കൊല്‍ക്കത്ത: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ വിന്‍ഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിനിറങ്ങുന്നു. കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച വൈകിട്ട് 7.00 ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലുമൊക്ക ഇന്ത്യ മികവ് കാട്ടി. ബാറ്റിങ്ങില്‍ മുന്‍ നായകന് വിരാട് കോഹ്്ലിയും (17) ഉപനായകന്‍ ഋഷഭ് പന്തും(8) മാത്രമാണ് നിറം മങ്ങിയത്. ഇവരും ഇന്ന് ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് അനായാസ വിജയവുമായി പരമ്പര പോക്കറ്റിലാക്കാം. 158 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സ് നേടിയാണ് ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. അരങ്ങേറ്റക്കാരനായ രവി ബിഷ്ണോയി കളിയിലെ താരമായി. ബിഷ്ണോയി നാല് ഓവറില്‍ പതിനേഴ് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസിന് ഒരിക്കല്‍ പോലും ഇന്ത്യയെ കുഴപ്പത്തിലാക്കാനായില്ല. കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെ 3-2 ന് വീഴ്ത്തിയാണ് വിന്‍ഡീസ് ഇന്ത്യയിലെത്തിയത്. നിക്കോളസ് പൂരന്, ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, ഓപ്പണര്‍ കൈല്‍ മേയേഴ്സ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ഷെല്‍ഡണ്‍ കോട്രല്‍ നയിച്ച പേസ് നിരയ്ക്കും അവസരത്തിനൊത്തുയരാനായില്ല. ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഓള് റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ന് കളിച്ചേക്കും.
ഇന്ത്യക്ക് വിരാട് കോഹ് ലിയുടെ ഫോം മാത്രമാണ് പ്രശ്നം. അവസാന മത്്സരങ്ങളില്‍ കോഹ്ലിയുടെ സ്്കോര്‍ ഇങ്ങനെ 8,18, 0, 17. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി കോഹ്ലി തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു.
ആദ്യ മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ ആറു ബൗളര്‍മാരെ ഉള്‍പ്പെടുത്തി. അതുകൊണ്ട്ബൗളിങ് ഓള് റൗണ്ടര്‍ വെങ്കിടേഷിനും മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല. മിഡില്‍ ഓര്‍ഡറില്‍ ഓള് റൗണ്ടര്മാര്ക്കാണ് മുന്‍ഗണന. അതിനാലാണ് അയ്യരെ ഒഴിവാക്കിയതെന്ന് രോഹിത് പറഞ്ഞു.
ആദ്യ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ ദീപക് ചഹാര്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: