മുംബൈ: ഇടനിലക്കാരിലൂടെ ഇപ്പോഴും മുംബൈയിലെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിം തന്നെ. ചൊവ്വാഴ്ച മുംബൈ നഗരത്തില്‍ പത്ത് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡ് 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യആസൂത്രകനായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെയും അടിസ്ഥാനത്തിലാണ്. മുംബൈയില്‍ ഒമ്പത് ഇടങ്ങളിലും താനെയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വ്യാപിക്കുന്ന തീവ്രവാദവും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും ദാവൂദിനെപ്പോലുള്ള അധോലോക നായകര്‍ മുംബൈയില്‍ നടത്തുന്ന വന്‍ ഭൂമി ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടെന്നത് പകല്‍ പോലെ സത്യമാണ്. ഇപ്പോഴും മുംബൈയില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ അവസാനത്തെകണ്ണിയും ആദ്യത്തെകണ്ണിയും ദാവൂദ് തന്നെയാണെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. റെയ്ഡില്‍ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭര്‍ത്താവ് സലിം ഫ്രൂട്ട്സിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്‍ഐഎ നടത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടും ചില രഹസ്യപ്പൊലീസ് വിവരങ്ങളും ചേര്‍ത്ത് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി വ്യാപകമായ റെയ്ഡിനൊരുങ്ങിയത്. ഇപ്പോഴും മുംബൈയില്‍ പണം തട്ടിപ്പറിക്കുന്നതിലും ഹവാല ഇടപാടുകളിലും ദാവൂദ് സജീവസാന്നിധ്യം തന്നെയാണ്.
പല ഹവാല ശൃംഖലകളിലൂടെ പല വട്ടം കൈമറിഞ്ഞാണ് ദാവൂദിനും കൂട്ടാളികള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ പണം എത്തിക്കുന്നത്. ഇന്ത്യയിലുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള വിവിധ ഭീകരവാദ രഹസ്യസംഘങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് പറയുന്നു. പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐയും ദാവൂദിനെ പിന്തുണയ്ക്കുന്നുണ്ട്. ബിസിനസില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.
മഹാരാഷ്ട്രയിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ദാവൂദിനെ സഹായിക്കാന്‍ രംഗത്തുണ്ട്. അവരില്‍ ചിലര്‍ക്ക് ദാവൂദ് മുംബൈ നഗരത്തില്‍ നടത്തിയ ഭൂമി ഇടപാടുകളില്‍ നേരിട്ട് ബന്ധമുള്ളതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് ഇഡി റെയ്ഡുകള്‍. ദാവൂദിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെ റിയല്‍എസ്റ്റേറ്റ് സ്വത്തുക്കള്‍ പിടിച്ചെടുത്തതിന് ശേഷം വീണ്ടും കേന്ദ്ര ഏജന്‍സികള്‍ അധോലോകത്തിന് നേരെ വാളോങ്ങുകയാണ്. ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യയെയും മക്കളെയും വിട്ടുതരാന്‍ ആവശ്യപ്പെട്ട് ഈയിടെ കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹാജ്റ മേമന് മക്കളായ ജുനൈദ് ഇഖ്ബാല്‍ മേമന്, ആസിഫ് ഇഖ്ബാല്‍ മേമന് എന്നിവരെയാണ് വിട്ടുതരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കമരുന്ന് വില്പനയിലൂടെ നേടുന്ന പണം കൊണ്ട് ലോകമെങ്ങും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയവരാണ് ഇഖ്ബാല്‍ മേമനും കുടുംബവും. 2019ല്‍ ഇഡി ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയപ്പോള്‍ ഇവര്‍ കൂട്ടത്തോടെ ബ്രിട്ടനിലേക്ക് കടന്നു. ഇതില്‍ ഇഖ്ബാല്‍ മേമനും ഭാര്യയ്ക്കും ഇന്ത്യന്‍ പൗരത്വമുണ്ട്. ഏകദേശം 798 കോടി രൂപവില വരുന്ന 16 സ്വത്തുക്കള്‍ ഇഖ്ബാല്‍ മേമന് ബ്രിട്ടനില്‍ ഉണ്ട്. യുഎഇയിലും 15 സ്വത്തുക്കള്‍ ഉണ്ട്. ഇവരെ കിട്ടിയാല്‍ അതു വഴി ദാവൂദിനെതിരെ തെളിവുകള്‍ കണ്ടെത്താനാവുമെന്നാണ് കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: