തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ചായക്കടയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം പോലീസ് കണ്ടെടുത്തിരുന്നു.
കേസിലെ പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി. ആദ്യം തെളിവെടുപ്പിനായി അമ്പലമുക്കിൽ എത്തിച്ചപ്പോഴും രാജേന്ദ്രനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.
കൊലപാതകത്തിന് ശേഷം രക്തകറ പുരണ്ട ഷർട്ട് മുട്ടടയിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പോലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ട് കണ്ടെത്തിയെങ്കിലും കുളത്തിൽ നിന്ന് കത്തി കണ്ടെത്താനായിരുന്നില്ല.
ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞുവെന്നാണ് രാജേന്ദ്രൻ പിന്നീട് പറഞ്ഞത്. കൊടും ക്രിമിനലായ രാജേന്ദ്രൻ പോലീസിനെ കുഴയ്‌ക്കുന്ന രീതിയിലാണ് മൊഴികള്‍ മാറ്റിമാറ്റി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: