ചണ്ഡിഗഢ്: നരേന്ദ്ര മോദി ആയിരുന്നു 1947ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കില്‍, സിഖ് ആരാധനാലങ്ങളായ കര്‍താര്‍പൂര്‍ സാഹിബും നന്കാന സാഹിബും ഇന്നും ഇന്ത്യയുടെ ഭാഗമായി തുടര്‍ന്നേനെ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നരേന്ദ്ര മോദി ആയിരുന്നു ഇവിടത്തെ പ്രധാനമന്ത്രി എങ്കില്‍ കര്‍താര്‍പൂര്‍ സാഹിബ്, നന്കാന സാഹിബ് എന്നിവ ഇന്ത്യയുടെ ഭാഗമായി തന്നെ നിന്നേനെ, പാകിസ്ഥാനിലേക്ക് പോകില്ലായിരുന്നു,’ അമിത് ഷാ പറഞ്ഞു. ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറെക്കാലമായുള്ള കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി എന്ന ആവശ്യം നരേന്ദ്ര മോദി സര്‍ക്കാരാണ് പൂര്‍ത്തീകരിച്ചതെന്നും ഷാപറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെയും അമിത് ഷാ റാലിയില്‍ സംസാരിച്ചു. കഴിഞ്ഞ മാസം പഞ്ചാബിലെത്തിയ മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം.
ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പ് പാകിസ്ഥാന് ഇന്ത്യയെ നിസ്സാരമായി കണ്ടിരുന്നു.’പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ നമ്മുടെ സൈനികരുടെ തലയറുത്ത് കൊല്ലും, എന്നിട്ടും രക്ഷപ്പെടും, എന്നാല്‍ ബിജെപി അധികാരത്തില്‍ വരികയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തുകഴിഞ്ഞപ്പോള്‍, അതേ നടപടിയില്‍ പാകിസ്ഥാന് തുല്യമായ തിരിച്ചടി നല്കി,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കുള്ള വഴിയൊരുക്കാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് ചന്നി എന്നായിരുന്നു അമിതാ ഷാ പറഞ്ഞത്. കോണ്‍ഗ്രസുകാര്‍ മനപൂര്‍വം പ്രധാനമന്ത്രിയുടെ യാത്ര തടയുകയായിരുന്നെന്നും ഷാ ആരോപിച്ചു. പഞ്ചാബിലെ ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈഓവറില്‍ വെച്ച് മോദിയുടെ വാഹനം കര്‍ഷകര്‍ തടയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് 20 മിനിറ്റോളം പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: