ന്യൂദല്‍ഹി: പുനരുപയോഗ ഊര്‍ജസാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നടത്തുന്ന ‘ന്യൂ ഫ്രോണ്ടിയേഴ്സ്’ പരിപാടി ഫെബ്രുവരി 16ന് ആരംഭിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി ഈ മാസം 18നാണ് ആവസാനിക്കുക.
പരിപാടിയുടെ ഭാഗമായി 16ന് ‘ഊര്‍ജ്ജ പരിവര്‍ത്തനത്തിലെ ഇന്ത്യയുടെ സാരഥ്യം’ എന്ന വിഷയത്തില്‍ വിജ്ഞാന് ഭവനില്‍ പ്രത്യേക പരിപാടി നടത്തും. കേന്ദ്രഊര്‍ജ മന്ത്രി ആര്.കെ. സിംഗ്, സഹമന്ത്രി ഭഗവന്ത് ഖുബ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും. കൂടാതെ ‘പൗരകേന്ദ്രീകൃത ഊര്‍ജ്ജ പരിവര്‍ത്തനം ഇന്ത്യന്‍ ഗാഥ’ എന്ന വീഡിയോയും പ്രദര്‍ശിപ്പിക്കും.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ചിന്തകരുമായി ആര്.കെ. സിങ് സംവദിക്കും. ഊര്‍ജ ഉടമ്പടികള്‍ സമര്‍പ്പിച്ച വ്യവസായ പ്രമുഖരെ മന്ത്രിമാര്‍ അനുമോദിക്കുന്നതിനോടൊപ്പം ലഘുലേഖയുടെ പ്രകാശനവും നടക്കും. മൂന്ന് വെബിനാറുകളും 17ന് സംഘടിപ്പിക്കും. അവസാന ദിവസം, ‘2070ഓടെ നെറ്റ് സീറോ കാര്‍ബണ്‍ നേടുന്നതിനുള്ള കര്‍മപദ്ധതി’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ഒരു സമ്മേളനവും സംഘടിപ്പിക്കും.
സെഷനില്‍ നിരവധി കേന്ദ്ര മന്ത്രാലയങ്ങള്‍, റെയില്‍വേ, പുനരുപയോഗ ഊര്‍ജ രംഗത്തു മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊതുമേഖലാ സംരംഭങ്ങള്‍, വ്യവസായ മേഖല, മറ്റ് പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കും. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം നേടുന്നതിനും ഊര്‍ജ പരിവര്‍ത്തന മാര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: