Categories: Kerala

കുട്ടനാടിന്റെ തെളിമയാര്‍ന്ന മുഖം നഷ്ടപ്പെടുന്നു; കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1000ത്തിന് മുകളിൽ,വേമ്പനാട് കായലിനെ കൊല്ലുന്നതാരാണ് ?

കോട്ടയം: വേമ്പനാട് കായലിനെ കൊല്ലുന്നതാരാണ്. ഓരോ ദിനവും പിന്നിടുമ്പോള്‍ മാലിന്യം കുമിഞ്ഞ് കൂടി വേമ്പനാട്ട് കായലിന്റെ സ്വാഭാവികത നഷ്ടപ്പെടുകയാണ്. കുട്ടനാടിന്റെ തെളിമയാര്‍ന്ന മുഖം നഷ്ടപ്പെടും വിധത്തിലാണ് മുമ്പെങ്ങും ഇല്ലാത്തപോലെ കായലില്‍ പുളിരസവും ലവണവും വര്‍ദ്ധിച്ചിരിക്കുന്നത്. കുട്ടനാട് കായല്‍-കൃഷി ഗവേഷണകേന്ദ്രത്തിന്റെ പുതിയ പഠനത്തില്‍ ഇത് കണ്ടെത്തിയിരുന്നു.  

ലവണത്വ അളവ്-0-23.1 പിപിടി, ഫോസ്ഫേറ്റ-0.04-15.4 എംജി,ലിറ്റര്‍, നൈട്രേറ്റ്-0-7.12 എംജി, ലിറ്റര്‍, പിഎച്ച്-5-8.5, പ്രാണവായു-0-08-12.4 എംജി, ലിറ്റര്‍, ട്രാന്‍സ്പെരന്‍സി-0.3-80 സെന്റിമീറ്റര്‍, മണ്ണിലെ ജൈവ കാര്‍ബണ്‍-0-9 ശതമാനം എന്നിവയാണ് കായലിലെ മാലിന്യത്തിന്റെ കണക്ക്. കായലില്‍ വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ കടലില്‍ നിന്ന് ഉപ്പുവെള്ളം കൂടുതലായി കയറുന്നുണ്ട്.  

വേമ്പനാട് കായലില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1000ത്തിന് മുകളിലാണ് ഇപ്പോള്‍. ഇത് 100ല്‍ കൂടുതല്‍ ഉയരാന്‍ പാടില്ലാത്തതാണ്.  

മലിനമായ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്കു ദേഹത്ത് ചൊറിച്ചിലും കണ്ണിനു നീറ്റലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വൈക്കം മുതല്‍ തൃക്കുന്നപ്പുഴവരെയുള്ള ജലത്തിലാണ് പഠനം നടത്തിയത്. മാലിന്യം മൂലം കായലിലെ മത്സ്യസമ്പത്ത് നശിക്കുന്നതായും, കായലിന്റെ വിസ്തൃതിയും ആഴവും കുറയുന്നതായും കണ്ടെത്തി. മാത്രമല്ല കായല്‍ മലിനമാകാന്‍ വേറെ കാരണങ്ങളുമുണ്ട്. കീടനാശിനികള്‍ കലര്‍ന്ന് ജലം മലിനമാകുന്നതായും, പോളയും മറ്റും ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  

കാലാവസ്ഥ വ്യതിയാനമാണ് വേമ്പനാട് കായല്‍ മലിനമാകുന്നതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടനാടിന്റെ വടക്ക് ഭാഗത്താണ് മലിനീകരണം കൂടുതല്‍. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ച് തോടുകളിലെ ഒഴുക്ക് നിലച്ചതോടെ പോള ശല്യവും തുടങ്ങി.  

കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളില്‍ പോള കയറി നിറയാന്‍ തുടങ്ങി. പോള നിറയുന്നത് ജലഗതാഗതത്തിനും തടസമാണ്. ഇത് മുഹമ്മ-കുമരകം, മുഹമ്മ-ആലപ്പുഴ ബോട്ട് സര്‍വീസിനെയും ബാധിക്കും.  

കായലില്‍ ഉപ്പ്, പുളിരസം വര്‍ദ്ധിക്കുന്നതിനാല്‍ കക്ക, കൊഞ്ച് എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നുണ്ട്. ഖരലോഹങ്ങള്‍ ലയിച്ച് ചേരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് കാന്‍സര്‍ രോഗം വരാന്‍ സാദ്ധ്യതയേറയാണെന്ന് ചൂണ്ടിക്കാണിക്കപ്പൈടുന്നു.

വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന് അനുയോജ്യമായ ബൃഹത്പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ടില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമായ വേമ്പനാട് കായലിന്റെ നിലനില്‍പ്പ് തന്നെ അപകടകരമാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു.   

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക