കൊച്ചി: തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ തൊഴിലാളി യൂണിയന് അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്.
തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിഎംസിനെ നിര്‍മ്മാണ ജോലിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല എന്ന് സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിര്‍മ്മാണ ജോലികള്‍ തടസപ്പെടുകയായിരുന്നു.
ഇന്ന് സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ ജോലിക്കെത്തുകയായിരുന്നു. സമാനമായിത്തന്നെ ബിഎംഎസ് തൊഴിലാളികളും മുദ്രാവാക്യവുമായെത്തി. എന്നാല്‍ ബിഎംസിനെ നിര്‍മ്മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രശ്നമാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. തൃപ്പുണിത്തുറയില്‍ നിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: