Categories: India

മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മില്‍ അസ്വാരസ്യം; തൃണമൂലിനുള്ളില്‍ ഭിന്നത രൂക്ഷമായെന്ന് റിപ്പോര്‍ട്ട്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 'ഒരാള്‍ക്ക് ഒരു പദവി' എന്ന അഭിഷേക് ബാനര്‍ജിയുടെ ആശയത്തെ തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നതാണ് പ്രശ്‌നമായിരിക്കുന്നത്

Published by

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന അഭിഷേക് ബാനര്‍ജിയുടെ ആശയത്തെ തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ഭിന്നത രൂക്ഷമായാല്‍ അഭിഷേക് ബാനര്‍ജി തൃണമൂല്‍ വിട്ടേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നു.

അഭിഷേക് ബാനര്‍ജിയുടെ കടുംപിടുത്തം മമതയ്‌ക്കും അത്ര രുചിക്കുന്നില്ല. ഉത്തര്‍പ്രേദശില്‍ സമാജ് വാദി പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍ പോകുമ്പോള്‍ ഗോവയില്‍ കൂടി പ്രചാരണത്തിന് പോകുമോ എന്ന പത്രപ്രവര്‍ത്തകര്‍ മമതയോട് ചോദിച്ചിരുന്നു. ഇതിന് ഗോവയില്‍ ‘മറ്റു ചിലര്‍ അത് ചെയ്യുന്നുണ്ടെ’ന്നായിരുന്നു മമതയുടെ മറുപടി. മറ്റു ചിലയാളുകള്‍ എന്നത്‌കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും സൂചനയുണ്ട്. കാരണം ഗോവയിലെ തെരഞ്ഞെടുപ്പിന്റെ ചുമതല തൃണമൂല്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് അഭിഷേക് ബാനര്‍ജിയെയാണ്.

ബംഗാളില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന സംഘടനയുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിലും ചില അഭിപ്രായഭിന്നതകള്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഈയിടെ പ്രശാന്ത് കിഷോറിന്റെ ഐപാകുമായുള്ള ബന്ധം തൃണമൂല്‍ ഉപേക്ഷിക്കുകയാണെന്ന് വരെ പ്രചാരണമുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക