കണ്ണൂര്‍ : കണ്ണൂര്‍ താനെയില്‍ കെ റെയിലിനായി കല്ലിടുന്നതിനിടെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ തര്‍ക്കം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ നാട്ടുകാരും കെ റെയില്‍ വിരുദ്ധ സമരസമിതിയും എത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി നാട്ടുകാര്‍ ചോദ്യം ചെയ്യുകയും ഒരു കാരണവശ്ശാലും കല്ലിടാന്‍ അനുവദിക്കില്ലെന്നും അറിയിച്ചതോടെ അത് ഉന്തും തള്ളിലേക്കും എത്തുകയായിരുന്നു.
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ അടക്കം നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതിനിടയില്‍ പ്രതിഷേധത്തിനെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥ അപമാനിച്ചെന്ന് പരാതി ഉയര്‍ന്നു. ഇവര്‍ മാപ്പ് പറയണമെന്നാവശ്യമുയര്‍ത്തി വീണ്ടും പ്രതിഷേധം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേക്കും കല്ലിടലിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണവും നടത്തുന്നുണ്ട്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്ക് വേണ്ടി സാമൂഹിക ആഘാത പഠനം നടത്താനാണ് തീരുമാനം.
അതേസമയം പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അനുമതി നല്‍കാനാകൂ എന്നാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. ഡിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ് നിലവില്‍ റെയില്‍വേ താത്കാലിക അനുമതി നല്‍കിയിട്ടുള്ളത്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ഡിപിആറിന് അനുമതി നല്കാത്തതിനാല് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്‍കണം. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: