തിരുവനന്തപുരം : കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിനായെന്ന് കേരള ഗവര്‍ണര്‍ ആരിഫി മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. കോവിഡ് മരണ നിരക്ക് സംസ്ഥാനത്ത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ചു നിന്നു. കൊറോണ മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനായി എന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചു. ജനങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്കാന് കഴിഞ്ഞത് നേട്ടമായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ചികിത്സാ സൗകര്യമുണ്ടാക്കും. കേരളം സുസ്ഥിര വികസന സൂചികയില്‍. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയേയും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രശംസിച്ചു. ഇതിലൂടെ നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ല്‍ സമ്പൂര്‍ണ ഇ-ഗവേണന്‍സ് നടപ്പിലാക്കും. തമിഴ്നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്.
ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നില്‍. ദാരിദ്രനിര്‍മാര്‍ജനത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്രം കുറവ് സംസ്ഥാനത്താണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. ഒരു മണിക്കൂറിലധികം എടുത്തുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ത്തിയാക്കിയത്. സ്പീക്കറുടെ അനുമതിയോടുകൂടി ചില ഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനാി ഗവര്‍ണര്‍ നിയമസഭയിലെത്തിയതിന് പിന്നാലെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം സഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ക്ഷുഭിതനായ അദ്ദേഹം പ്രതിഷേധിക്കാനുള്ള സമയമല്ല ഇതെന്നും സഭയെ അറിയിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന് സഭയില്‍ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഡസ്കിലടിച്ചുള്ള ആഹ്ലാദപ്രകടനം ഇത്തവണയില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആദ്യം ഒപ്പുവെക്കില്ലെന്ന് അറിയിച്ചിരുന്നു. ശേഷം ഒത്തു തീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടാണ് നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: