല്ല വിശ്വാസികളുമല്ല.’
80കാരനെ വിവാഹം കഴിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ജീവിതവും ഡോക്യുമെന്ററി കാണിക്കുന്നുണ്ട്. ഭര്‍ത്താവിന് കുഞ്ഞിനെ ജനിപ്പിക്കാനുള്ള ശേഷിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൃദ്ധനായ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പരപുരുഷഗമനത്തിനാണ് പെണ്‍കുട്ടി ശ്രമിക്കുന്നതെന്ന് വൃദ്ധന് ആരോപിക്കുന്നു. അസാന്മാര്‍ഗ്ഗികതയ്ക്ക് കല്ലെറിഞ്ഞ് കൊല്ലലാണ് ശിക്ഷ. ഒടുവില്‍ ഈ പെണ്‍കുട്ടി അവിടെ നിന്നും ഓടിരക്ഷപ്പെട്ട് ഒരു സാമൂഹ്യപ്രവര്‍ത്തക നടത്തുന്ന അഭയകേന്ദ്രത്തില്‍ എത്തുന്നു. സാമൂഹ്യപ്രവര്‍ത്തകയായ ഈ സ്ത്രീയും ഭയപ്പാടോടെയാണ് അഭയകേന്ദ്രം നടത്തുന്നത്. കാരണം, താലിബാന്റെ കയ്യില്‍പ്പെട്ടാല്‍ മരണം തന്നെ വിധി.
താലിബാന് ഭരണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തി അവര്‍ ബുര്‍ഖ ധരിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് കാണാം. സ്ത്രീകള്‍ക്കുള്ള ദൈവനിയമത്തിന്റെ വ്യത്യാസമെന്തെന്ന് ഒരു താലിബാന്കാരന് വിശദീകരിക്കുന്നത് കാണാം. അയാള്‍ പറയുന്നത് സ്ത്രീകള്‍ വീടനകത്ത് താമസിക്കണമെന്നും അവരുടെ ഭര്‍ത്താവിനെ സേവിക്കണമെന്നുമാണ്. ഇതില്‍ യാതരു പ്രശ്നവുമില്ല. ഈ ഭരണത്തില്‍ അഫ്ഗാനിലെ ഒരു സ്ത്രീയ്ക്കും എതിര്‍പ്പില്ലെന്നും അയാള്‍ പറയുന്നു. പണം സമ്പാദിക്കുന്നതും കുടുംബത്തിന്റെ ഉത്തരാവാദിത്വം ഏല്‍ക്കുന്നതും ഭര്‍ത്താവിന്റെ ജോലിയാണ്. ഡോക്യുമെന്ററിയില്‍ ഒരു ആണ്‍കുട്ടി അച്ഛനെപ്പോലെ താലിബാന്‍കാരനായി മാറുന്നത് കാണാം.
കുറെയധികം ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പലരേയും ഡ്യുറന്റ് എന്ന അഫ്ഗാന്-പാക് അതിര്‍ത്തിയില്‍ തടയുന്നത് കാണാം. അവിടെ രോഗികളും അമ്മയെ കാണാതെ നിലവിളിക്കുന്ന കുട്ടികളും നിരാശരായ ചെറുപ്പക്കാരെയും കാണാം. എല്ലാവരും ആ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ആഗ്രഹിക്കുന്നവരാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: