പാലക്കാട് : മലമ്പുഴ ചെറാട് മലനിരകളില്‍ ബാബു കുടുങ്ങിപ്പോയതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ അടക്കംപുറത്തുവന്നിട്ടും വേണ്ട നടപടികള്‍ സ്ലീകരിച്ചില്ല. യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനം. പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസര്‍ക്ക്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അഗ്നി രക്ഷാ ഓഫീസര്‍ ഋതീജിനോട് വിശദീകരണം തേടിയിട്ടുണ്ട്. ബാബുവിന് വേണ്ടി നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നിട്ടുണ്ട്. ബാബുവിന് വേണ്ടി ഫയര്‍ ആന്‍ഡ് റസ്ക്യൂവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ശരിയായ പ്രവര്‍ത്തനങ്ങളല്ല. സാങ്കേതിക സഹായം നല്കുന്നതില് പരാജയപ്പെട്ടുവെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു മലയ്ക്കുമുകളിലെ പാറക്കെട്ടില്‍ കുടുങ്ങിയത്. ബുധനാഴ്ച ഇന്ത്യന്‍ ആര്‍മിയെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്.
അതേസമയം ബാബുവിനെ പുറത്തെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍, വ്യോമസേനാ ഹെലികോപ്ടര്‍, കരസേനാ സംഘങ്ങള്‍, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയവര്‍ക്ക് മാത്രം അരക്കോടി രൂപ ചെലവഴിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരമ അതോറിട്ടിയുടെ കണക്കുകള്‍ പറയുന്നത്. മറ്റു ചിലവുകള്‍ കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക മുക്കാല്‍കോടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെ ജില്ലയിലെ അഞ്ഞൂറോളം പോലീസുകാരെയാണ് പ്രദേശത്തേക്കായി നിയോഗിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്ന് നാല്‍പ്പത് പേരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘം, തണ്ടര്‍ബോള്‍ട്ടിന്റെ 21 അംഗ സംഘം, എന്‍ഡിആര്‍ഫഎഫിന്റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകള്‍, അമ്പതിലേറെ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രണ്ട് ദിവസം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തുടര്‍ന്ന് കരസേന മദ്രാസ് റജിമെന്റിലെ ഒമ്പത്് അംഗ സംഘം റോഡ് മാര്‍ഗം സ്ഥലത്തെത്തി. ബെംഗളൂരുവില്‍ നിന്നുള്ള 21 പേരടങ്ങുന്ന പാരാ കമാന്‍ഡോസ് കോയമ്പത്തൂര്‍ സൂലൂര്‍ സൈനിക താവളത്തിലിറങ്ങി റോഡ് മാര്‍ഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാര്‍ഡിന്റേയും സൂലൂര്‍ വ്യാമതാവളത്തിലേയും ഹെലികോപ്ടറുകളും രക്ഷാ ദൗത്യത്തിന് ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: