മഹാഗായികയായിരുന്നു ലതാ മങ്കേഷ്കര്‍ എന്നല്ല, മഹാഗായികയാണ് എന്നുതന്നെ ഇനിയും പറയാം. മരണത്തിനുശേഷവും, ലതാജി ഇരുന്ന സംഗീതത്തിന്റെ സിംഹാസനത്തില്‍ മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ല.
ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ അന്‍പതിനായിരത്തിലേറെ ഗാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടിയ ഗായിക. ഏറ്റവുമധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതിന്റെ ഗിന്നസ് ബഹുമതി. ദേശാതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ ആലാപനം. നവതിയിലെത്തിയപ്പോഴും നശിക്കാതിരുന്ന ശബ്ദമാധുര്യം. ഈ സവിശേഷതകള്‍ക്കും അപൂര്വതകള്ക്കുമൊപ്പം മറ്റൊന്നു കൂടിയുണ്ടായിരുന്നു-ലതാജിയുടെ അചഞ്ചലമായ ദേശസ്നേഹം. ഗാനങ്ങളില്‍ മാത്രമല്ല, വാക്കിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഒരു വിശുദ്ധ വികാരമായിരുന്നു അത്.
”ഭാരതമാകെ മഹാരാഷ്ട്രയുടെ ശബ്ദം ആലപിക്കുന്നു. ആ ശബ്ദം ലതാ മങ്കേഷ്കറുടേതാണ്.” ലതാജിയുടെ സംഗീത സംഭാവനകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രമുഖ പത്രപ്രവര്ത്തകന് പി.കെ. ആത്രെ ഒരിക്കല്‍ പറഞ്ഞതാണിത്. ഗായികയെന്ന നിലയ്ക്ക് ഇത് ശരിയാണ്. പക്ഷേ ആരാണ് ലതാ മങ്കേഷ്കര്‍, എങ്ങനെയാണ് അവര്‍ പാട്ടിന്റെ വഴിയിലേക്കു വന്നത്, എന്തൊക്കെയായിരുന്നു നിലപാടുകള്‍? മഹാരാഷ്ട്രയ്ക്കു പുറത്ത് ആരും അധികമൊന്നും ഇക്കാര്യങ്ങള്‍ അറിഞ്ഞില്ല. ഐതിഹാസികമായ ആ സംഗീത ജീവിതത്തിന്റെ പ്രഭാവത്തില്‍ ഇതെല്ലാം അപ്രസക്തമോ അനാവശ്യമോ ആയി ആസ്വാദകര്‍ക്ക് തോന്നിയിരിക്കാം.
- പിതൃതുല്യനായി സവര്‍ക്കര്‍
സംഗീതജ്ഞനും നാടക നടനുമായിരുന്ന ലതാജിയുടെ പിതാവ് ദീനനാഥ് മങ്കേഷ്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്നു. അച്ഛനും മകള്‍ക്കും സ്വാതന്ത്ര്യ വീര സവര്‍ക്കറുമായി ഉണ്ടായിരുന്നത് ആത്മബന്ധം. സവര്‍ക്കറുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ദീനനാഥ് പങ്കാളിയായിരുന്നു. നാസിക്കിലായിരുന്നപ്പോള് അസ്പൃശ്യതയ്ക്കെതിരെ സവര്‍ക്കര്‍ നടത്തിയിരുന്ന മിശ്രഭോജനത്തില്‍ അച്ഛന്റെ കൈപിടിച്ച് ലതയും പങ്കെടുത്തു. സവര്‍ക്കറാവട്ടെ ഇടക്കിടെ ദീനനാഥിന്റെ വീട് സന്ദര്‍ശിക്കും. അപ്പോഴൊക്കെ കുടുംബാംഗങ്ങളുടെ സജീവ ചര്‍ച്ചകള്‍ നടക്കുമായിരുന്നു. പക്ഷേ വെറും നാല്‍പ്പത്തിയൊന്നാമത്തെ വയസ്സില്‍ ദീനനാഥ് മരിച്ചതോടെ ആ കുടുംബം ഏറെക്കുറെ അനാഥമായെന്നു പറയാം. ”താത്യ (സവര്‍ക്കര്‍) ഞങ്ങള്‍ക്ക് കുടുംബാംഗത്തെപ്പോലെ ആയിരുന്നു. താത്യയുടെ ചിന്തകളും കവിതകളും പാണ്ഡിത്യവുമൊക്കെ ഞങ്ങളുടെ വീട്ടില്‍ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു” എന്നാണ് സഹോദരന് പണ്ഡിറ്റ് ഹൃദയ്നാഥ് മങ്കേഷ്കറുമൊത്ത് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ലതാജി ഓര്‍മിച്ചത്.
മാതൃരാജ്യത്തിന്റെ ദുര്‍വിധിയില്‍ ദുഃഖിച്ചും, അതിനെതിരെ പൊരുതാന്‍ വിപ്ലവകാരികളെ പ്രേരിപ്പിക്കുന്നതുമായ സവര്‍ക്കറുടെ ദേശഭക്തി ഗാനങ്ങള്‍ മങ്കേഷ്കര്‍ കുടുംബം ആലപിക്കാറുണ്ടായിരുന്നു. സവര്‍ക്കര്‍ ആന്‍ഡമാനില്‍ തടവിലായിരുന്നപ്പോള്‍ കഴുത്തിലെ ഇരുമ്പു തകിടുകൊണ്ട് ജയില്‍ ഭിത്തിയില്‍ കോറിയിട്ട സ്വാതന്ത്ര്യ ഗീതമുള്‍പ്പെടെ നാം മങ്കേഷ്കര്‍ സഹോദരങ്ങളുടെ ആലാപനത്തിലൂടെ കേള്‍ക്കുകയുണ്ടായി. പില്ക്കാലത്ത് ഈ ഗീതങ്ങള്‍ സ്വയം ചിട്ടപ്പെടുത്തി തന്റെ സഹോദരിമാരെക്കൊണ്ട് പാടിച്ചതിന് പതിനേഴുകാരനായ ഹൃദയ്നാഥ് മങ്കേഷ്കറെ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആകാശവാണിയില്‍നിന്ന് പിരിച്ചുവിടുക പോലുമുണ്ടായി. എന്നിട്ടും ക്ഷമ ചോദിക്കാനോ മനോഭാവം മാറ്റാനോ മങ്കേഷ്കര്‍ കുടുംബം തയ്യാറായില്ല. അടിയന്തരാവസ്ഥയോട് വിയോജിച്ചതിന് കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് ഇവിടെ ഓര്‍ക്കാം. കിഷോര്‍ കുമാറുമൊത്താണല്ലോ ലതാജി ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ളത്.
വലുതാകുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകയാവാന്‍ ആഗ്രഹിച്ച ലതാ മങ്കേഷ്കറെ പാടാനുള്ള അവരുടെ കഴിവ് തിരിച്ചറിഞ്ഞ് ഗായികയാവാന്‍ പ്രേരിപ്പിച്ചത് സവര്‍ക്കറായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിന് നിരവധി തലങ്ങളുണ്ടെന്നും, സംഗീതവും ഒരു ആയുധമാണെന്നും ബോധ്യപ്പെടുത്തിയായിരുന്നു ഇത്. ജീവിതകാലം മുഴുവന്‍ ഈ കടപ്പാട് ലതാജി നിലനിര്‍ത്തി. പില്ക്കാലത്ത് വലിയ പാട്ടുകാരിയായി വളര്‍ന്നപ്പോള്‍ തന്റെ ഒരു ആല്‍ബം പ്രകാശനം ചെയ്യാന്‍ സവര്‍ക്കറുടെ മുംബൈയിലെ വീട്ടിലെത്തി ലതാജി ക്ഷണിച്ചു. തന്നെ ചുറ്റിപ്പറ്റി നില്ക്കുന്ന വിവാദങ്ങള്‍ കണക്കിലെടുത്ത് അഭ്യര്‍ത്ഥന നിരസിക്കുകയാണ് ആദ്യം സവര്‍ക്കര്‍ ചെയ്തത്. താനുമായി ബന്ധപ്പെടുന്നത് സംഗീത ജീവിതത്തില്‍ ഗുണകരമാവില്ലെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചു. ”പാട്ടിന് ഗുണമാവില്ലെങ്കിലും അങ്ങ് എന്റെ പാട്ടിനെ അനുഗ്രഹിക്കണമെന്നാണ് ആഗ്രഹം.” ഇങ്ങനെ പ്രതികരിക്കാന്‍ ലതാജിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അചഞ്ചലമായ ആരാധന സവര്‍ക്കറോട് ലതാജിക്ക് ആരാധന തന്നെയായിരുന്നു. അതൊരിക്കലും മറച്ചുപിടിച്ചതുമില്ല. അച്ഛന്റെ നാടകവേദിക്കുവേണ്ടി സന്യാസ്ത് ഖഡ്ഗ എന്ന നാടകമെഴുതിയത് സവര്‍ക്കറായിരുന്നു. ഈ നാടകത്തിലെഴുതിയ ശത് ജനം ഹോത് ധന… എന്ന ഒറ്റഗാനത്തിന് സവര്‍ക്കര്‍ക്ക് ജ്ഞാനപീഠം നല്‍കേണ്ടതാണെന്ന് ലതാജി അഭിപ്രായപ്പെട്ടിട്ടുണ്ട്. സവര്‍ക്കര്‍ക്കെതിരെ രാഷ്ട്രീയപ്രേരിതമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനും ലതാജി മടിച്ചില്ല. ”ഇന്ന് സ്വാതന്ത്ര്യ വീര്‍ സവര്‍ക്കറുടെ ജയന്തിയാണ്. ആ വ്യക്തിത്വത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇക്കാലത്ത് സവര്‍ക്കര്‍ക്കെതിരെ ചിലര്‍ സംസാരിക്കുന്നു. എന്നാല്‍ സവര്‍ക്കര്‍ എത്ര രാജ്യസ്നേഹിയും ദേശാഭിമാനിയുമായിരുന്നുവെന്ന് അവര്‍ക്കറിയില്ല” എന്നാണ് സവര്‍ക്കറുടെ ഒരു ജന്മദിനത്തില് ലതാജി അഭിപ്രായപ്പെട്ടത്. സവര്‍ക്കറില്‍നിന്ന് പകര്‍ന്നു കിട്ടിയ ധീരതയാണ് ഇവിടെ പ്രകടമാവുന്നത്.
സവര്‍ക്കറുടെ അവസാന നാളുകളില്‍ പൂനെ സര്‍വ്വകലാശാല ഒരു പരിപാടി സംഘടിപ്പിച്ചു. സവര്‍ക്കറുടെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്നതിനായിരുന്നു ഇത്. ഈ പരിപാടിയില്‍ ഓ സാഗരമേ, എന്നെ എന്റെ മാതൃഭൂമിയിലേക്ക് പുനരാനയിക്കൂ…, ജയോ സ്തുതേ ശ്രീ മഹാമംഗളേ… എന്നീ ഗാനങ്ങള്‍ ഹൃദയ്നാഥ് ചിട്ടപ്പെടുത്തിയ ഈണത്തില്‍ സഹോദരിമാരായ ഉഷാ മങ്കേഷ്കറും മീനാ മങ്കേഷ്കറും ചേര്‍ന്ന് ആലപിക്കുകയുണ്ടായി. സ്വതന്ത്ര ഭാരതം സവര്‍ക്കര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ലെന്നും, വിമര്‍ശിക്കുന്നവര്‍ക്ക് സവര്‍ക്കര്‍ എത്ര വലിയ ദേശഭക്തനായിരുന്നുവെന്ന് അറിയില്ലെന്നും ‘സാഗരപ്രാണഗീത’ത്തിന്റെ ശതാബ്ദിയാഘോഷ വേളയിലും ലതാ മങ്കേഷ്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ സജീവമായപ്പോള്‍ എല്ലാ വര്‍ഷവും സവര്‍ക്കറുടെ ജന്മദിനത്തില് ലതാജി ആ മഹാപുരുഷനെ ഓര്‍മിച്ച് ട്വീറ്റു ചെയ്യുമായിരുന്നു. സവര്‍ക്കറെ വ്യക്തിപരമായും ആശയപരമായും അംഗീകരിക്കാതിരുന്നവരുടെ ഭരണത്തിന് കീഴിലാണ് ധീരമായ തന്റെ നിലപാടുകള്‍ പരസ്യമായിത്തന്നെ ലതാജി പ്രകടിപ്പിച്ചു പോന്നത്. അതുമൂലം കഷ്ടനഷ്ടങ്ങളുണ്ടാകുമെന്ന ഉപദേശങ്ങള്‍ക്ക് ഗായിക ചെവികൊടുത്തില്ല.
- ദേശീയതയുടെ പാട്ടുകാരി
1950 കളില്‍ ഗോവ വിമോചനപ്പോരാട്ടത്തിന് കരുത്തു പകരാന്‍ ഗായികയെന്ന നിലയില്‍ ഒരു മടിയും കൂടാതെ ലതാ മങ്കേഷ്കര്‍ രംഗത്തുവന്നു. ആസാദ് ഗോമന്തക് ദള്‍ ആരംഭിച്ച സമരത്തില്‍ ആര്‍എസ്എസും പങ്കുചേര്‍ന്നു. വൈദേശികാധിപത്യത്തിനെതിരായ പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്നതിന് പണം ആവശ്യമായിരുന്നു. ഇതിനുവേണ്ടി പൂനെയില്‍ ഒരു സംഗീത പരിപാടി സംഘടിപ്പിക്കാനും, അതില്‍ ലതാജിയെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. വിഖ്യാത സംഗീത സംവിധായകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന സുധീര്‍ ഫട്കെ, ലതാജിയെ സന്ദര്‍ശിച്ച് പരിപാടിയില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലതാജി ഉടന്‍തന്നെ സമ്മതിച്ചു. ”ഗോവയുടെ വിമോചനത്തിന് പണം കണ്ടെത്താനുള്ള പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ഫട്കെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. ഈ സംഗീത പരിപാടിക്ക് എത്ര പണം സമാഹരിക്കാനായെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ പൂര്‍വികരുടെ നാടായ ഗോവയ്ക്കുവേണ്ടി, എന്റെ രാജ്യമായ ഭാരതത്തിനുവേണ്ടി ഒരു ചെറിയ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.” 2015 ലെ ഒരു അഭിമുഖത്തിലാണ് ലതാജി ഇതു പറഞ്ഞത്. ഈ സംഗീത പരിപാടിയില്‍ പങ്കെടുത്തതിന് ഒരു പൈസപോലും ലതാജി പ്രതിഫലം വാങ്ങാതിരുന്നത് സംഘാടകരെ അമ്പരപ്പിച്ചു. അത്രയ്ക്കായിരുന്നു നാടിനോടുള്ള ഈ ഗായികയുടെ കൂറ്.
ഒരു പതിറ്റാണ്ടായപ്പോള്‍ ഇതേ അനുഭവം ദല്‍ഹിയില്‍ ആവര്‍ത്തിക്കപ്പെട്ടു. വര്‍ഷം 1963. വേദി സെന്‍ട്രല്‍ സ്റ്റേഡിയം. ആര്‍മി റിലീഫ് ഫണ്ട് സമാഹരണത്തിനായുള്ള സംഗീത പരിപാടി. യെ മേരെ വതന്‍ കെ ലോകോം… എന്ന ഗാനം ലതാജിയുടെ കണ്ഠത്തില്നിന്നല്ല, ഹൃദയത്തില്‍നിന്ന് ഒഴുകിയെത്തി. അതൊരു ഉണര്‍ത്തുപാട്ടായി. ചൈനയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട സൈനികര്‍ക്കും, കടുത്ത നിരാശയിലേക്ക് എടുത്തെറിയപ്പെട്ട ഒരു ജനതയ്ക്കും ആത്മാഭിമാനത്തിന്റെ തിളക്കവും ആത്മവിശ്വാസത്തിന്റെ കരുത്തും സമ്മാനിക്കുന്നതായിരുന്നു ആ ഗാനവും അതിന്റെ ആലാപനവും. ദേശീയ വികാരം അന്യമായിരുന്ന, ദേശീയ താല്പര്യങ്ങള് വിസ്മരിച്ച വിശ്വപൗരനാവാന്‍ ശ്രമിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വേദിയില്‍നിന്ന്, കുറ്റബോധംകൊണ്ടാവാം കണ്ണീര് പൊഴിച്ചു. രാഷ്ട്രപതി എസ്. രാധാകൃഷ്ണന് ആ രംഗത്തിന് സാക്ഷ്യം വഹിച്ചു. ചൈനയുമായുള്ള യുദ്ധത്തില്‍ ബലിദാനികളായ സൈനികരുടെ വിധവകളോടുള്ള സമര്‍പ്പണമായി കവി പ്രദീപ് എഴുതി സി. രാമചന്ദ്ര ഈണമിട്ട പാട്ടാണ് യെ മേരെ വതന്‍ കെ ലോകോം… രാജ്യത്തിന് സാന്ത്വനം പകര്‍ന്ന ഈ ഗീതം മറ്റൊരിക്കല്‍ വിജയത്തിന്റെ ആവേശമായി പടരുകയും ചെയ്തു. ഒന്‍പത് വര്‍ഷത്തിനുശേഷം 1971 ല്‍ ബംഗ്ലാദേശിന്റെ പിറവിക്കിടയാക്കിയ പാകിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഭാരത സൈന്യം വിജയം നേടിയപ്പോഴായിരുന്നു അത്. ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലതാജിയുടെ ആലാപനത്തിലൂടെ വിജയോന്മാദത്തിന്റെ തരംഗമായി ഈ ഭാവഗീതം ഒഴുകിയെത്തി.
- ഹൃദയത്തിലെ സ്വാതന്ത്ര്യഗീതങ്ങള്‍
ഭാരത സംസ്കാരത്തിന്റെ ആത്മാംശം കലര്‍ന്ന ലതാ മങ്കേഷ്കറുടെ സ്വരം തലമുറകളുടെ വികാരവിചാരങ്ങളെ പ്രതിനിധീകരിച്ചു. സ്വന്തം ഗാനങ്ങളിലൂടെ അവര്‍ സംഗീതത്തെ ജനാധിപത്യവല്‍ക്കരിച്ചു. ആരുടെയും ഏത് ജീവിത മുഹൂര്‍ത്തത്തിലും മൂളാവുന്ന വരികള്‍ അവരുടേതായുണ്ട്. ദേശസ്നേഹത്തെക്കുറിച്ചാവുമ്പോള് അവയ്ക്കു കൈവരുന്ന ഭാവപ്പകര്‍ച്ച ആസ്വാദകനെ വലിച്ചടുപ്പിക്കുന്നു. ഗാന വൈവിധ്യത്തിന്റെ വേര്‍തിരിവ് ഇവിടെ മാഞ്ഞുപോകുന്നതു കാണാം. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഷഹീദ് (1965) എന്ന സിനിമയില്‍ മുകേഷ്, മഹേന്ദ്ര കപൂര്‍, രാജേഷ് മേത്ത എന്നിവര്‍ക്കൊപ്പം ലതാ മങ്കേഷ്കര്‍ പാടിയ മേരെ രംഗ് ദെ ബസന്തി ചോല…. എന്ന ഗാനം സ്വാതന്ത്ര്യത്തിന്റെ സംഗീതാവിഷ്കാരമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന യുവവിപ്ലവകാരികള്‍ കഴുമരത്തിലേക്ക് നടന്നടുക്കുമ്പോള്‍ അവരുടെ മനസ്സില്‍ അലതല്ലുന്ന വികാരവിചാരങ്ങളുടെ ആവിഷ്കാരമാണ് ഈ ഗാനം. 1971 ല്‍ റെക്കോഡു ചെയ്ത സിനിമേതര ഗാനമായ ഹോ സമര് മെ ഹോ ഗയെ അമര്‍… ആണ് മറ്റൊന്ന്. പ്രാര്‍ത്ഥനയുടെ സ്വരത്തിലാണ് ലതാജി ഇത് പാടിയിട്ടുള്ളത്. രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടി ജീവന് ബലിയര്‍പ്പിക്കുന്ന യുവസൈനികരെ വാഴ്ത്തുന്നതാണ് ഈ ഗാനവും. ആ ഗാനത്തിന്റെ മാസ്മരികമായ ആലാപനം നല്കുന്ന അനുഭൂതി വാക്കുകള്‍ക്കതീതമാണ്. ഭാരതത്തിന്റെ ദേശീയഗാനമായ വന്ദേമാതരം സംഗീത സംവിധായകന് ഹേമന്ത് കുമാര്‍ ദേശ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത് 1952 ല്‍ ലതാജി പാടുകയുണ്ടായി. ഒരു ഗായിക എന്നതിനുപരി ദേശീയതയോടുള്ള ലതാജിയുടെ ഉല്‍ക്കടമായ അഭിനിവേശമാണ് ഈ ആലാപനത്തില്‍ പ്രകടമാവുന്നത്. എ.ആര്. റഹ്മാന് സംഗീതം നല്കിയ ആല്‍ബത്തിലെ വന്ദേമാതരം (1997) പ്രഖരമായ ദേശാഭിമാനത്തിന്റെ ശക്തി സൗന്ദര്യങ്ങളത്രയും ഉള്‍ക്കൊള്ളുന്ന ലതാജിയുടെ ആലാപനമാണ്.
- അടല്‍ജി മുതല്‍ മോദി വരെ
തന്റെ കുടുംബത്തോടു കാണിച്ച സ്നേഹവാത്സല്യങ്ങള്ക്കുപരി സവര്‍ക്കറുടെ ദേശസ്നേഹമാണ് ലതാജിയെ പ്രചോദിപ്പിച്ചത്. ഉള്ളില്‍ ഒരു കെടാദീപമായി അത് നിലനില്ക്കുകയും ചെയ്തു. ഹിന്ദുത്വ-ദേശീയ-പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനും, അതിന്റെ നായകന്മാരുമായി അടുത്തബന്ധം പുലര്‍ത്താനും ഇതിടയാക്കി. കവിയും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ബിഹാരി വാജ്പേയിയുമായി ലതാജി ആത്മബന്ധം സ്ഥാപിച്ചു. ”ഞാന്‍ അടല്‍ജിയെ ദാദാ എന്നു വിളിച്ചു, തിരിച്ച് എന്നെ ബേട്ടിയെന്നും.” അടല്‍ എന്ന പേര് തന്റേതു കൂടിയാണെന്ന് ലതാജി ഒരിക്കല്‍ പറഞ്ഞപ്പോള്‍, ഇംഗ്ലീഷില്‍ ‘ലത’ തിരിച്ചിട്ടാല്‍ ‘അടല്‍’ എന്നു വായിക്കാമെന്നായിരുന്നു വാജ്പേയിയുടെ തമാശ. പൂനെയില്‍ സ്ഥാപിച്ച മങ്കേഷ്കര്‍ ആശുപത്രിയുടെ ഉദ്ഘാടകന്‍ വാജ്പേയി ആയിരുന്നു.
”ലതയുടെ പേര് ഒരു മ്യൂസിക് അക്കാദമിക്കാണ് ചേരുകയെന്നും, പക്ഷേ അസുഖങ്ങള്‍ക്ക് സംഗീതവും ചികിത്സയായതുകൊണ്ടു കുഴപ്പമില്ല” എന്നും അടല്‍ജി പറഞ്ഞപ്പോള്‍ ”ദാദാജിയുടെ പ്രഭാഷണത്തെക്കാള്‍ വലിയ സംഗീതമേതുണ്ട്” എന്നായിരുന്നു ലതാജിയുടെ പ്രതികരണം. വാജ്പേയിയുടെ ഭരണകാലത്താണ് ലതാ മങ്കേഷ്കറിനെ ഭാരതരത്നം നല്കി ആദരിച്ചതെന്ന കാര്യം ഇവിടെ ഓര്‍ക്കാം. രാമജന്മഭൂമിയുടെ വിമോചനത്തിനായി എല്‍.കെ. അദ്വാനി സോമനാഥില്‍നിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്രയില്‍ ലതാജി ആലപിച്ച രാമഭജന്‍ തരംഗമായി മാറുകയുണ്ടായി.
അച്ഛന് ദീനനാഥ മങ്കേഷ്കറുടെ എഴുപത്തിയഞ്ചാം സ്മൃതിദിനാചരണത്തില്‍ ലതാജി ക്ഷണിച്ചുവരുത്തിയ മുഖ്യാതിഥി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആയിരുന്നു. മുംബൈയില്‍ ഷണ്മുഖാനന്ദ ഹാളില്‍ നടി വൈജയന്തിമാലയ്ക്കും നടന് ആമിര്‍ഖാനും ക്രിക്കറ്റ് താരം കപില്‍ ദേവിനുമുള്ള പുരസ്കാരങ്ങള്‍ മോഹന്‍ജിയുടെ കൈകള്‍കൊണ്ട് നല്‍കണമെന്നത് ലതാജിയുടെ ആഗ്രഹമായിരുന്നു. ”എട്ട് പതിറ്റാണ്ടായി ഭാരതീയരുടെയാകെ ഹൃദയങ്ങളെ ആര്‍ദ്രമാക്കുകയും സംതൃപ്തമാക്കുകയും സമാധാനിപ്പിക്കുകും ചെയ്ത ആനന്ദധാര നമുക്ക് നഷ്ടപ്പെട്ടു. ഇനി ആ സ്വരമഴ പെയ്യില്ല… ദീദിയുടെ പവിത്ര സ്മരണ സ്വരമായി, നാദമായി, ഈണമായി നിലനില്ക്കും. എന്നാല്‍ ആ ഭൗതിക സാന്നിധ്യത്തിന് ഓര്‍മകളെ ആശ്രയിക്കേണ്ടിവരും.” സര്‍സംഘചാലകന്റെ ഈ വാക്കുകളില്‍ ആലാപനങ്ങളിലൂടെ ദേശീയ വികാരത്തിന്റെ അമൃതധാര പൊഴിച്ച മഹാഗായികയുടെ വിയോഗം സൃഷ്ടിച്ച നഷ്ടബോധത്തിന്റെ ആഴമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ലതാജിയുടെ ബന്ധം ഏറെ ദൃഢമായിരുന്നു. ഔപചാരികതകള്‍ക്കപ്പുറമുള്ള വൈകാരിക സ്പര്‍ശം അതിനുകൈവന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിക്കാണണമെന്ന ആഗ്രഹം ലതാജി പരസ്യമായി പ്രകടിപ്പിച്ചു. മഹാരാഷ്ട്രയില്‍ അച്ഛന്റെ സ്മരണയ്ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയായ മോദിയെയാണ് ലതാജി ക്ഷണിച്ചത്. പ്രധാനമന്ത്രിയായ ശേഷം ലതാജിയുമായി മോദി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. പരസ്പരമുള്ള ആദരവ് പ്രകടമായ നിമിഷങ്ങളായിരുന്നു അത്.
- ആത്മാവിന്റെ സ്പന്ദനങ്ങള്‍
ലതാജിയുടെ സ്വരത്തില്‍ അവസാനമായി റെക്കോര്‍ഡ് ചെയ്തത് സൗഗന്ധ് മുജെ ഇസ് മിട്ടി കി… എന്ന ദേശഭക്തി ഗാനമാണ്. 2019 ലാണ് ഇത് റെക്കോഡ് ചെയ്തത്. നമിക്കുന്നു ഞാന്‍ എന്റെ നാടിന്റെ മണ്ണിനെ/അനുവദിക്കില്ല ഞാന്‍ ഈ നാടിനെ അപമാനിക്കാന്‍/ഈ നാട് ചിതറിപ്പോകാനും അനുവദിക്കില്ല/ആരുടെ മുന്‍പിലും തലകുനിക്കാനും സമ്മതിക്കില്ല. എന്നിങ്ങനെയുള്ള വരികള്‍ ലതാജി ഹൃദയത്തിലേറ്റു വാങ്ങി.
”കുറച്ചു ദിവസം മുന്‍പ് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രഭായി മോദിയുടെ ഒരു പ്രഭാഷണം കേള്‍ക്കുകയുണ്ടായി. അതില്‍ ചില കവിതാശകലങ്ങള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു. അത് ഓരോ ഭാരതീയന്റെയും മനസ്സിന്റെ വിചാരമായിരുന്നു. എന്റെ മനസ്സിലും അത് ചേക്കേറി. ഈ ഗാനം നമ്മുടെ നാട്ടിലെ ജനതയ്ക്കും യുവാക്കള്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.” പ്രസൂണ്‍ ജോഷി എഴുതിയ ഈ ഗാനം പ്രകാശനം ചെയ്തുകൊണ്ട് ലതാജി പറഞ്ഞ വാക്കുകളാണിത്. ഒമങ് കുമാര്‍ സംവിധാനം ചെയ്ത് വിവേക് ഒബ്റോയി നായകനായ ‘പിഎം നരേന്ദ്രമോദി’ എന്ന സിനിമയില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ ശിവാജിപാര്‍ക്കില്‍ ശിവാജി പ്രതിമയുടെ സമീപത്താണ് ലതാജി അന്ത്യവിശ്രമം കൊള്ളുന്നത്. ഹിന്ദുജനതയുടെ നരസിംഹമായി ഉയര്‍ന്ന ശിവാജിയെ വാഴ്ത്തിക്കൊണ്ട് സവര്‍ക്കര്‍ എഴുതിയ ഗീതം ലതാജി പാടിയിട്ടുണ്ട്. താന്‍ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് സ്വന്തം ആത്മാവിന്റെ സ്പന്ദനമായി ലതാജി ഇപ്പോഴും ഈ ഗീതം ആലപിക്കുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: