ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ കർണാടകയിൽ തിങ്കളാഴ്ച തുറന്നപ്പോള്‍ കൂടുതല്‍ സ്കൂളുകളിലേക്ക് ഹിജാബ് വിലക്ക് വ്യാപിച്ചു. മിക്ക സ്കൂളുകളിലും അധികൃതര്‍ ഹിജാബ് നിരോധം തുടര്‍ന്നു. പലയിടത്തും അധികൃതർ ഹിജാബ് അഴിച്ചുവെയ്‌ക്കാന്‍ തയ്യാറാത്തവരെ തിരിച്ചയയ്‌ക്കുകയും ചെയ്തു. പത്താംതരം വരെയുള്ളവർക്ക് മാത്രമായിരുന്നു തിങ്കളാഴ്ച ഓഫ്‌ലൈൻ ക്ലാസുണ്ടായിരുന്നത്. 11, 12 ക്ലാസുകൾ ബുധനാഴ്ചയാണ് തുറക്കുന്നത്.
കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ആരും ഹിജാബ് ധരിച്ച് സ്കൂളില്‍ വരരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് സ്കൂളുകള്‍ തുറന്നത്.
മാണ്ഡ്യയിലെ ഒരു സർക്കാർ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ അധികൃതര്‍ തിരിച്ചയച്ചു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. ഒടുവിൽ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ഹിജാബ് അഴിച്ചുവെച്ചാണ് ക്ലാസിലെത്തിയത്. ഹിജാബും ബുര്‍ഖയും ധരിച്ചുവന്നവരെ ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും തമ്മില്‍ ഷിമോഗയിലും മാണ്ഡ്യയിലും വാക്കുതര്‍ക്കമുണ്ടായി.
വിവാദങ്ങൾക്ക് തുടക്കം കുറിച്ച ഉഡുപ്പി ജില്ലയിലും ഇന്ന് സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. ഒരു സർക്കാർ സ്‌കൂളിൽ ഒൻപതാം ക്ലാസുകാരികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ വിലക്കേർപ്പെടുത്തി. ഒടുവിൽ ശിരോവസ്ത്രം അഴിച്ചാണ് ഇവരും ക്ലാസിൽ പ്രവേശിച്ചത്. ഷിമോഗയിൽ 10, ഒൻപത്, എട്ട് തരക്കാരായ 13 വിദ്യാർത്ഥികളെ ഹിജാബ് അഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.
പരീക്ഷാഹാളിലും വിദ്യാർത്ഥിനികളെ തടഞ്ഞു. കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ക്ലാസിൽനിന്ന് പുറത്താക്കി. ഇതിൽ പ്രതിഷേധിച്ച് ഏതാനും വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്കരിച്ചതായി പറയുന്നു. കുടകില്‍ 30 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചതായി പറയുന്നു.
ഇതിനിടെ വീണ്ടും ഹിജാബ് പ്രശ്നം സുപ്രീംകോടതിയില്‍ എത്തി. നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിവി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയതലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: