തിരുവനന്തപുരം: ശബരിമലക്കെതിരെ സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍. നടന് ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തിയെന്നാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തിയത്. ദര്‍ശനത്തിനെത്തിയത് യുവതികളല്ല. കുപ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളാണ്. ദര്‍ശനം നടത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന് ചിത്രങ്ങള്‍ സഹിതം സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി ചുക്കാപ്പള്ളി. ഇവര്‍ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം നടത്തിയിരുന്നു.
ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപന്‍ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ശബരിമലയെ മോശമായി ചിത്രീകരിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കില്ലെന്നും അനന്തഗോപന്‍ പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം ചിരഞ്ജീവിയും സുരേഷ് ചുക്കാപ്പള്ളിയും കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ എത്തി ശബരിമല ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ചിരഞ്ജീവി ഗുരുവായൂരില്‍ എത്തിയത്. മുന്‍പ് 2012ല്‍ ടൂറിസം, സാംസ്കാരികവകുപ്പിലെ കേന്ദ്രമന്ത്രി ആയിരുന്നപ്പോഴും ചിരഞ്ജീവി ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: