Categories: Kerala

സോമനാഥിനെ അനുസ്മരിച്ചു; ‘തൊഴിലും രാഷ്‌ട്രീയ നിലപാടുകളും രണ്ടായി കാണാന്‍ സോമനാഥിനു കഴിഞ്ഞു: വി.മുരളീധരന്‍

സോമനാഥിന്റെ ജീവിതം മാധ്യമ പ്രവര്‍ത്തകന് എതെല്ലാം മേഖലകളില്‍ കടന്നു ചെല്ലാം എന്നതിന്റെ ഉദാഹരണമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

Published by

തിരുവനന്തപുരം: ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ ഇല്ലാതെ നിഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്താമെന്നു തെളിയിയിച്ചുകൊണ്ടാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ഇ.സോമനാഥ് കടന്നു പോയതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇ.സോമനാഥ് അനുസ്മരണത്തില്‍ ഓര്‍മകള്‍ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ സോമനാഥ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 28ന് ആണ് അന്തരിച്ചത്.

‘തൊഴിലും രാഷ്‌ട്രീയ നിലപാടുകളും രണ്ടായി കാണാന്‍ സോമനാഥിനു കഴിഞ്ഞു. മനോരമയിലെ  കോളത്തിലൂടെ അദ്ദേഹം ഞാനടക്കം എല്ലാവരെയും വിമര്‍ശിച്ചുണ്ടെങ്കിലും അതില്‍ വ്യക്തി വിരോധത്തിനു സ്ഥാനമുണ്ടായിരുന്നില്ല. നിയമസഭയില്‍ നടക്കുന്നത് നേരിട്ടു കാണും പോലെ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ നടുത്തളം കോളം’– മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ആഴത്തിലുള്ള അറിവുമുണ്ടായിരുന്ന സോമനാഥിന്റെ ജീവിതം മാധ്യമ പ്രവര്‍ത്തകന് എതെല്ലാം മേഖലകളില്‍ കടന്നു ചെല്ലാം എന്നതിന്റെ ഉദാഹരണമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

എഴുത്തിലും വ്യക്തിത്വത്തിലും വേറിട്ട ശൈലി കാത്തുസൂക്ഷിച്ച സോമനാഥിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മാധ്യമ മേഖലയിലെ വാണിജ്യ–രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കിടയിലും സ്വന്തം വ്യക്തിത്വത്തെ അടയാളപ്പെടുത്തിയ ആളാണ് സോമനാഥെന്നും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ വിരോധം തോന്നുന്ന തരത്തിലായിരുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

വ്യക്തമായി പഠിച്ച് എഴുതുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന സോമനാഥിന്റെ എഴുത്ത് ശൈലിയും പ്രയോഗങ്ങളും അസാധാരണമായിരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ചൂണ്ടിക്കാട്ടി.

സോമനാഥിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഫ്രെറ്റേനിറ്റി രൂപീകരിക്കുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. മുന്‍ സ്പീക്കര്‍ എം.വിജയ കുമാറും അനുസ്മരിച്ചു.

അധ്യക്ഷത വഹിച്ച പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍ നന്ദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by