തൊടുപുഴ : മരം മുറി വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു.
അടിമാലി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോണ്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ യൂണിറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി.യു. സജീവന്റെ നേതൃത്വത്തില്‍ ജോജിയുടെ വീട്ടിലും തേക്കടിയില്‍ ഇയാളുടെ അമ്മയുടെ പേരിലുള്ള റിസോര്‍ട്ടിലും പരിശോധന നടത്തിയത്. സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇവ വിശദമായ പരിശോധനക്കു ശേഷമേ കൃത്യമായി എത്ര അനധികൃത സ്വത്ത് ഉണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. വീട്ടിലും റിസോര്‍ട്ടിലുമുള്ള തടി ഉപകരണങ്ങള്‍ മറ്റും വിദഗ്ദധരുടെ സാഹയത്തോടെ പരിശോധന നടത്തും. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസുകളും അധിക ചുമതല വങിച്ചിരുന്ന നേര്യമംഗലം റേഞ്ചില്‍ 92 പാസുകളും അനധികൃതമായി നല്‍കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും തേക്ക് തടി വെട്ടി കടത്തിയതായും കണ്ടെത്തിയിരുന്നു. ഇവയില്‍ ചിലത് തേക്കിയിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ വനം വകുപ്പ് ഇയാളെ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: