മുംബൈ: മുംബൈയില്‍ വിവിധ ഇടങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചൊവ്വാഴ്ച റെയ്ഡ് നടത്തി. അധോലോക പ്രവര്‍ത്തനങ്ങള്‍, അനധികൃത ഭൂമി ഇടപാടുകള്‍, ഹവാല കൈമാറ്റങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡി റെയ്ഡുകള്‍.
അതേ സമയം മഹാരാഷ്ട്ര സര്‍ക്കാര്‍ ഇഡി റെയ്ഡുമായി സഹകരിക്കണമെന്ന വിചിത്ര അഭിപ്രായപ്രകടനവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവര്‍ ചില ഇഡി കേസുകളില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് റാവുത്തിന്റെ ഇഡിയോടുള്ള മയപ്പെടുത്തിയ പ്രസ്താവനയെന്ന് കരുതുന്നു. ചൊവ്വാഴ്ചത്തെ റെയ്ഡ് 1993ലെ മുംബൈ സ്ഫോടനപരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദ് ഇബ്രാഹിന്റെ ചില രാഷ്ട്രീയ ബന്ധങ്ങളുടെ ചുരുളഴിക്കുന്ന ഒന്നാണെന്ന് കരുതുന്നു. ഈ കേസില്‍ എന്‍ ഐഎ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് കരുതുന്നു.
സഞ്ജയ് റാവുത്തിന് ചുറ്റും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുകയാണ്. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കളും 1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ ബന്ധമുള്ളതായി പറയുന്നു. ഭാര്യ വര്‍ഷ റാവുത്തിനെ ഭൂമി ഇടപാട് കേസുകളില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സഞ്ജയ് റാവുത്തിന്റെ മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയായ സുജിത് പത്കറുടെ വീട്ടില്‍ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തിയിരുന്നു. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ കൂട്ടായി സ്ഥലം വാങ്ങിയിരുന്നു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡുകളില് ശിവസേന നേതൃത്വം നല്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സഹകരിക്കണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. അതുവരെ ഇഡി വേട്ടയാടുന്നുവെന്നും ബിജെപി സര്‍ക്കാര്‍ വിരുദ്ധ സര്‍ക്കാരുകളെയും നേതാക്കളെയും രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി വേട്ടയാടുന്നുവെന്നും വിമര്‍ശിച്ചിരുന്ന നേതാവാണ് സഞ്ജയ് റാവുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: