ഇരിയ: മകരമാസം കളിയാട്ടക്കാലത്തോടൊപ്പം ചില പാരമ്പര്യ അനുഷ്ഠാന ഗ്രാമീണ ഉത്സവങ്ങളുടേത് കൂടിയാണ്. കാറ്റിന് തോര പായസം വിളമ്പുക പുതു തലമുറയ്‌ക്ക് മുന്നില്‍ പുതുമയുള്ളതാണെങ്കിലും ഇന്നും പഴയ ആചാരം അതുപോലെ തന്നെ കാത്തു സൂക്ഷിക്കുന്ന പഴമക്കാര്‍ ഉള്ളതുകൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും തനിമ ചോരാതെ നിലനില്‍ക്കുന്നു.
എല്ലാ വര്‍ഷവും മകരം 28 നാണ് ഈ ചടങ്ങ് വടക്കേ മലബാറില്‍ നടത്താറുള്ളത്. ഈ ദിവസം വീടുകളില്‍ മുറ്റമടിക്കാനും അലക്കാനും നമ്മുടെ അമ്മന്മാരും സഹോദരിമാരും തയ്യാറല്ല. ഐതിഹ്യങ്ങള്‍ പലതാണെങ്കിലും നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞു കൊടുത്ത അനുഷ്ഠാനം അതുപോലെ തന്നെ മാറ്റം വരുത്താതെ ആചരിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇന്നും കാണുവാന്‍ കഴിയും. മകരമാസം 28 ഏര്‍പ്പ് ഉത്സവമായും അറിയപ്പെടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണമായ ഈ ഗ്രാമീണ ആഘോഷം, പോയകാലത്തെ ചടങ്ങുകളില്‍ പ്രാധാന്യമേറിയതാണ്.
നവധാന്യങ്ങളില്‍പ്പെട്ട തുവര, പയര്‍, കടല എന്നിവയില്‍ ഏതെങ്കിലുമൊരു ധാന്യം ചേര്‍ത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയില്‍ ചിലയിടങ്ങളില്‍ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിന്റെ ഉത്തമ മാതൃകകള്‍ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിനത്തില്‍ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പഴയകാലത്ത് ഈ ദിനത്തില്‍ ആയുധങ്ങള്‍പോലും ഭൂമിയില്‍ ഇറക്കിയിരുന്നില്ല. വിളവെടുപ്പു കഴിഞ്ഞ് ധാന്യങ്ങള്‍ പത്തായപ്പുരകളിലെത്തിച്ച ശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്‌ക്കും മുന്‍പു ഏര്‍പ്പ് ദിനത്തില്‍ ഭൂമിയെ മനുഷ്യന്‍ മധുരം നല്‍കി ആദരിക്കുന്നത്.
കീഴ്മാല, എരഞ്ഞിക്കല്‍ ചാമുണ്ഡേശ്വരി, മുണ്ഡ്യക്കാവ്, പയ്യന്നൂര്‍ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂര്‍ത്തി മുണ്ഡ്യക്കാവ്, പൊതാവൂര്‍ തറവാട് എന്നിവിടങ്ങളില്‍ ഇപ്പോഴും ഈ ദിനത്തില്‍ കളിയാട്ടങ്ങള്‍ നടക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക