തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റി. ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ വിയോജനക്കുറിപ്പ് ഏഴുതിയ കെ.ആര്.ജ്യോതിലാലിനെയാണ് മാറ്റിയത്. പകരം ശാരദ മുരളീധരന് ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഫോണില്‍ വിളിച്ച് ഗവര്‍ണറെ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയായിരുന്നു.
നിയമസഭാ സമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലപാട് എടുത്തിരുന്നു. ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ എത്തിയിരുന്നു. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പിടിച്ച് വച്ചത്. പിണറായി വിജയന് നേരിട്ടെത്തി കണ്ടിട്ടും ഗവര്‍ണര്‍ പിന്നോട്ട് പോകാന്‍ തയാറായില്ല. തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മാറ്റിയ തീരുമാനം അറിയിച്ചതോടെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
കേരളത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്ഷന് അര്‍ഹതയുണ്ട്. ഇത് ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് ലഭിക്കില്ല.
പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്ഷന് നല്കുന്ന ഇത്തരം പേഴ്സണല്‍ സ്റ്റോഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല, ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: