ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ് കണ്ടെത്തിയ സിബിഐ സ്വകാര്യ കപ്പല്‍ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു. വിവിധ ബാങ്കുകളുടെ കൂട്ടായ്മയെ (കണ്‍സോര്‍ഷ്യം) കബളിപ്പിച്ച് 22,842 കോടി തട്ടിയെടുത്ത എബിജി ഷിപ്പ്യാര്ഡ് ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഋഷി കമലേഷ് അഗര്‍വാള്‍, ഡയറക്ടര്‍മാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേതിയ എന്നിവര്‍ക്കെതിരേയാണ് കേസ്.
നൂറ്റിയറുപത് കപ്പലുകളുണ്ടാക്കാനെന്ന പേരില്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് 7089 കോടിയും ഐഡിബിഐയില്‍ നിന്ന് 3634 കോടിയും എസ്ബിഐയില്‍ നിന്ന് 2925 കോടിയും ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 1614 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍ നിന്ന് 1200 കോടിയുമാണ് ഇവര്‍ തട്ടിയത്. സ്ഥാപനത്തിന്റെ പേരില്‍ വായ്പകളെടുത്ത് തന്ത്രത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഫലമാണ് അറസ്റ്റ്. 2012 മുതല്‍ 2017 വരെയായിരുന്നു തട്ടിപ്പ്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം, കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അഴിമതി നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസ്. 2019 നവംബര്‍ എട്ടിനാണ് എസ്ബിഐയുടെ നേതൃത്വത്തില്‍ സിബിഐക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിക്കുകയും കപ്പല്‍ശാല മേധാവികളില്‍ നിന്ന് 2020 മാര്‍ച്ച് 12ന് വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ഇവരുടെ വിശദീകരണങ്ങളില്‍ വലിയ പൊരുത്തക്കേട് കണ്ടതോടെയാണ് കേസെടുത്തത്. 28 ബാങ്കുകളാണ് ഇവര്‍ക്ക് വായ്പ അനുവദിച്ചത്. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന ഏറ്റവും വലിയ കേസാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കപ്പല്‍ശാലയാണ് എബിജി. 18,000 കേവ് ഭാരം വരെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ സൂററ്റിലെയും 1,20,000 കേവ് ഭാരം വരെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ ദഹേജിയിലെയും പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്. 16 വര്‍ഷത്തിനിടെ 165 കപ്പലുകള്‍ നിര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: