കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിലേക്ക് ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു യുവാവിന് ജീവന്‍ നഷ്ടമായ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. കല്യാണ വീട്ടില്‍ പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ തലേദിവസമുണ്ടായ വാക്കുതര്‍ക്കത്തിന്റെയും കയ്യാങ്കളിയുടെയും തുടര്‍ച്ചയായാണ് പിറ്റേന്ന് സംഘടിച്ചെത്തിയ വിഭാഗം എതിര്‍ചേരിക്ക് നേരെ ബോംബെറിഞ്ഞത്. ഏറു പിഴച്ച് കൂട്ടത്തിലുള്ളയാളുടെ തല ചിതറിത്തെറിക്കുകയായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ഈ പൈശാചിക സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. ബോംബെറിഞ്ഞയാളും ഏറുകൊണ്ട് കൊല്ലപ്പെട്ടയാളും സിപിഎമ്മുകാര്‍. കുറ്റം സമ്മതിച്ച ഒന്നാം പ്രതിയുള്‍പ്പെടെ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരും ഒളിവില്‍ പോയിട്ടുള്ളയാളും ഇതേ പാര്‍ട്ടിക്കാര്‍ തന്നെ. ഈ കൊലപാതകത്തെ ബിജെപിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശക്തമായി അപലപിച്ചപ്പോള്‍ സംഭവത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാവാത്തത് ജനങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ്. പതിവുപോലെ ഒറ്റപ്പെട്ട സംഭവമാണിതെന്ന ഭാഷ്യമാണ് സിപിഎം നല്‍കുന്നത്. ഇങ്ങനെ നിസ്സാരവല്‍ക്കരിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം കണ്ണൂര്‍ ജില്ലയില്‍ പ്രത്യക്ഷപ്പെടുന്നത് ഏതുരൂപത്തിലൊക്കെയാണെന്ന് അറിയാവുന്നവരെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല.
വ്യക്തികള്‍ തമ്മിലെ വാക്കുതര്‍ക്കത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണ് ഈ മരണമെന്ന് കരുതുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിന് തുല്യമായിരിക്കും. സിപിഎം നിയന്ത്രിക്കുന്ന പാര്‍ട്ടി ഗ്രാമത്തില്‍ അരങ്ങേറിയ ഒരു കൊലപാതകമായിത്തന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു. കല്യാണ വീട്ടിലെ വഴക്ക് അതിന് നിമിത്തമായെന്നു മാത്രം. പ്രതികള്‍ തലേദിവസം ബോംബേറ് പരിശീലിച്ചെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബോംബ് കൈകാര്യം ചെയ്തയാള്‍ സജീവ സിപിഎമ്മുകാരനാണെന്നും ഇയാള്‍ ഒളിവിലാണെന്നും അറിയുമ്പോള്‍ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. സമാനമായ നിരവധി സംഭവങ്ങള്‍ കണ്ണൂരില്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബു നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് പച്ചമനുഷ്യരുടെ ശരീരഭാഗങ്ങള്‍ ചിതറിപ്പോയിട്ടുള്ളതും, മരണപ്പെട്ടിട്ടുള്ളതുമായ എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പലതും പാര്‍ട്ടി ഗ്രാമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി പുറംലോകം അറിയാതെ പോയിട്ടുമുണ്ട്. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ നിര്‍മിച്ചുവച്ചിട്ടുള്ള ബോംബുകള്‍ അപ്രതീക്ഷിതമായി പൊട്ടിയാല്‍ അത് വിഷുവിന് പൊട്ടിക്കാന്‍ വാങ്ങിവച്ച പടക്കമാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ ഒരു മടിയും കാണിക്കാത്തവരാണ് സിപിഎം നേതാക്കള്‍. ഇതു സംബന്ധിച്ച പോലീസ് അന്വേഷണങ്ങളും സിപിഎം നേതൃത്വം പറയുന്നതിനപ്പുറം ഒരിഞ്ചുപോലും നീങ്ങില്ല.
തങ്ങള്‍ തീരുമാനിച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍പോലും ബോംബു നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചയാളാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇങ്ങനെ പറഞ്ഞയാള്‍ പിന്നീട് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയുമായി. അക്രമരാഷ്‌ട്രീയത്തിന്റെ ഭാഗമായി സിപിഎം നിയന്ത്രിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ കുടില്‍ വ്യവസായം പോലെ പടര്‍ന്നിരിക്കുകയാണ് ബോംബു നിര്‍മാണം. വലിയൊരു വിഭാഗം യുവാക്കളെ വിദ്യാഭ്യാസം നിഷേധിച്ച് ചാവേറുകളായി ഇതിനുപയോഗിക്കുകയാണ്. ജീവിതം മാത്രമല്ല, ജീവനും നഷ്ടമാകുന്ന ഈ നരമേധ രാഷ്‌ട്രീയത്തിന്റെ ബലിയാടുകളായി മാറാനാണ് ഇവരില്‍ പലരുടെയും വിധി. അപ്പോഴും സിപിഎം നേതൃത്വത്തിന് കുറ്റബോധമോ വീണ്ടുവിചാരമോ ഉണ്ടാകാറില്ല. പാര്‍ട്ടി അവരെ രക്തസാക്ഷികളാക്കി മാറ്റും. സിപിഎമ്മിന്റെ ഈ പൈശാചിക രാഷ്‌ട്രീയത്തെ വേണ്ടപോലെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാവാറില്ല. വാര്‍ത്തകള്‍ എഴുതുമ്പോള്‍ പാര്‍ട്ടിയുടെ കാപ്‌സ്യൂള്‍ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കും. ഒരു യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ തോട്ടട സംഭവത്തെയും വെറും കല്യാണാഭാസമായി ചിത്രീകരിക്കുകയും, ഇത് മറ്റിടങ്ങളിലും പതിവാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കഥകള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പോലീസ് ഈ പാര്‍ട്ടി ഭാഷ്യത്തില്‍ വീഴാന്‍ പാടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും, അതില്‍ ഉള്‍പ്പെട്ടവരുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരികയും വേണം. നിയമം അതിന്റെ വഴിക്ക് നീങ്ങുകയും, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: