മംഗലാപുരം: ഉഡുപ്പി കോളജിലെ ഹിജാബ് വിവാദം രാജ്യവിരുദ്ധ ശക്തികള്‍ മന:പൂര്‍വ്വം സൃഷ്ടിച്ചെടുത്തതെന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍. കാമ്പസ് ഫ്രണ്ട് കളംപിടിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന് ഇതിനകം വെളിവായി. ഇപ്പോള്‍ വിവാദമുണ്ടാക്കുന്നവര്‍ പോലും മുന്‍പ് ഹിജാബ് ധരിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് രാജ്യവിരുദ്ധ ശക്തികളുടെ കൈകള്‍ പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്.
യൂണിഫോം ധരിക്കുന്നതില്‍ തങ്ങള്‍ക്ക് ആറു പേര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് ആലിയ ആസാദി വെളിപ്പെടുത്തി.ഹിജാബ് ധരിക്കാന്‍ അനുമതി തേടിയ വിദ്യാര്‍ഥികളുടെ സഹപാഠിയാണ് ആലിയ. 35 വര്‍ഷമായി ഇത്തരമൊരു ആവശ്യം ഇവിടെ ഉയര്‍ന്നിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡയും പറയുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ട് ഇത്തരമൊരുആവശ്യമെന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്.
തങ്ങള്‍ കോളജില്‍ എത്തിയ ആദ്യ വര്‍ഷം യൂണിഫോം നിര്‍ബന്ധമായിരുന്നില്ലെന്നും അന്ന് തങ്ങള്‍ ഹിജാബ് ധരിക്കാതെയാണ് കാമ്പസില്‍ എത്തിയിരുന്നതെന്നും ആലിയ പറഞ്ഞു. രണ്ടാം വര്‍ഷം മുതലാണ് യൂണിഫോം നിര്‍ബന്ധമാക്കിയത്. ഇതിലും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. യൂണിഫോം ധരിച്ചായിരുന്നു ക്ലാസില്‍ എത്തിയിരുന്നതും. എന്നാല്‍ ഡിസംബര്‍ 31 ന് സഹപാഠികള്‍ അപ്രതീക്ഷിതമായി ഹിജാബ് ധരിച്ച് എത്തുകയായിരുന്നു, ആലിയ പറഞ്ഞു. ഇവരെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ല. പ്രിന്‍സിപ്പാള്‍ ആരോടും ഇതുവരെ വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ആലിയ പറഞ്ഞു.
35 വര്‍ഷമായി കോളജില്‍ ആരും ഹിജാബ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് രുദ്ര ഗൗഡ പറഞ്ഞു. ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ കാമ്പസിനുള്ളില്‍ അനുവദനീയമാണ്. എന്നാല്‍ ക്ലാസ് മുറിക്കുള്ളില്‍ അനുവദിക്കാന്‍ കഴിയില്ല, പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ഡിസംബര്‍ 27ന് ശേഷമാണ് ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ക്ലാസില്‍ എല്ലാ വിദ്യാര്‍ഥികളും വസ്ത്രധാരണത്തില്‍ സമാനത പുലര്‍ത്തണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം, അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 27ന് ചില പെണ്‍കുട്ടികള്‍ സമീപിച്ചു. മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ചിലരോടൊപ്പമാണ് അവരെത്തിയത്. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംസാരിച്ചു. ഡ്രസ് കോഡ് പാലിക്കാന്‍ തയ്യാറാണെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് അവര്‍ വീണ്ടുമെത്തി. മാതാപിതാക്കളാണ് ഒപ്പമുള്ളതെന്ന് ആദ്യം പറഞ്ഞത് മാറ്റിപ്പറഞ്ഞു. കൂടെയുള്ളത് ബന്ധുക്കളാണെന്നായി.
മൂന്നാം ദിവസം ഇതേ പെണ്‍കുട്ടികള്‍ കാമ്പസ് ഫ്രണ്ട് അംഗമായ അഭിഭാഷകനുമായെത്തി. ഒപ്പം നിരവധി കാമ്പസ് ഫ്രണ്ട് യൂണിയന് അംഗങ്ങളുമുണ്ടായിരുന്നു. അവര്‍ രൂക്ഷമായ ഭാഷയിലാണ് തന്നോട് സംസാരിച്ചത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കാം. അതുവരെ കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്നും അവരെ നിര്‍ബന്ധിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ഭൂരിഭാഗം പേരും മാനേജ്മെന്റിന്റെ തീരുമാനത്തെ അനുകൂലിച്ചു. പുറത്തുനിന്നുള്ള പലരുടെയും വാക്കുകള്‍ കേട്ടാണ് കുട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കാമ്പസ് ഫ്രണ്ട് പോലുള്ള ബാഹ്യശക്തികളാണ് അവരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: