ന്യൂദല്‍ഹി: കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയ്ക്ക് പാകിസ്ഥാനില്‍ നിന്ന് കശ്മീര്‍ വഴി വലിയ തോതില്‍ പണമെത്തുന്നുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട്. ഇങ്ങനെ കോടികളാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടിലെന്നും ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.
കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ശക്തമാക്കുകയാണ് ഇവരുടെ ദൗത്യം. ഇവയില്‍പ്പെട്ട ചിലരെ ഇതിനകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പല ഫണ്ടിങ് കേന്ദ്രങ്ങളും ഇപ്പോഴും വളരെ സജീവമാണ്. മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെ സാമ്പത്തികമായി സഹായിക്കുന്നു, എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീര്‍ വഴി ഭീകരര്‍ക്ക് പണമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ അല്‍ കാശ്മീരി) ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച വിവര പ്രകാരം എന്‍ഐഎ രണ്ടു സ്ത്രീകള്‍ അടക്കം ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരാണ് ഐഎസിനു വേണ്ടി മലയാളം ടെലിഗ്രാം ചാനലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനും കലാപാഹ്വാനങ്ങള്‍ നല്‍കാനുമുള്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലും സിറിയയിലും തയ്യാറാക്കിയ ഇസ്ലാമിസ്റ്റ് സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ഫുട്ടേജുകളും ഇവര്‍ തയ്യാറാക്കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകള്‍ ആശങ്കാജനകമെന്ന് 2021 സപ്തംബര്‍ 23ന് ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന് (അബു യഹ്യ), മുഷ്ഹാബ് അന്‍വര്‍ (കണ്ണൂര്‍), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരാണ് അറസ്റ്റിലായത്. അമീനുമായി ബന്ധമുള്ള നിരവധി പേര്‍ക്കെതിരേ എന്‍ഐഎ കേസെടുത്തു.
അമീനും ഇവരും ചേര്‍ന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, ദ ലവന്റ് എന്നീ ഭീകര സംഘടനകള്‍ക്കു വേണ്ടി ടെലിഗ്രാം. ഹൂപ്, ഇന്‍സ്റ്റഗ്രാം ചാനലുകള്‍ നടത്തിയിരുന്നത്. ജിഹാദ് പ്രചരിപ്പിക്കുക, യുവാക്കളെ ഭീകര സംഘടനകളിലേക്ക് ചേര്‍ക്കുക എന്നിവയായിരുന്നു പ്രധാന ജോലി. അമീന് 2020 മാര്‍ച്ചില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. റാഹീസ് റഷീദ്, വഖാര്‍ ലോണ്‍ എന്നിവരുമായി ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് ശേഖരിച്ചതും വിതരണം ചെയ്തതും അമീന് ആണ്. അമീന്റെ കൂട്ടാളികളായ സ്ത്രീകള്‍ മിസ സിദ്ധിഖ്, ഷിഫ ഹാരീസ് എന്നിവരെ 2021 ആഗസ്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: