ന്യൂദല്‍ഹി: അബുദാബി കിരീടാവകാശിയായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വെര്‍ച്വല്‍ ഉച്ചകോടി നടത്തും. വെള്ളിയാഴ്ച തന്നെ യുഎഇയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുമെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
‘ഉച്ചകോടിയില്‍ ഇരുനേതാക്കളും ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രകാഴ്ചപ്പാടും സൗഹൃദവും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ 75 വര്‍ഷത്തെ സ്വാതന്ത്ര്യം ആസാദി കാ മഹോത്സവ് ആയും യുഎഇ രാഷ്ട്രസ്ഥാപനത്തിന്റെ സുവര്‍ണ്ണജൂബിലിയും ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍’- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇരുരാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതോടൊപ്പം അന്യോന്യം താല്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഉച്ചകോടിയില്‍ ഉയര്‍ന്ന് വരും.
എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്യോന്യ വ്യാപാരത്തിന് കുതിപ്പുനല്‍കുന്നതിനുള്ള പ്രധാന നടപടിയെന്നോണമാണ് ഔദ്യോഗികമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) എന്നറിയപ്പെടുന്ന ഈ സ്വതന്ത്ര വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെള്ളിയാഴ്ച ഒപ്പുവെയ്ക്കുന്നത്. .
ഇതില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയും ഒപ്പുവെയ്ക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും അന്യോന്യം വ്യാപാരം നടത്തുന്ന പരമാവധി ചരക്കുകളിന്മേല് കസ്റ്റംസ് തീരുവകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യും. ഇതിന് പുറമെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ചുവപ്പുനാട പരമാവധി ഒഴിവാക്കും. ചരക്കുനിര്മ്മാണത്തിലും സേവനമേഖലയിലും ഉള്ള വൈദഗ്ധ്യം പരസ്പരം പങ്കുവെയ്ക്കും. താരിഫുകള്‍ കുറയ്ക്കും.
ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാന്, ശ്രീലങ്ക,നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങളുമായി മാത്രമാണ് സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യുഎഇ എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുന്നതോടെ ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപ ബന്ധങ്ങളിലും വന്‍കുതിപ്പുണ്ടാകും. 2020-21ല്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 4330 കോടി ഡോളറാണ്. യുഎഇയില്‍ നിന്നുമുള്ള കയറ്റുമതി 1670 കോടി ഡോളണെങ്കില് ഇന്ത്യയുടെ ഇക്കാലയളവിലെ ഇറക്കുമതി 2670 കോടി ഡോളറാണ്.
യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി പെട്രോളിയം, പെട്രോളിയം ഉല്പന്നങ്ങള്, വിലകൂടിയ ലോഹങ്ങള്‍, വൈരക്കല്ല്, ആഭരണം എന്നിവയാണ്. ഇന്ത്യയില്‍ നിന്നും ആഭരണങ്ങളും വിലകൂടിയ ലോഹങ്ങളും കയറ്റുമതി ചെയ്യുന്നു. ഇന്ത്യ ധാന്യങ്ങള്‍, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍, തേയില, ഇറച്ചി, കടല്‍വിഭവങ്ങള്‍, തുണിത്തരങ്ങള്‍, യാന്ത്രോല്പന്നങ്ങള് എന്നിവ കയറ്റുമതി ചെയ്യുന്നു. സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ഏറ്റവും വലിയ കുതിച്ച് ചാട്ടമുണ്ടാവുക രത്നക്കല്ലുകള്‍, ആഭരണങ്ങള്‍ എന്നീ മേഖലകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: