വാക്കുകള്‍ ഉച്ചരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന ആരംഭഘട്ടം മാത്രമാണ്. പ്രാര്‍ത്ഥനാനിരതമായ ഭാവം ആഴത്തിലേക്കെത്തുമ്പോള് നാവു നിശ്ചലമാകുന്നു. മനസ്സു വിചാരങ്ങളില്‍നിന്നും വിമുക്തമാകുന്നു. ഹൃദയം അതിന്റെ നിശ്ശബ്ദപ്രാര്‍ത്ഥന നടത്തുന്നു. ആ ഘട്ടം എത്തുമ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് ഒരു നിശ്ചിതരീതി നല്‍കേണ്ട ആവശ്യമില്ല.
ആ ഘട്ടത്തില്‍ നിങ്ങള്‍ അത്യധികമായ വിനയവും പരിപൂര്‍ണമായ ആത്മസമര്‍പ്പണവും ചേര്‍ന്ന മാനസികഭാവത്തില്‍ വിരാജിക്കുന്നു. ഈശ്വരകാരുണ്യം കൂടുതല്‍ ലഭിക്കുവാനായി നിങ്ങള്‍ നിശ്ശബ്ദമായി അഭിലഷിക്കുന്നു. അത് ചുണ്ടുകൊണ്ടുള്ള പ്രാര്‍ത്ഥനയല്ല, മനസ്സിന്റെ വിനീതമായ അപേക്ഷിക്കലുമല്ല. അത് നിശ്ശബ്ദനായ ജീവാത്മാവിന്റെ പരമാത്മാവിനോടുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയുടെ ഈ മാനസികഭാവം നിങ്ങളോടൊത്ത് എപ്പോഴും ഉണ്ടാവണം. അപ്പോള്‍മാത്രമേ സര്‍വ്വശക്തനു നിരന്തരമായ പ്രാര്‍ത്ഥന അര്‍പ്പിക്കുവാന്‍ കഴിയൂ.
പ്രാര്‍ത്ഥനയോടൊപ്പം പരിപൂര്‍ണതയ്ക്കായുള്ള ആത്മാര്‍ത്ഥമായ പ്രയത്നവും തീവ്രമായ മുമുക്ഷുത്വവും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈശ്വരലാഭത്തിനായുള്ള തീവ്രമായ ആഗ്രഹം തന്നെ നിശ്ശബ്ദമായ ഒരു പ്രാര്‍ത്ഥനയാണ്. തന്റെ കുട്ടികളുടെ (ഭക്തന്മാരുടെ) ഈശ്വരലാഭത്തിനായുള്ള ആത്മാര്‍ത്ഥമായ അഭിലാഷവും പരിശ്രമവും കാണുന്ന മാത്രയില്‍തന്നെ ഈശ്വരന്റെ ഹൃദയം കാരുണ്യത്താല്‍ ആര്ദ്രമാകും. അലസത, സദാ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഈശ്വരകാരുണ്യം നേടുന്നതിനു തടസ്സം സൃഷ്ടിക്കുന്നു. കാരണം, ശരിയായ ഈശ്വരാഭിലാഷവും അലസതയും ഒന്നുചേര്‍ന്നു പോകുന്നില്ല. തീവ്രമായി ഈശ്വരനുവേണ്ടി ആഗ്രഹിക്കുക, പരിശ്രമിക്കുകയും ചെയ്യുക. ഈ അച്ചടക്കമാണ് നിങ്ങളില്‍നിന്നും ആവശ്യപ്പെടുന്നത്. ക്ഷമയോടെ കാത്തിരിക്കുക. ജീവിതത്തിലെ അപ്രതീക്ഷിത നിമിഷത്തില്‍ സര്‍വ്വശക്തന്റെ രക്ഷാഹസ്തം നിങ്ങളിലേക്കു വരും. പക്ഷേ, നിങ്ങള്‍ക്കു കാത്തിരിക്കാനുള്ള ക്ഷമയും ഈശ്വരേച്ഛക്കു വഴങ്ങുന്ന ശരണാഗതഭാവവും, അവിടുത്തെ ഹൃദയത്തെ അലിയിക്കുന്ന ആത്മാര്‍ത്ഥമായ പ്രാര്ത്ഥനാശക്തിയും ഉണ്ടാവണമെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: