കൊച്ചി: സോഫ്റ്റ്വെയര് പിഴവിനെ തുടര്‍ന്നുണ്ടായ അപാകതയുടെ പേരില്‍ വിദ്യാര്‍ഥികളുടെ ബിരുദ, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ച കേരള സര്‍വകലാശാലയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വകലാശാലയുടെ നടപടി നീതികരിക്കാനാവില്ലെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് മൂന്നാഴ്ചക്കകം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനും ഉത്തരവിട്ടു.
2016-19 വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ ബിരുദ, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്ത നടപടിക്കെതിരെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കി കാത്തിരിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിര്‍ദേശം. ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും തുടര്‍ പഠനത്തിന് അവസരം ലഭിച്ചിട്ടും ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ പഠനം മുടങ്ങുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
2019ല്‍ കോഴ്സ് പൂര്‍ത്തിയാക്കി ഇത്രയും വര്‍ഷമായിട്ടും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ ദയ കാത്തു കിടക്കേണ്ട അവസ്ഥയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നല്കാതിരിക്കാന് സര്‍വകലാശാല ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നീതികരിക്കാനാവില്ല. നീതീകരിക്കാനാവാത്ത കാരണങ്ങളാലാണ് ചട്ട ഭേദഗതി ചെയ്യാനുള്ള സര്‍വകലാശാല നീക്കവും ചാന്‍സലര്‍ തടഞ്ഞത്. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും തടഞ്ഞുവയ്ക്കാനാവില്ലെന്നും മൂന്നാഴ്ചക്കകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: