ന്യൂദല്‍ഹി: ഹിജാബ് ധരിയ്ക്കാത്തതിന് പ്ലസ് ടൂവില്‍ ഒന്നാം റാങ്ക് നേടിയ ശ്രീനഗറിലെ വിദ്യാര്‍ത്ഥിനി അറൂസ പര്‍വെയ്സിനെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
തലയില്‍ ശിരോവസ്ത്രം ധരിയ്ക്കാതെ സമൂഹ മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ പങ്കുവെച്ചതിന് അറൂസ പര്വെയ്സിനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഒട്ടേറെപ്പേര്‍ ഭീഷണി ഉയര്‍ത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു. 500ല്‍ 499 മാര്‍ക്ക് നേടിയാണ് അറൂസ റാങ്ക് നേടിയത്.
അറൂസ പര്വെയ്സിനെതിരെ വധഭീഷണി ഉയര്‍ത്തുകയും അവരെ പരിഹസിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് ഇവര്‍ ചെയ്തതെന്നും അവരെ അതിനനുസരിച്ച് ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പലരും കര്‍ണ്ണാടകയില്‍ ഹിജാബ് ധരിച്ച് സമരം ചെയ്യുന്നവരെ വാഴ്ത്തുകയും അവരെപ്പോലെ ആകാത്തതിന് അറൂസ പര്‍വെയ്സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ‘ഹിജാബ് ധരിയ്ക്കുന്നതിന് വേണ്ടി മാത്രം ധരിയ്ക്കില്ലെന്നും അഞ്ച് തവണ നമാസ് ചെയ്താല്‍ മാത്രമേ ഹിജാബ് ധരിയ്ക്കൂ. അതിനുള്ള അര്‍ഹത നേടിയാല്‍ മാത്രമേ ഹിജാബ് അണിയാന്‍ പാടൂ’- തന്റെ നിലപാട് വ്യക്തമാക്കി അറൂസ പര്‍വെയ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: