കണ്ണൂര്‍: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തുടര്‍ച്ചയായി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അക്രമണങ്ങള്‍ നടക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ആശുപത്രികളെ ‘സുരക്ഷിത മേഖലകളാ’യി പ്രഖ്യാപിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.
ചികിത്സക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങള് ഉണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. പലപ്പോഴും സാമൂഹ്യവിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികള്‍. ആശുപത്രി അക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുന്നതിലും പോലീസ് അധികൃതര്‍ പരാജയപ്പെടുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ഡോക്ടര്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതികളില്‍ ചില പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു എന്നുള്ളതും ഇവര്‍ക്കെതിരെ കേസുകളെടുക്കാന്‍ പോലീസ് മടിക്കുന്നതിന് കാരണമാണ്. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിയായ പോലീസ് അറസ്റ്റു ചെയ്യപ്പെട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ലേഡി ഹൗസ് സര്‍ജനെ ആക്രമിച്ച കേസില്‍ പ്രതിയായ പോലീസ് ഗണ്മാന് അറസ്റ്റു ചെയ്യപ്പെട്ടില്ല. ആലപ്പുഴ നൂറനാട് കേസിലെ പ്രതിയും പോലീസാണ്. സ്ത്രീ ഡോക്ടര്‍മാരും നഴ്സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല.
ഒട്ടുമിക്ക ആശുപത്രി ആക്രമണ കേസുകളിലും പോലീസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നല്കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ തികഞ്ഞ നിസ്സംഗത പാലിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമണത്തില്‍ പോലും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ മനപൂര്‍വ്വമായ കാലതാമസം ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഐഎംഎ തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു. നിയമനടപടികള്‍ വൈകിപ്പിച്ച് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കുമ്പോള്‍ പലപ്പോഴും ഐഎംഎ പ്രതികരിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നു.
ആശുപത്രികളെ ‘സുരക്ഷിത മേഖലകളായി’ പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ചികിത്സ തേടിയെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍ പോലും ആശുപത്രി അക്രമണസമയത്ത് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ഐഎംഎ മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഡോ. ബാബുരവീന്ദ്രന്‍, ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് ഡോ. സുരേന്ദ്രബാബു, ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്മാന് ഡോ. കെ. ശശിധരന്, ഡോ. ലളിത് സുന്ദരം, ഐഎംഎ സംസ്ഥാന സമിതിയംഗം ഡോ. സുള്‍ഫിക്കര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: