2008 ല്‍ നാട്ടിലെത്തിയപ്പോള്‍ മരുമക്കള്‍ ആകെ വിഷമത്തിലാണ്
‘എന്ത് പറ്റി മക്കളേ?’
‘മാമാ, ഈ വര്‍ഷം സ്കൂളില്‍ നിന്നും വിനോദയാത്രകള്‍ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ്.’
സ്കൂള്‍ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓര്‍മ്മകളാണ് വിനോദ യാത്രകള്‍ സമ്മാനിക്കുന്നത്. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതില്‍ നിന്ന് ലഭിക്കുന്നു. ഇത്തരം യാത്രകളില്‍ സൗഹൃദങ്ങള്‍ കൂടുതല്‍ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത്?
അതിനു കുറച്ചു നാള് മുന്‍പ് അങ്കമാലിക്കടുത്തുള്ള ഇളവൂര്‍ സ്കൂളില്‍ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികള്‍ ബോട്ടപകടത്തില്‍ പെട്ട് പതിനഞ്ച് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും മരിച്ചു.
ഉടനടി ബോട്ട് െ്രെഡവറുടെ അറസ്റ്റും ‘സുരക്ഷിതമല്ലാത്ത’ ബോട്ട് യാത്രക്കുള്ള നിരോധവും വന്നു. അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നൊക്കെ മുറവിളിയായി.
എന്നാല്‍ പിന്നെ വിനോദയാത്ര എന്ന ഈ തലവേദനയേ വേണ്ട എന്ന് അധ്യാപകര്‍ തീരുമാനിച്ചു.
അങ്ങനെയാണ് മരുമക്കള്‍ വിഷമത്തിലായത്.
നാട്ടില്‍ ഒരപകടം സംഭവിച്ചാല്‍ ഉടനെ തന്നെ ഒരു നിരോധനവും ഉറപ്പാണ്. കാര്യം നിരോധിക്കുന്നത് ‘സുരക്ഷിതമല്ലാത്ത’ ബോട്ട് യാത്രയാണ്. അതിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക. എന്നാല്‍ എന്താണ് സുരക്ഷിതം എന്നോ എങ്ങനെയാണ് ഇപ്പോഴുള്ള ബോട്ട് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതെന്നോ ആരും ഒരു നിര്‍ദ്ദേശവും വെക്കില്ല.
അങ്ങനെയാണ് ഞാന്‍ 2008 ല്‍ സുരക്ഷിതമായി എങ്ങനെ വിനോദ യാത്രകള്‍ നടത്താം എന്നതിനെ പറ്റി പുസ്തകം എഴുതുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന. എം. എ. ബേബി അവതാരിക എഴുതി, ഡി. ജി. പി. ആയിരുന്ന ജേക്കബ് പുന്നൂസ് പ്രകാശനം ചെയ്തു. കേരളത്തിലെ എണ്ണായിരം സ്കൂളുകളിലും അത് സൗജന്യമായി ഞങ്ങള്‍ എത്തിച്ചു കൊടുത്തു. ആരെങ്കിലും അത് വായിച്ചു കാണണം, കുറച്ച് അധ്യാപകര്‍ക്കെങ്കിലും സുരക്ഷിതമായി വിനോദ യാത്ര നടത്താന്‍ അത് അറിവും ധൈര്യവും കൊടുത്തു കാണണം. ആരുടെയെങ്കിലും ജീവന് അത് രക്ഷപ്പെടുത്തിയിട്ടുമുണ്ടാകണം.
കഴിഞ്ഞയാഴ്ച മലന്പുഴയില്‍ ഒരാള്‍ മലയില്‍ കുടുങ്ങിയപ്പോഴേ ഒരു നിരോധനം ഞാന്‍ പ്രതീക്ഷിച്ചതാണ്. ഇപ്പോള്‍ അതെത്തി.
ഇടുക്കിയില്‍ ട്രെക്കിങ്ങ് നിരോധിച്ചു
എന്തൊരു കഷ്ടമാണ്.
കൊറോണക്കാലമായതിനാല്‍ തന്നെ ആളുകള്‍ വീട്ടിലിരുന്ന് മാനസികമായ തളര്‍ച്ചയിലും വെല്ലുവിളിയിലും ആണ്. അവര്‍ എവിടെയെങ്കിലും പുറത്തിറങ്ങി നടന്ന് ജീവിതം അല്പം ആസ്വദിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാലമാണ്.
പ്രകൃതിയില്‍ ഇറങ്ങി നടക്കുന്നത് ഒരു ചികിത്സയായി നിര്‍ദേശിക്കാം എന്ന് കാനഡയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്ന കാലവും. (കഴിഞ്ഞ ആഴ്ചയില്‍ തന്നെ വന്ന വാര്‍ത്തയാണ്).
The idea behind the initiative is to improve people’s physical and psychological health, which experts believe spending time in nature can do. Nature has many benefits for humankind — it is linked to improving attention, sharpening our cognition skills, lowering stress, boosting empathy, bettering our mood, and putting us at reduced risk of psychiatric disorders.
കൊറോണക്കാലം ടൂറിസം ഇന്‍ഡസ്ട്രിയുടെ നടു ഒടിച്ചിട്ടിരിക്കുന്ന കാലത്ത് എങ്ങനെയെങ്കിലും അതിനെ ജീവന് വൈപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ശ്രമിക്കുന്നു. അപ്പോഴാണ് സര്‍ക്കാരിന്റെ മറ്റൊരു ഭാഗം നിരോധനത്തിന്റെ വാളുമായി വരുന്നത്.
നമ്മുടെ കുട്ടികള്‍ പ്രകൃതിയില്‍ ഇറങ്ങി നടക്കേണ്ടതിന് വിനോദത്തിനും ആരോഗ്യത്തിനും അപ്പുറം ഒരു മാനമുണ്ട്. കാടിനോടും മലയോടും നമുക്ക് സ്നേഹമുണ്ടാകുന്നത് അതിന്റെ ഭംഗിയും വന്യതയും ഉയരവുമൊക്കെ അടുത്തറിയുന്പോഴാണ്. അങ്ങനെ പ്രകൃതിയെ സ്നേഹിക്കുന്പോഴാണ് ആ പ്രകൃതിക്ക് എന്തെങ്കിലും സംഭവിക്കുന്പോള്‍ നമ്മള് പ്രതികരിക്കുന്നതും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും. മനുഷ്യനെ ഒഴിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്ന മലയില്‍ ക്വാറിയുണ്ടാക്കിയാലും, നമുക്കറിയാത്ത വനങ്ങള്‍ നശിപ്പിക്കപ്പെട്ടാലും നമ്മള് പ്രതികരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഈ നിരോധന വാര്‍ത്ത സത്യമാണോ എന്നറിയാന്‍ അന്വേഷിച്ചു. സത്യമാണ്. ഫെബ്രുവരി പതിനൊന്നാം തിയ്യതിയിലെ ഉത്തരവാണ്.
ഉത്തരവിലെ വാചകങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്
‘ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയര്‍ന്ന മലനിരകളിലേക്കുള്ള ട്രക്കിങ് എന്നിവ 110222 മുതല്‍ നിരോധിച്ച് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 (2) (കകക) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.’
ഒറ്റ നോട്ടത്തില്‍ വലിയ കുഴപ്പമില്ല. അപകടകരമാം വിധത്തിലുള്ള ഓഫ്റോഡ് ട്രക്കിങ്ങ് ആണ് നിരോധിച്ചിരിക്കുന്നത്.
എന്താണ് അപകടകരമായ വിധം എന്ന് വിവരിച്ചിട്ടില്ല. ആരാണ് അനുമതി നല്‍കേണ്ട ബന്ധപ്പെട്ട വകുപ്പുകള്‍ എന്നോ, ആരാണ് അനുമതി തേടേണ്ടത് എന്നോ, എന്താണ് അതിനുള്ള രീതി എന്നോ പറഞ്ഞിട്ടില്ല. എന്ത് മാനദണ്ഡം അനുസരിച്ചാണ് അനുമതി നല്‍കേണ്ടത് അല്ലെങ്കില്‍ നിഷേധിക്കേണ്ടത് എന്നില്ല.
അപ്പോള്‍ ഫലത്തില്‍ സംഭവിക്കാന്‍ പോകുന്നത് ഏതെങ്കിലും തരത്തില്‍ ഇടുക്കിയിലേക്ക് വരാന്‍ നാട്ടുകാരും മറുനാട്ടുകാരും മടിക്കും. ഇപ്പോഴേ നടുവൊടിഞ്ഞു കിടക്കുന്ന ഇടുക്കി ടൂറിസത്തിന്റെ ഓക്സിജന്‍ സപ്ലൈ മാറ്റിക്കളഞ്ഞ് അതിനെ മരണത്തിലേക്ക് തള്ളിവിടുക എന്നതാണ് ഈ ഉത്തരവ് ചെയ്യുന്നത്.
ഞാന്‍ എപ്പോഴും പറയാറുള്ളതു പോലെ കേരളത്തിലെ റോഡുകളില്‍ വണ്ടി ഓടിക്കുന്നത് പോലുള്ള അപകട സാധ്യത ഒന്നും നമ്മുടെ ഓഫ്റോഡിങ്ങില്‍ ഇല്ല. ഒരു വര്‍ഷം ശരാശരി നാല്പതിനായിരം അപകടങ്ങളും നാലായിരം മരണങ്ങളുമാണ് നമ്മുടെ റോഡില്‍ നടക്കുന്നത്. ഓഫ് റോഡ് ട്രെക്കിങ്ങിനിടക്ക് കേരളത്തില്‍ വര്‍ഷത്തില്‍ ശരാശരി എത്ര അപകടങ്ങള്‍ നടക്കുന്നുണ്ട്? എത്ര പേര് മരിക്കുന്നുണ്ട്?
ട്രക്കിങ്ങില്‍ അപകട സാധ്യത ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. തീര്‍ച്ചയായും ഉണ്ട്. അതില്‍ പലതും വേണ്ടത്ര പരിശീലനത്തിലൂടെ, നിര്‍ദ്ദേശങ്ങളിലൂടെ, വ്യക്തി സുരക്ഷാ ഉപകരണങ്ങളിലൂടെ, പരിചയ സന്പന്നരായ ഗൈഡുകളുടെ ലഭ്യതയിലൂടെ നമുക്ക് ഒഴിവാക്കാവുന്നതാണ് എന്നാണ്.
ഇതൊക്കെ ചെയ്താലും അപകടങ്ങള്‍ ഉറപ്പായും ഉണ്ടാകും. ലോകത്തെ ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങളുള്ള ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിയിലേക്കുള്ള കയറ്റത്തില്‍ ഇപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നുവെച്ച് അവര്‍ അത് നിരോധിക്കുകയല്ല ചെയ്യുന്നത്. മറിച്ച് പരിശീലനങ്ങള്‍ കൂട്ടുന്നു, രക്ഷാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു, ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. അതുവഴി കൂടുതലാളുകളെ ട്രക്കിങ്ങിലേക്ക് ആകര്‍ഷിച്ച് പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു.
ഇടുക്കിയിലെ ട്രാക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നതാണ് എന്റെ അഭിപ്രായം. എന്നിട്ട് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം.
1. ഇടുക്കിയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവരുടെ ഒരു മീറ്റിങ്ങ് വിളിച്ച് എങ്ങനെയൊക്കെയാണ് ട്രക്കിങ്ങിലെ സുരക്ഷ വര്‍ധിപ്പിക്കാവുന്നത് എന്ന് ചര്‍ച്ച ചെയ്യുക.
2. ട്രക്കിങ്ങിലെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഒരു മാസത്തിനകം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുക.
3. സുരക്ഷിതമായ ട്രെക്കിങ്ങിന് രണ്ടു ദിവസത്തെ പരിശീലനം നല്‍കാനുള്ള സംവിധാനം ഇടുക്കിയിലെ വിവിധ സ്ഥാപനങ്ങളിലാരംഭിക്കുക.
4. സുരക്ഷിതമായ ട്രക്കിങ്ങിന് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനോ വാടകക്കോ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുക.
5. അപകടമുണ്ടായാല്‍ പ്രഥമ ശുശ്രൂഷ മുതല്‍ രക്ഷാ പ്രവര്‍ത്തനം വരെയുള്ള കാര്യങ്ങളില്‍, അവ എങ്ങനെ സര്‍ക്കാര്‍ സംവിധാനവുമായി സഹകരിച്ച് ചെയ്യാമെന്നുള്ള കാര്യങ്ങളില്‍ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഉണ്ടാക്കുക.
6. ട്രെക്കിങ്ങ് ചെയ്യുന്ന സമയത്തേക്ക് മാത്രം ബാധകമായ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കുക. ഹെലികോപ്റ്റര്‍ റെസ്ക്യൂ തൊട്ട് ഇവാക്വേഷന് വരെയുള്ള ഇത്തരം പാക്കേജുകള്‍ ലോകത്ത് എത്രയോ ഉണ്ട്.
ഈ വിഷയത്തില്‍ എനിക്ക് അറിയാവുന്ന രീതിയില്‍ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. ട്രക്കിങ്ങിന്റെ കാര്യത്തില്‍ അറിവുള്ള മലയാളികള്‍ ധാരാളമുണ്ട്. അവരുടെ സഹായത്തോടെ ലോകത്ത് മറ്റിടങ്ങളിലുള്ള നല്ല രീതികള്‍ ഉള്‍പ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വെറും ഒറ്റ മാസം കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം.
ഇതൊരു വലിയ അവസരമാണ്. അതിനെ ദുരന്ത നിവാരണത്തിന്റെ അധികാരം ഉപയോഗിച്ച് നിരോധിച്ചു കളയരുത്, പ്ലീസ്…
മുരളി തുമ്മാരുകുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: