തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.
നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മുഴങ്ങി. തുടര്‍ന്ന് പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ പ്രതിഷേധക്കാരെ അറിയിച്ചു. നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്.
പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനത്തിനാണ് ഗവര്‍റുടെ പ്രസംഗത്തോടെ ഇന്ന് തുടക്കമിട്ടത്. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വച്ചത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ്. കര്‍ത്തായെ നിയമിക്കുന്ന ഫയലില്‍ പൊതുഭരണ സെക്രട്ടറി ജ്യോതി ലാല്‍ വിയോജനക്കുറിപ്പെഴുതിയരുന്നു. ഇതില്‍ ഗവര്‍ണര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പൊതുഭരണ സെക്രട്ടറി ഇത്തരം ഒരു കത്തെഴുതണമെങ്കില്‍ അത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ആയിരിക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാര്‍ ജ്യോതി ലാലിനെ മാറ്റി നിര്‍ത്തി.
സമ്മേളനം രണ്ട് ഘട്ടമായാണ് നടക്കുക. സഭ മാര്‍ച്ച് 23 ന് പിരിയും. കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് നയ പ്രഖ്യാപന പ്രസംഗത്തിന് തുടക്കമായത്. 22 മുതല്‍ 24 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി സഭ പിരിയും. ബജറ്റ് അവതരണത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക.
മാര്‍ച്ച് 11 ന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ശേഷം 14 മുതല്‍ 16 വരെ ബജറ്റിനെ കുറിച്ചുള്ള പൊതു ചര്‍ച്ച നടക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് 22ന് സഭ പരിഗണിക്കും.
രണ്ട് ഘട്ടങ്ങളിലായി 14 ദിവസമാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സഭ നടപടികളുടെ വെബ് കാസ്റ്റിംഗ് ഒന്നര മണിക്കൂര്‍ വൈകിയാണ് നടക്കുന്നത് ഇത് 15 മിനിട്ടായി കുറയ്ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: