കടലാസു പണികളില്‍ മികവ് തെളിയിച്ചിട്ടുള്ളതാണ് കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാല. ഈ നിലയില്‍ അവര്‍ രാജ്യത്തെ ഇതര സര്‍വ്വകലാശാലകള്‍ക്കിടയില്‍ മികച്ച റാങ്കിങ്ങിലും എത്താറുണ്ട്. പക്ഷേ, പുറംമേനിക്കപ്പുറം ഉള്ളറകള്‍ പലപ്പോഴും പൊള്ളയാണ്. ഏറ്റവും ഒടുവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു ലക്ഷങ്ങള്‍ കൈക്കൂലി പറ്റുന്ന സ്ഥാപനമെന്ന ഖ്യാതിയും വന്നുചേര്‍ന്നു. മഹാത്മാവേ മാപ്പ്… എന്നല്ലാതെ എന്തു പറയാന്‍!
രാജ്യത്ത് മഹാത്മാഗാന്ധിയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏഴ് സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് കോട്ടയത്തേത്. മറ്റിടങ്ങളില്‍ ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ സര്‍വ്വകലാശാലയ്ക്ക്. ഒരു സര്‍വ്വകലാശാല എത്ര നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് അറിയണമെങ്കില്‍ അതിരമ്പുഴ പ്രിയദര്‍ശിനി ഹില്‍സിലെ കാമ്പസ് വളപ്പില്‍ എത്തിയാല്‍ മതി. അത്രയ്ക്ക് അരക്ഷിതാവസ്ഥയിലാണ് ഇവിടുത്തെ ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റേയും പ്രവര്‍ത്തനം. സ്ഥാനചലനം ഇല്ലാതിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഒരു സാമ്രാജ്യം തന്നയാണ് ഡിപ്പാര്‍ട്ടുമെന്റുകള്‍. ഇവിടങ്ങളില്‍ നടപ്പാക്കപ്പെടുന്നത് സര്‍വ്വകലാശാലയുടെ നയമല്ല, മറിച്ച് അവരവരുടെ നയമാണ്.
വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവരെല്ലാം അക്കാദമിക് തലത്തില്‍ മികവുറ്റവരായിരിക്കാം. എന്നാല്‍ ഇവരെല്ലാം ഭരണ തന്ത്രജ്ഞതയില്‍ പിന്നാക്കവുമാണ്. ഇതിന്റെ ആത്യന്തികഫലം സര്‍വ്വകലാശാലാ ഭരണം കുത്തഴിഞ്ഞ പുസ്തകം പോലെയായി എന്നതാണ്.
ഒരു സര്‍വ്വകലാശാലയുടെ താങ്ങും തണലും ഇതിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളും അവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളുമാണ്. എന്നാല്‍ ഇവിടെ ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല. വിദ്യാര്‍ത്ഥികളോടുള്ള ചില ജീവനക്കാരുടെ പെരുമാറ്റം ഔദാര്യം തേടിവന്നവരോടെന്ന പോലെയാണ്. ജീവനക്കാര്‍ക്കിടയിലെ രാഷ്ട്രീയ അതിപ്രസര ട്രേഡ് യൂണിയനുകളുടെ സ്വാധീനത്താല്‍ ജോലിയില്‍ കാര്‍ക്കശ്യമില്ല. ഇതിന്റെ പാപഭാരം മുഴുവന്‍ അനുഭവിക്കേണ്ടി വരിക വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളില്‍ കയറിയിറങ്ങാന്‍ വിധിക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ്.
വൈവിധ്യവത്കരണം അവകാശവാദം, കാര്യം നടക്കണമെങ്കില്‍ കയറിയിറങ്ങണം
എല്ലാ മേഖലകളിലും വൈവിധ്യവത്കരണം നടപ്പാക്കിയ സര്‍വ്വകലാശാലയാണ് എംജി എന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പക്ഷേ, പ്രസ്താവനകളും പ്രവൃത്തിയും തമ്മില്‍ അജഗജാന്തരമുണ്ട്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയെന്ന് അവകാശപ്പെടുമ്പോഴും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ലിസ്റ്റും ലഭിക്കണമെങ്കില്‍ ഓഫീസുകളില്‍ പലവട്ടം കയറിയിറങ്ങണം.
സെക്ഷനുകളില്‍ പ്രവേശിക്കണമെങ്കില്‍ ഫ്രണ്ട് ഓഫീസ് പാസ്സ് നിര്‍ബന്ധം. ആദ്യമായി എത്തുന്ന വിദ്യാര്‍ഥി പലവട്ടം നടന്നാലേ സെക്ഷന്‍ കണ്ടുപിടിച്ച് എത്താന്‍ സാധിക്കുകയുള്ളൂ. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ ദുരിതത്തില്‍ കൂടുതലായും ചെന്നുപെടുക. നിസ്സാരകാര്യത്തിനാണെങ്കിലും പലവട്ടം നടക്കേണ്ടി വരും. സര്‍വ്വകലാശാലയിലെ വിവിധ സെക്ഷനുകളുടെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ എടുക്കുകയും ഇല്ല. ഓണ്‍ലൈന്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എന്ന് പറയുന്നിടത്താണ് ഈ അവസ്ഥ.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വിദേശ രാജ്യങ്ങളില്‍ മൈഗ്രേഷനു ശ്രമിക്കുന്നവര്‍ക്ക് സര്‍വ്വകലാശാലയുടെ മെല്ലെപ്പോക്ക് ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഇതാണ് പലപ്പോഴും അഴിമതിക്കുള്ള സാഹചര്യത്തിന് ഇടവരുത്തുന്നത്. സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് കനത്ത ഫീസ് നല്‍കേണ്ടതുണ്ട്. ഒഫീഷ്യല്‍ ട്രാന്‍സ്ക്രിപ്റ്റ് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധന എന്നിവയ്ക്കാണ് കൂടുതല്‍ അപേക്ഷകള്‍ എത്തുന്നത്. ഇവ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊടുക്കാവുന്നവയും ആണ്. എന്നാല്‍ സര്‍വ്വകലാശാലയിലെ പരീക്ഷാ വിഭാഗം പ്രോഗ്രാം തകരാര്‍ മൂലം പലപ്പോഴും മാന്വല്‍ ആയി ഇവ തയ്യാറാക്കേണ്ടതായിവരും. ഇത് വലിയ കാലതാമസം വരുത്തുന്നു. സര്‍വ്വകലാശാല തലത്തില്‍ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ കണ്ടാണ് ഒരു സാധാരണ ഫയല്‍ തീര്‍പ്പാക്കുന്നത്. ഓരോ തട്ടിലും വരുത്തുന്ന കാലതാമസം നിരീക്ഷിക്കുന്നതിന് സംവിധാനം ഇല്ലാത്തതിനാല്‍ വലിയ കാലതാമസം പതിവാണ്.
പരീക്ഷാ വിഭാഗം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി എന്ന് പറയുമ്പോള്‍ തന്നെ ഇപ്പോള്‍ അഴിമതി നടന്ന എംബിഎ സെക്ഷനില്‍ പല സേവനങ്ങളും ഓഫ്ലൈന് ആണ്. പ്രഖ്യാപനങ്ങള്‍ പെരുകുമ്പോഴും മുന്‍പ് പ്രഖ്യാപിച്ചവയുടെ അവസ്ഥയും പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: